8 December 2024, Sunday
KSFE Galaxy Chits Banner 2

‘ബെറ്റ് വച്ചോളൂ,ഞാൻ ജയിക്കും’ ; വിജയപ്രതീക്ഷയോടെ ഡോ. പി സരിൻ

ജി ബാബുരാജ്
October 29, 2024 4:30 am

“വേണമെങ്കിൽ ബെറ്റ് വച്ചോളൂ, ഞാൻ ജയിക്കും” എന്നൊരു സ്ഥാനാർത്ഥി പറയുമ്പോൾ അറിയാം ആത്മവിശ്വാസത്തിന്റെ ആഴം. അത്രയ്ക്കും തീവ്രമായ പ്രതീക്ഷയിലാണ് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ പ്രചാരണത്തിന്റെ പത്താം നാൾ പിന്നിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇനിയുള്ള രണ്ടാഴ്ച കൊണ്ട് വിജയം കെെക്കുമ്പിളിലാക്കാം എന്ന ഉറച്ച വിശ്വാസത്തിൽ സരിൻ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടും വികസന സങ്കല്പവും പങ്കുവയ്ക്കുന്നു. 

വലിയ ആത്മവിശ്വാസത്തിലാണല്ലോ. എന്താണ് വിജയപ്രതീക്ഷയുടെ പിൻബലം? 
ജനങ്ങളുടെ ആത്മവിശ്വാസമാണല്ലോ അളക്കേണ്ടത്. അതവർ ഏവർക്കും മനസിലാവുംവിധം പ്രകടിപ്പിക്കുന്നത് പ്രചാരണത്തിലുടനീളം ഞാൻ കാണുന്നു. ഇടതുമുന്നണിക്ക് വലിയൊരു വിജയം സമ്മാനിക്കാൻ അവർ ഒരുങ്ങിയിരിക്കുകയാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും പൊള്ളയായ രാഷ്ട്രീയം ജനം മനസിലാക്കുന്നുണ്ട്. വർഗീയത വിതയ്ക്കുന്ന ബിജെപി ഇവിടെ പരാജയപ്പെടണമെങ്കിൽ ഇടതുപക്ഷം ജയിക്കണമെന്ന് ജനത്തിന് ബോധ്യമുണ്ട്. നല്ല വിജയപ്രതീക്ഷയിലാണ് ഞാനും സഖാക്കളും. 

കോൺഗ്രസിൽ നിന്ന് ഒരാൾ പെട്ടെന്നു രാജിവച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി എന്ന നിലയിലൊക്കെ എതിർപക്ഷം പ്രചരിപ്പിച്ചിരുന്നല്ലോ.…?
അതിലൊന്നും ഒരർത്ഥവുമില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നില്ലായിരുന്നെങ്കിലും എനിക്ക് കോൺഗ്രസ് വിടേണ്ടിവരുമായിരുന്നു. അതിനകത്തെ ആഭ്യന്തര കാര്യങ്ങൾ അത്രമാത്രം മലീമസമാണ്. അവിടെ ജനാധിപത്യവുമില്ല, മതേതരത്വവുമില്ല. വടകരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാവരും അത് കണ്ടതാണല്ലോ. മൂന്നുപേരടങ്ങുന്ന ‘ട്രസ്റ്റാ‘ണ് കോൺഗ്രസിൽ എല്ലാം തീരുമാനിക്കുന്നത്. സംഘടനയ്ക്കുവേണ്ടി അധ്വാനിക്കുന്നവർക്ക് ഒരു വിലയുമില്ല. മൂന്നംഗ സംഘത്തിന് മുഖസ്തുതി പാടുന്നവർ എല്ലാം വീതിച്ചെടുക്കും. അതാണ് അവിടുത്തെ രീതി.
എട്ടര വർഷത്തോളം കോൺഗ്രസിൽ ഇതെല്ലാം കണ്ടുംകേട്ടും നിന്നതല്ലേ. എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് ?
പ്രതികരണങ്ങൾക്ക് കാതോർക്കാൻ പോലും അവിടെ സംഘടനാ സംവിധാനമില്ല. ഈ ഏകാധിപത്യ രീതിക്ക് വഴങ്ങിയാണ് ഒരു പരിധിവരെ ഘടകകക്ഷികളും നീങ്ങുന്നത്. അവരും നിസഹായരാണ്. അധികാരത്തിൽ നിൽക്കുന്നവർ നടത്തുന്ന വിലപേശൽരാഷ്ട്രീയത്തിൽ മനംമടുത്തു കഴിയുന്നവരാണ് കോൺഗ്രസ് അണികളിൽ ഭൂരിഭാഗവും. 

