ലോകകപ്പിന്റെ മികച്ചതാരം: ഹസാര്‍ഡും മോഡ്രിച്ചും ഗ്രീസ്മാനും മുന്‍നിരയില്‍

മോസ്കോ: അട്ടിമറികളുടെ റഷ്യന്‍ ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍ മാത്രം. കിരീടം യൂറോപ്പിലേക്ക് തന്നെ പോകുമെന്നും ഉറപ്പായി. ലോകകപ്പിന് കൊടിയിറങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ ആരാകും ലോകകപ്പിന്റെ താരമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ബെല്‍ജിയം നായകന് ഈഡന് ഹസാര്‍ഡ്, ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ച് എന്നിവരുടെ പേരുകള്‍ക്കാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. രണ്ട് ഗോള്‍ നേടിയ ഹസാര്‍ഡ് രണ്ടെണ്ണത്തിന് വഴിയുമൊരുക്കി. മോഡ്രിച്ച് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണത്തിന് വഴിയൊരുക്കി. ഇതിനുപുറമേ പാസുകളുടെ കൃത്യത, ടാക്കിളുകള്‍ എന്നിവയിലും മികച്ച പ്രകടനം മോഡ്രിച്ച് കാഴ്ചവെച്ചപ്പോള്‍. ഡ്രിബ്ലിങ്ങിലായിരുന്നു ഹസാര്‍ഡിന്റെ മികവ്.
ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാനും പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് ഗ്രീസ്മാന് നേടിയത്. ഒരു ഗോളിന് വഴിയുമൊരുക്കി. നാല് ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റൊമലു ലുക്കാക്കുവും മുന്‍പന്തിയിലുണ്ട്. ഇവര്‍ക്ക് പുറമെ, ബെല്‍ജിയത്തിന്റെ തന്നെ കെവിന് ഡിബ്രുയന്, റഷ്യയുടെ അലക്സാണ്ടര്‍ ഗോളോവിന്, ഡെനിസ് ചെറിഷേവ് തുടങ്ങിയവരും മികച്ച താരത്തിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്.
ലോകകപ്പിലെ മികച്ച പ്രകടനവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുന്നതും കണക്കിലെടുത്ത് ഈഡന് ഹസാര്ഡിനായി സ്പാനിഷ് ക്ലബ് നീക്കം ശക്തമാക്കിയിട്ടുണ്ട്. 2010 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ജര്‍മ്മന്‍ താരം ഓസിലിനെയും 2014 ല്‍ ടോപ്സ്കോററായിരുന്ന ജെയിംസ് റോഡ്രിഗസിനെയും റയല്‍ സ്വന്തമാക്കിയിരുന്നു. ഹസാര്‍ഡിനെ എത്തിച്ച് ക്രിസ്റ്റ്യാനോയുടെ അഭാവം നികത്താനാണ് ക്ലബിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ചെല്‍സിയുടെ താരമാണ് ഈ ബെല്‍ജിയംകാരന്‍. കഴിഞ്ഞ സീസണുകളില്‍ ചെല്‍സി മോശം പ്രകടനങ്ങളായിരുന്നു കാഴ്ച വച്ചത്. ചെല്‍സി കോച്ച് ആന്റണിയോ കോന്റെയുമായി ടീം താരങ്ങള്‍ കടുത്ത വിയോജിപ്പ് കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടീം മാറ്റത്തിനായി ഹസാര്‍ഡ് ആഗ്രഹിക്കുന്നുണ്ടെന്ന് ഹസാര്‍ഡ് പറഞ്ഞിരുന്നു.