വരികള്‍ക്കിടയില്‍

Web Desk
Posted on December 03, 2017, 1:10 am

കൃഷ്ണ കേശവ്

വംശീയ ചേരിതിരിവിനും ഫാസിസത്തിനും മനുഷ്യകുലത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മഹാദുരന്തങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ടും, അതിനെതിരെ നാമെല്ലാം ഒന്നിച്ചണിനിരക്കേണ്ട ആവശ്യകതയെ അടിവരയിട്ടു സൂചിപ്പിച്ചുകൊണ്ടുമാണ് തലസ്ഥാനനഗരിയില്‍ അരങ്ങേറിയ ഭാരത് ഭവന്‍-കൃത്യ അന്താരാഷ്ട്ര കാവ്യമേളയുടെ പതിനൊന്നാമത് പതിപ്പിനു കൊടിയിറങ്ങിയത്.
വെറുപ്പിന്റേയും വിവേചനത്തിന്റേയും നാരുകള്‍ തീര്‍ത്ത ബന്ധനങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച്, നഷ്ടമായ മൂല്യങ്ങള്‍ തിരികെ പിടിക്കുവാനും സ്‌നേഹത്തിന്റേയും സാന്ത്വനത്തിന്റേയും വെളിച്ചം തെളിമയുള്ളതാക്കി സമൂഹത്തിനെ വഴികാട്ടാനും മേളയില്‍ പങ്കെടുത്ത കവികളും പ്രവര്‍ത്തകരും കവിതാ-പ്രേമികളും ആഹ്വാനം ചെയ്തു.
ഭാരത് ഭവനും കൃത്യയും റാസാ ഫൗണ്ടേഷനും ഒരുമിച്ച് സംഘടിപ്പിച്ച കാവ്യമേള 2017, സാക്ഷ്യം വഹിച്ചത് വിവിധ ഭൂഖണ്ഡങ്ങളില്‍ പെട്ട ഇരുപത്തിനാലു വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത കവികളുടെയും ചിന്തകളുടേയും സമന്വയത്തിനായിരുന്നു. മലയാളം ഗുജറാത്തി, ഉറുദു, പഞ്ചാബി, ഹിന്ദി, മറാത്തി എന്നീ ഇന്ത്യന്‍ ഭാഷകളിലും വിവിധ വിദേശഭാഷകളിലും അവതരിപ്പിച്ച കവിതകള്‍, അവയുടെ ആത്മാവ് നഷ്ടമാകാതെ മലയാളത്തിലക്കും ഇംഗ്‌ളീഷിലേക്കും നടത്തിയ വിവര്‍ത്തനങ്ങള്‍, ഇതൊക്കെ ഈ ആഘോഷത്തിലെ മികവിന്റെ മുദ്രകളായി.


കവി, വിമര്‍ശകന്‍, പരിഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന അശോക് ബാജ്‌പേയിയായിരുന്നു മേളയുടെ അദ്ധ്യക്ഷന്‍. പ്രധാനമായും ഹിന്ദി ഭാഷയില്‍ രചനകള്‍ നിര്‍വഹിക്കുന്ന അദ്ദേഹത്തിന്റെ കൃതികള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ ഈരടികള്‍ കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും വേദികളെ തീര്‍ത്തും അവിസ്മരണീയമാക്കിത്തീര്‍ത്ത തുര്‍ക്കി വിപ്‌ളവ കവി അതോല്‍ ബെഹൃ മൊഗ്‌ളു ആയിരുന്നു മേളയുടെ മുഖ്യാതിഥി. എഴുപതുകളിലെ ശീതയുദ്ധകാലത്തെ യുവത്വത്തിന്റെ ആകുലതകളും അഭിലാഷങ്ങളും കവിതകളിലൂടെ ആവിഷ്‌കരിച്ച കവിയും ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് അതോല്‍.


