ഈ ബ്ലൂ ടീ കുടിച്ചിട്ടുണ്ടോ? അറിയാമോ അതിന്റെ ആരോഗ്യ ഗുണങ്ങള്‍

വിജയശ്രീ
Posted on October 14, 2019, 4:14 pm

മലയാളിയ്ക്ക് ചായ ഇല്ലാത്ത ഒരു ദിവസം ഉണ്ടാകില്ല. മൂന്നും നാലും ചായ കുടിക്കുന്നുവരുണ്ട്. കുറഞ്ഞത് രാവിലെ എങ്കിലും ഒരു ചായ മസ്റ്റാണ്. ഗ്രീന്‍ ടീ, ബ്ലാക്ക് ടീ, മസാല ടീ അങ്ങനെ പലതരം ചായകള്‍ നമ്മള്‍ രുചിച്ചിട്ടുണ്ടാകും. എന്നാല്‍ ‘ബ്ലൂ ടീ’ കുടിക്കാന്‍ വഴിയില്ല. വിയറ്റ്‌നാം, ബാലി, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നതാണ് ബ്ലൂ ടീ. നമ്മുടെ നാട്ടിലും വീട്ടിലും ഒക്കെ സുലഭമായി കാണുന്ന ശംഖുപുഷ്പം എന്ന ചെടിയെ എല്ലാവര്‍ക്കും അറിയാമല്ലോ? ഈ പുഷ്പം ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ബ്ലൂ ടീ.

‘ക്ലിറ്റോറിയ ടെര്‍ണാടീ’ അഥവാ ശംഖുപുഷ്പം, ബ്ലൂ പീ’ പൂക്കള്‍ എന്നും ‘ബട്ടര്‍ഫ്‌ളൈ’ പൂക്കള്‍ എന്നുമൊക്കെ അറിയപ്പെടുന്ന ഈ പുഷ്പങ്ങള്‍ ആരോഗ്യത്തില്‍ മുന്‍പ്പന്തിയിലാണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ബ്ലൂ ടീ ആകട്ടെ ഒരു പോലെ രുചിയും ഗുണവും നല്‍കുന്നു.

അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും കഴിവുള്ള ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ബ്ലു ടീയില്‍ അടങ്ങിയിട്ടുണ്ട്. മുടിയ്ക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് ഉത്തമമാണ്. പതിവായി ബ്ലൂ ടീ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും വിഷാദരോഗത്തെ ചെറുക്കുന്നതിനും സഹായിക്കും.
ബ്ലൂ ടീ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബ്ലൂടീ ചേര്‍ക്കുക. മൂന്നു മിനിറ്റ് ചായപ്പൊടി വെള്ളത്തില്‍ കുതിര്‍ത്തിടുക. അതിനു ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. മണ്‍ പാത്രത്തില്‍ ബ്ലൂടീ കുടിക്കുന്നതാണ് നല്ലത്. ഇത് ബ്ലൂടീയുടെ സ്വാദ് ചോര്‍ന്നു പോകാതെ പകര്‍ന്നു തരും.