Janayugom Online
beti-bachao

ബേഠി ബച്ചാവോ എന്നത് പരസ്യംമാത്രം; സ്ത്രീപീഡനങ്ങള്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

Web Desk
Posted on February 12, 2019, 10:35 am

ഫരീദാബാദ്: സ്ത്രീ സുരക്ഷയും സ്ത്രീ സമത്വവും കൊട്ടിഘോഷിക്കുമ്പോഴും മോഡി സര്‍ക്കാര്‍ ഭരണത്തിനു കീഴില്‍ രാജ്യത്ത് നടക്കുന്നത് കൊടുംക്രൂരതകള്‍. ‘ബേഠി ബചാവോ ബേഠി പഠാവോ’ വെറും പരസ്യവാചകവും പ്രഹസനവുമാകുന്ന അവസ്ഥാ വിശേഷമാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്.
വാടക വധു അഥവാ ‘പാരോ’ എന്ന കേട്ടുകേള്‍വിയില്ലാത്ത ഒരു സംവിധാനം സൃഷ്ടിച്ച് അതിന്റെ മറവില്‍ പെണ്‍കുട്ടികളെ മൃഗതുല്ല്യമായ ജീവിതത്തിലേക്ക് തള്ളിവിടുന്ന ദാരുണ കൃത്യങ്ങള്‍ അരങ്ങേറുന്നതും കേന്ദ്രസര്‍ക്കാരിന്റെ മൂക്കിന് താഴെയാണ്.

ഹരിയാനയിലെ സ്ത്രീ ‑പുരുഷാനുപാതം പരിശോധിച്ചാല്‍തന്നെ രാജ്യം കടന്നുപൊയിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ ഏകദേശരൂപം മനസിലാക്കാന്‍ സാധിക്കുന്നതാണ്. 1,000 പുരുഷന് 879 സ്ത്രീ എന്ന നിലയിലാണ് 2011ലെ ഹരിയാനയിലെ ജനസംഖ്യാനിരക്ക്. ദേശീയ ശരാശരിയെക്കാള്‍ വളരെ താഴ്ന്ന അവസ്ഥയിലാണിത്. ഈ അവസ്ഥയിലാണ് ‘വാടക വധു’ രംഗപ്രവേശം ചെയ്യുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹംകഴിച്ച് കൊണ്ടുവരുക എന്നുള്ളതാണ് ഈ സംവിധാനം. ഹരിയാനയിലെ സ്ത്രീ പുരുഷ അനുപാതത്തിന്റെ അനന്തരഫലമെന്നോണം നിരവധി പെണ്‍കുട്ടികളുടെ ജീവിതമാണ് ഇവിടെ ഇങ്ങനെ ചവിട്ടി അരയ്ക്കപ്പെട്ടിട്ടുള്ളത്.

ഹരിയാനയിലെ ഫരീദാബാദ് ജില്ലക്കാരിയായ ഒരു 17കാരിയുടെ അനുഭവം ഇങ്ങനെ: പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ച് വിനോദ് എന്ന യുവാവ് പരിചയത്തിലാവുന്നു. അതിന് ശേഷം ഒരു ദിവസം പെണ്‍കുട്ടിയെ പുറത്തുവച്ച് കാണണമെന്ന് ആവശ്യപ്പെടുകയും സൗഹൃദത്തിന്റെ പേരില്‍ അവിടെയെത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി ഓഫീസില്‍കൊണ്ടുപോകുകയും ചെയ്തു. ഒന്നരമാസത്തോളം ക്രൂരപീഡനത്തിന് പെണ്‍കുട്ടി അവിടെവച്ച് ഇരയായി. പെണ്‍കുട്ടിയെ നിര്‍ബന്ധിത വിവാഹം ചെയ്ത ഇയാള്‍ ഒന്നരലക്ഷം രൂപയ്ക്ക് ഹാലന്‍ എന്നയാള്‍ക്ക് അവളെ വിറ്റു. അവിടെയും കൊടും പീഡനങ്ങള്‍ക്കിരയായ അവളെ അയാള്‍ വീണ്ടും മറിച്ചു വിറ്റു. ഒന്നരലക്ഷം രൂപയ്ക്ക് ഹാലന്‍ ജാസ്ബിര്‍ എന്നയാളിന് കൈമാറി. അവിടെ ജാസ്ബിറും സഹോദരനും ചേര്‍ന്ന് അവളെ നിരന്തരം പീഡിപ്പിച്ചു. അവരുടെ അമ്മയുടെ ഒത്താശയോടെയായിരുന്നു ഈ പീഡനം’.

2018 ഓഗസ്റ്റ് 24ന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മൂന്നുമാസത്തിന് ശേഷമാണ് പിന്നെ കണ്ടെത്തുന്നത്. പെണ്‍കുട്ടി ഈ കാലഘട്ടത്തില്‍ അനുഭവിച്ച മാനസിക‑ശാരീരിക പീഡനങ്ങള്‍ അതീവ ദയനീയമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ 2016ലെ കണക്കുപ്രകാരം ഏറ്റവുമധികം കൂട്ടബലാത്സംഗം നടക്കുന്ന സംസ്ഥാനം ഹരിയാനയാണ്. രണ്ടു ദിവസത്തിനിടയില്‍ ഒരു കൂട്ട ബലാത്സംഗം ഇവിടെ നടക്കുന്നതാണ് റിപ്പോര്‍ട്ട് പറയുന്നു.നിര്‍ബന്ധിത വിവാഹം നിയമലംഘനമെന്നിരിക്കെയാണ് രാജ്യത്ത് ഇവ അരങ്ങേറുന്നത്.