യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍ നിന്നും ബേണി സാന്റേഴ്സ് പിന്മാറി. സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍ അണിനിരന്ന നിരവധി പേരില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനു പുറമെ അവശേഷിച്ചിരുന്നത് സാന്റേഴ്സ് മാത്രമായിരുന്നു. പ്രൈമറി മത്സരത്തില്‍ തുടക്കത്തില്‍ മുന്‍കൈ നേടിയ സാന്റേഴ്സ് സൗത്ത് കരോളീന പ്രൈമറിയോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതുവരെ നടന്ന പ്രൈമറികളില്‍ ബൈഡന് 1,200 ലധികം പ്രതിനിധികളെ നേടിയെങ്കില്‍ സാന്റേഴ്സിന് 900 ത്തില്പരം പ്രതിനിധികളെയേ ലഭിച്ചുള്ളു.
ഡമോക്രാറ്റിക് ദേശീയ കണ്‍വന്‍ഷനില്‍ പാര്‍ട്ടിയുടെ നിലപാട് നിര്‍ണ്ണയിക്കുന്ന പ്ലാറ്റ്ഫോം കമ്മിറ്റിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ആകെയുള്ള 3,981 പ്രതിനിധികളില്‍ മൂന്നിലൊന്നിന്റെ പ്രാതിനിധ്യം ഉറപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സാന്റേഴ്സിന്റെ പിന്മാറ്റം. ഔദ്യോഗികമായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിയെങ്കിലും സാന്റേഴ്സ് ബാലറ്റില്‍ തുടരും. ഇനിനടക്കാനുള്ള പ്രൈമറികളില്‍ കൂടുതല്‍ പ്രതിനിധികളെ നേടാനും അതുവഴി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്താനുമാവുമെന്ന കണക്കുകൂട്ടലിലാണ് സാന്റേഴ്സ് പക്ഷം. 2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് പുറത്തു നിന്നും സ്വതന്ത്ര സെനറ്റായ സാന്റേഴ്സ് രംഗപ്രവേശം ചെയ്തത് യു എസ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ വഴിത്തിരിവാണ് സൃഷ്ടിച്ചത്.
സ്വയം പ്രഖ്യാപിത ഡമോക്രാറ്റിക് സോഷ്യലിസ്റ്റായ ബേണി സാന്റേഴ്സ് നാളിതുവരെ യുഎസ് മുഖ്യധാര രാഷ്ട്രീയത്തില്‍ നിഷിദ്ധമായി കരുതപ്പെട്ടിരുന്ന പുരോഗമന ആശയങ്ങള്‍ക്കുപിന്നില്‍ യുവാക്കളടക്കം വലിയൊരു ജനവിഭാഗത്തെ അണിനിരത്തുന്നതില്‍ വിജയിച്ചു. വാള്‍സ്ട്രീറ്റും കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റികളും നിയന്ത്രിക്കുന്ന യു എസ് രാഷ്ട്രീയത്തില്‍ സാമാന്യ ജനങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനം നേടിക്കൊടുക്കുന്നതില്‍ സാന്റേഴ്സ് സുപ്രധാന പങ്കാണ് വഹിച്ചത്. മത്സരരംഗത്തുനിന്നും പിന്മാറിയ സാന്റേഴ്സ് ജോ ബൈഡന് സമ്പൂര്‍ണ പിന്തുണ നല്‍കും. ഡൊണാള്‍ഡ് ട്രംപിനെ യുഎസ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പ്രസിഡന്റ് എന്നു വിശേഷിപ്പിച്ച സാന്റേഴ്സ് ട്രംപിനെ പരാജയപ്പെടുത്താന്‍ ബൈഡനുമായി കൈകോര്‍ക്കും. കോര്‍പ്പറേറ്റ് നിയന്ത്രിത യുഎസ് രാഷ്ട്രീയത്തില്‍ നിന്നും ഏറെ അകന്നുപോയ യുവാക്കളടക്കം വലിയൊരു ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് ആകര്‍ഷിക്കാനും അവരെ ഊര്‍ജ്ജസ്വലരാക്കി മാറ്റാനും കഴിഞ്ഞതാണ് സാന്റേഴ്സ് അമേരിക്കന്‍ രാഷ്ട്രീയത്തിന് നല്കിയ ഏറ്റവും വലിയ സംഭാവന.
