രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായത് കോണ്‍ഗ്രസ്സ് രണ്ടാം യുപിഎ കാലത്തിലേക്ക് മടങ്ങിയെന്നതിന്‍റെ തെളിവ്

Web Desk
Posted on April 01, 2019, 5:48 pm

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം വെറുത്ത രണ്ടാം യുപിഎ സര്‍ക്കാറിന്റെ രാഷ്ട്രീയ‑സാമ്പത്തിക നയങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെ പാതയിലാണ് കോണ്‍ഗ്രസ്സ് എന്ന് സി പി ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ രാഹുല്‍ തയ്യാറായത് കോണ്‍ഗ്രസ്സ് രണ്ടാം യുപിഎ കാലത്തിലേക്ക് മടങ്ങിയെന്നതിന്റെ തെളിവാണ്.

ഇടതുപക്ഷം പിന്‍തുണച്ചിരുന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നപ്പോള്‍ രണ്ടാം യുപിഎ ദയനീയ പരാജയമായിരുന്നു. അഴിമതിയില്‍ മുങ്ങികുളിച്ച രണ്ടാം യുപിഎ യാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്ത് ബി ജെ പി ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയത്. അതേ അവസ്ഥ തന്നെയാണ് ഇടതുപക്ഷത്തിനെതിരെ മത്സരിച്ചു കൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും സംജാതമാക്കാന്‍ ശ്രമിക്കുന്നത്. ഗാന്ധി-നെഹ്‌റു പാരമ്പര്യത്തോട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍ ഇടതുപക്ഷത്തോടുള്ള മത്സരത്തിന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മുതിരല്ലായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഹിന്ദത്വവാദികളുമായി ചങ്ങാത്തം പുലര്‍ത്തുന്ന കോണ്‍ഗ്രസ്സിന് ബി ജെ പി ഒരിക്കലും മുഖ്യശത്രുവാകുന്നില്ല.

ഇടതുപക്ഷത്തേയാണ് അവര്‍ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ്സ് ആ ദൗത്യം ബിജെപി ക്കൊപ്പം ചേര്‍ന്ന് ഏറ്റെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഒളിച്ചോട്ട രാഷ്ട്രീയം വയനാട്ടിലെ ജനം മനസ്സിലാക്കുമെന്നും ശക്തമായ മറുപടി നല്‍കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടതുപക്ഷത്തിന്‍റെ പ്രധാന എതിരാളി ബിജെപി ആയതിനാല്‍ അവര്‍ക്കെതിരായി അമേഠിയില്‍ വോട്ട് ചെയ്യും.

ഇടതുപക്ഷത്തിന് വ്യക്തമായ നിലപാടുണ്ട്. അത് കോണ്‍ഗ്രസ്സിന്റേതുപോലെ അഴകൊഴമ്പനല്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാട് സുവ്യക്തമാണ്. അത് രാജ്യത്തെവിടെയായാലും ഒന്നുതന്നെ. എന്നാല്‍ കോണ്‍ഗ്രസ്സിന് ഇത്തരമൊരു രാഷ്ട്രീയനയമില്ല. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ഒളിച്ചോടിയതെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിരിക്കുന്നു. പ്രശ്‌നത്തെ വര്‍ഗ്ഗീയമാക്കാന്‍ ശ്രമം തുടങ്ങിയെന്ന് ചുരുക്കം. ഇതിന് മറുപടിപറയാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല. രാഹുല്‍ രാഷ്ട്രീയത്തെ ഇത്രലളിതമായി കാണരുതായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അമേഠിയുടെ ഒരു പതിപ്പാക്കി വയനാടിനെ മാറ്റാന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.