Janayugom Online
cow

കാളകളെ വേണ്ട; പശുക്കളുടെ പ്രത്യുല്‍പ്പാദനത്തിലും കൈകടത്തി യുപി സര്‍ക്കാര്‍

Web Desk
Posted on December 04, 2018, 8:28 pm

ലക്‌നൗ: പശുക്കളുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നെട്ടോട്ടങ്ങള്‍ക്കിടെ അവയുടെ പ്രത്യുല്‍പ്പാദനത്തിലും കൈകടത്താനൊരുങ്ങി യു പി സര്‍ക്കാര്‍.
കന്നുകാലികളുടെ കശാപ്പ് നിരോധിച്ചതുമൂലം തെരുവില്‍ നിരവധി കന്നുകാലികള്‍ അലയുന്നതിനെതിരെയാണ് യുപി സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തെരുവില്‍ അലയുന്ന കാളക്കിടാങ്ങളെ ഒന്നും ചെയ്യാനാകാത്തത് പ്രശ്‌നമായതിനെത്തുടര്‍ന്ന് പശുക്കളുടെ പ്രത്യുല്‍പ്പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പശുക്കിടാങ്ങള്‍ മാത്രം ജനിക്കുന്ന തരത്തിലുളള ബീജം തെരഞ്ഞെടുത്ത് പശുക്കളില്‍ കുത്തി വയ്ക്കുകയാണ് ചെയ്യുന്നത്. പദ്ധതി 95ശതമാനം വരെ വിജയകരമായെന്നും ഇവര്‍ അവകാശപ്പെടുന്നു. ഇറ്റാവ, ലക്ഷ്മിപൂര്‍ഖേരി,ബാരാബങ്കി എന്നീ ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയത്. ‘സെക്‌സ് സോര്‍ട്ടഡ് സെമന്‍ സ്‌കീം’ എന്നാണ് പദ്ധതിയുടെ പേര്.
പദ്ധതി വിജയകരമായതോടെ 75 ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതി സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് കഴിഞ്ഞു. പരീക്ഷണ പദ്ധതിയില്‍ പിറന്ന 581 കിടാങ്ങളില്‍ 522 ഉം പശുക്കിടാങ്ങളായിരുന്നുവെന്ന് സംസ്ഥാന മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ശ്രീകാന്ത് ശര്‍മ പറഞ്ഞു. നാടന്‍ ഇനങ്ങളായ സഹിവാള്‍, ഗിര്‍, ഹരിയാന്‍വി, താര്‍പര്‍കര്‍, ഗംഗോത്രി എന്നിവയിലാണ് പരീക്ഷണം നടത്തിയത്. കന്നുകാലി വളര്‍ത്തുന്നവര്‍ ഇതിനായി 300 രൂപ നല്‍കണം. വരള്‍ച്ചബാധിത പ്രദേശമായ ബുന്ദേല്‍ഖണ്ഡില്‍ ഇത് നൂറ് രൂപയാണ്.