സ്ത്രീകളുടെ സാന്നിധ്യംകൊണ്ട് ചരിത്രത്തെ തൊട്ട മേളയായിരുന്നു അന്താരാഷ്ട്ര കാവ്യ മേള. അവരില്‍ പ്രഥമഗണനീയ, കവിയും എഴുത്തുകാരിയും പരിഭാഷകയുമായ ഡോറീസ് കരേവയായിരുന്നു. അവരുടെ കൃതികള്‍ ഇരുപതോളം ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്, പല രചനകളെയും ദൃശ്യവിഷ്‌കാരം ചെയ്തിട്ടുമുണ്ട്. സ്പാനിഷ് എഴുത്തുകാരിയും ദൃശ്യമാധ്യമ അവതാരികയുമായ യോളാണ്ടാ കസ്റ്റാണോ, സ്വീഡന്‍ സ്വദേശിനി ലീന എക്ഡല്‍, ഐറിഷ് കവയത്രി ലോണാ ഷോനെസ്സി തുടങ്ങിയവര്‍ ശ്രദ്ധേയരില്‍ ചിലരാണ്
യൂ ജിയാന്‍ (ചൈന), ഫ്രാന്‍ക് കൈസര്‍ (ബല്‍ജിയം), നോംഖുബുല്‍വാനെ (ദക്ഷിണാഫ്രിക്ക), മാര്‍ക് ഡിലു (ഫ്രാന്‍സ്), സെലാഹാട്ടിന്‍ യോല്‍ഗിഡന്‍ (തുര്‍ക്കി) എന്റിക് ആല്‍ബര്‍ട്ടോ സെര്‍വിന്‍ ഹരേര (മെക്‌സിക്കൊ), ഗിഹാന്‍ ഒമര്‍ (ഈജിപ്ത്) തുടങ്ങിയവര്‍ മേളയിലെ ശ്രദ്ധേയ സാന്നിധ്യമായി. കവിയും പത്രാധിപരുമായ കമല്‍ വോറ, സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ജയന്തി പാര്‍മര്‍, മറാത്തി-ഹിന്ദി കവി സരബ്ജീത് ഗാര്‍ച്ച എന്നിവര്‍ മേളയില്‍ പങ്കെടുത്ത ഇന്ത്യാക്കാരില്‍ ചിലരാണ്. മലയാളത്തില്‍ നിന്നും പ്രഭാ വര്‍മ്മ, ശ്രീകുമാരന്‍ തമ്പി, ഗിരീഷ് പുലിയൂര്‍, രാജന്‍ കൈലാസ്, സാവിത്രി രാജീവന്‍ എന്നീ പ്രമുഖര്‍ അവരുടെ സാന്നിദ്ധ്യാലാപനങ്ങള്‍ കൊണ്ടു മേളക്കു മിഴിവേകി.


മനസ്സിന്റെ വിമോചനം എന്ന ആശയവുമായി തടവുകാരെ കാണുവാനും അവരോടൊത്ത് സംവദിക്കുവാനും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ കവിമനസ്സുകളെ, അവിടത്തെ അന്തേവാസികള്‍ അവരുടെ തുറന്ന പങ്കാളിത്തം കൊണ്ട് കീഴടക്കുകയായിരുന്നു. ദിനരാത്രങ്ങള്‍ ഏകാന്തതയില്‍ തള്ളിനീക്കുന്ന തടവുകാരുടെ ആകാംക്ഷകളും ഉള്‍ക്കാഴ്ചകളും നേരിട്ടറിയാന്‍ സന്ദര്‍ശകര്‍ക്കും കഴിഞ്ഞു. ‘ജീലൃ്യേ ഠവലൃമു്യ’ അഥവാ കവിതാലാപനം മുഖേനയുള്ള രോഗചികിത്സ എന്ന നൂതന പ്രമേയവുമായി സായി ഗ്രാമത്തിലെത്തിയ മേള പ്രതിനിധികള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. മഹാകവി കുമാരനാശാനുള്ള ഉപചാര സമര്‍പ്പണത്തിന്റെ ഭാഗമായി കായിക്കരയിലും തോന്നക്കലും, കാവ്യ ഉത്സവം, ഭ്രമകല്പനയുടെ പാലായനം എന്നീ പ്രമേയങ്ങളുമായി കൗമാരമനസ്സുകളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ മാര്‍ ഇവാനിയോസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, എസ് എന്‍ കോളേജ് എന്നിവിടങ്ങളിലും പരിപാടികള്‍ അരങ്ങേറി.
ജര്‍മനിയില്‍ നിന്നുള്ള ഹെയ്ക് ഫീല്‍ഡര്‍ വിവരസാങ്കേതിക മേഖലയിലെ അതിനൂതന വിദ്യകള്‍ വിനിയോഗിച്ച് ഒരുക്കിയ ആനിമേഷന്‍ സംരംഭം കാവ്യാനുഭവത്തിന്റെ ദൃശ്യസാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതായി. ഭാരത് ഭവനിലെ വേദിയില്‍ അവതരിപ്പിച്ച കാവ്യത്മകസമാഗമം എന്ന കാവ്യ‑സംഗീത‑ദൃശ്യവിരുന്നില്‍ കടലിനക്കരെയും ഇക്കരെയുമുള്ള രണ്ട് സംസ്‌കാരങ്ങള്‍ തമ്മില്‍ നടക്കുന്ന സംവാദം പ്രേക്ഷകരെ ആകര്‍ഷിച്ചു.