യുഎസ് രാഷ്ട്രീയത്തില്‍ ഭ്രഷ്ട് കല്പിച്ചിരുന്ന സോഷ്യലിസം എന്ന വാക്കിനും അതില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ക്കും പൊതു സ്വീകാര്യത നേടിയെടുക്കുന്നതില്‍ സാന്റേഴ്സ് നിസ്തുലമായ പങ്കാണ് നിര്‍വഹിച്ചത്. യു എസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസില്‍, മുന്‍പ് അസാധ്യമെന്ന് കരുതിയിരുന്ന, പുരോഗമന വാദികളായ നിരവധിപേരെ വിജയിപ്പിച്ചെടുക്കുന്നതില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ സാന്റേഴ്സ് നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായി. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യാഥാസ്ഥിതിക നേതൃത്വത്തിന് സാന്റേഴ്സ് തെല്ലും സ്വീകാര്യനായിരുന്നില്ല. ഡമോക്രാറ്റിക് പാര്‍ട്ടി യാഥാസ്ഥിതിക നേതൃത്വത്തിന് കീഴില്‍ റിപ്പബ്ലിക്കന്മാരില് നിന്നും ഒട്ടും വിഭിന്നരല്ലെന്ന് തുറന്നു കാണിക്കാനും രണ്ട് തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ സാന്റേഴ്സിന് കഴിഞ്ഞു. വാള്‍സ്ട്രീറ്റിന്റെയും കോര്‍പ്പറേറ്റ് പിഎസികളുടെയും പിന്തുണ കൂടാതെ ജനങ്ങളില്‍ നിന്ന് ചെറു തുകകളായി തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. സാന്റേഴ്സിന്റെ പിന്മാറ്റം ഏറ്റവുമധികം ആഹ്ലാദിപ്പിക്കുന്നത് വാള്സ്ട്രീറ്റിനെയാണെന്ന് ഓഹരി വിപണിയിലെ കഴിഞ്ഞ ദിവസത്തെ കുതിച്ചുകയറ്റം തെളിയിക്കുന്നു. സാന്റേഴ്സ് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടിയുള്ള മത്സരത്തിലൂടെ ഒരു ആശയ സമരത്തിനാണ് തുടക്കം കുറിച്ചത്. സാന്റേഴ്സിന്റെ പ്രചാരണം മുന്നോട്ടുവച്ച ആശയങ്ങള്‍ യുഎസിലെ രാഷ്ട്രീയ രംഗത്തും പൊതുജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊറോണാ മഹാമാരി താണ്ഡവനൃത്തം തുടരുന്ന യുഎസില്‍ സ്വകാര്യ ആരോഗ്യ പരിരക്ഷാ സംവിധാനത്തിനു പകരം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സമഗ്ര ആരോഗ്യ പദ്ധതി നിര്‍ദ്ദേശത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ക്കുവേണ്ടിയുള്ള ഭരണസംവിധാനത്തെ നിശിതവിമര്‍ശനത്തിനു വിധേയമാക്കാന്‍ സാന്റേഴ്സിനു കഴിഞ്ഞു. മണിക്കൂറില്‍ 15 ഡോളര്‍ മിനിമം വേതനം, ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും നിലനില്‍ക്കാവുന്ന ഇന്ധന സ്രോതസ്, സൗജന്യ വിദ്യാഭ്യാസം തുടങ്ങി സാന്റേഴ്സ് മുന്നോട്ടുവച്ച ആശയങ്ങള്‍ അവഗണിക്കാനാവാത്തവിധം യു എസ് രാഷ്ട്രീയ വ്യവഹാരത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. സാന്റേഴ്സിന്റെ പിന്മാറ്റം പുരോഗമന ആശയങ്ങളെ യുഎസ് രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.