കോൺഗ്രസ് നേതൃത്വം വലിയ പദവികൾ സമ്മാനിച്ചില്ലെന്നുള്ള പരിഭവമുണ്ടോ…?
ഒരിക്കലുമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്വല വിജയം നൽകിയതിൽ കോൺഗ്രസ് സോഷ്യൽ മീഡിയ സെല്ലിന് നല്ല പങ്കുണ്ട്. ആ സെല്ലിന്റെ കൺവീനറായിരുന്നല്ലോ ഞാൻ. നല്ലാെരു ടീമും എനിക്കുണ്ടായിരുന്നു. കഴിവുള്ളവരെ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിനാവുന്നില്ല. കുതികാൽവെട്ടും വെട്ടിപ്പിടിക്കലും മാത്രമാണ് അവരുടെ ചിന്ത. 

എൽഡിഎഫിലേക്ക് പോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം ഉണ്ടായില്ലേ…?
കെ സുധാകരനും വി ഡി സതീശനുമടക്കമുള്ളവർ വിളിച്ചിരുന്നു. ഞാൻ എല്ലാവരോടും ‘നോ’ പറഞ്ഞു. പിന്നീട് സൗഹൃദ വിളികൾ പോലുമില്ല. ഉറച്ച കമ്മ്യൂണിസ്റ്റ് ആകണമെന്ന ചിന്തയിലൂടെയാണ് മനസ് സഞ്ചരിക്കുന്നത്. അപ്പോൾ മറിച്ചുള്ള ആലോചനകൾക്ക് എന്തു പ്രസക്തി.
പി വി അൻവർ പിണങ്ങിപ്പോയതുമായി കൂട്ടിച്ചേർത്തും താങ്കളുടെ പേര് ചാനൽ ചർച്ചകളില്‍ പരാമർശിച്ചിരുന്നു…?
ആ താരതമ്യപ്പെടുത്തലേ ശരിയല്ല. അദ്ദേഹത്തിന്റെ പിണക്കത്തിനു പിന്നിൽ ഒരു പൊളിറ്റിക്സും ഉണ്ടായിരുന്നില്ല. പൊളിറ്റിക്കലായി നല്ല ബോധ്യം നേടിയ ശേഷമാണ് ഞാൻ എൽഡിഎഫിൽ ചേർന്നത്. ഇനി മറ്റൊരു ബോധ്യം വരാനില്ല. അത്തരം ബോധക്കേട് സരിന് വരികയുമില്ല. ഞാൻ സിപിഐഎമ്മിനെയും എൽഡിഎഫിനെയും അത്രമാത്രം ഉൾക്കാെണ്ടു കഴിഞ്ഞു. 

സിവിൽ സർവീസ് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയതിൽ ദുഃഖിക്കുന്നുണ്ടോ ?
ഒരുപാട് ആലോചിച്ചാണ് ആ തീരുമാനമെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് കഴിഞ്ഞ് കൊയിലാണ്ടിയിലെ നന്ദീസ് സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിക്കവെയാണ് സിവിൽ സർവീസ് സെലക്ഷൻ ലഭിച്ചത്. രാജിയെക്കുറിച്ച് ചിന്തിച്ചപ്പോൾ വേണോ വേണ്ടയോ എന്ന് പലവട്ടം സ്വയം ചോദിച്ചു. ഒടുവിൽ പൊതുജന സേവനത്തിന് മറ്റെന്തു പദവിയെക്കാളും മികച്ചത് ഇതാണെന്ന് തിരിച്ചറിഞ്ഞാണ് ഈ മാർഗം സ്വീകരിച്ചത്.
അപ്പോഴും കോൺഗ്രസ് കുടുംബപാരമ്പര്യമൊന്നും എനിക്കില്ലായിരുന്നു. പ്രവാസിയായിരുന്ന അച്ഛൻ എം രാമകൃഷ്ണനും പഴമ്പാലക്കോട് സ്കൂളിലെ അധ്യാപികയായിരുന്ന അമ്മ പി ഗീതയും പ്രത്യേക രാഷ്ട്രീയമൊന്നും ഉള്ളവരായിരുന്നില്ല. മകൻ ഉദ്യോഗം രാജിവയ്ക്കുന്നതിനോട് അവർക്ക് യോജിപ്പുണ്ടായിരുന്നില്ല. 

ജയിച്ചാൽ ഉത്തരവാദിത്തം കൂടുമല്ലോ. എന്താണ് വികസനസ്വപ്നം? 
സിവിൽ സർവീസിലെയും രാഷ്ട്രീയ പ്രവർത്തനത്തിലെയും അനുഭവങ്ങൾ നിരവധിയാണ്. നാടിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി മികച്ച രീതിയിൽ അത് പ്രയോജനപ്പെടുത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.