Saturday
16 Feb 2019

അസഹിഷ്ണുതയുടെ ആ വെടിയുണ്ടകളെ കരുതിയിരിക്കുക

By: Web Desk | Friday 8 February 2019 10:12 PM IST

Binoy viswam

ബിനോയ് വിശ്വം

മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി പോലും വെടി വയ്ക്കുമെന്ന് ഒരു ഇന്ത്യക്കാരനും സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരി 30 ന് അതും സംഭവിച്ചിരിക്കുന്നു. രാജ്യം രക്തസാക്ഷിദിനം ആചരിക്കുന്ന ദിനത്തില്‍, മഹാത്മജിയുടെ രക്തസാക്ഷിത്വത്തെ ഓര്‍മിക്കുമ്പോള്‍, എണ്ണത്തില്‍ കുറവാണെങ്കിലും അവര്‍ ആ ഹീനകൃത്യം പുനരവതരിപ്പിച്ചു. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മജിയെ വെടിവച്ചുകൊന്നത്. ഗോഡ്‌സെ എന്ന ഒരു വ്യക്തിയായിരുന്നുല്ല ആ ക്രൂരകൃത്യം നിര്‍വഹിച്ചത്. മതഭ്രാന്തനായ ഒരാളെ കഠിന ഹൃദയനായി മാറ്റുന്ന ആശയമായിരുന്നു അതിന് അയാളെ പ്രേരിപ്പിച്ചത്. 1925 ല്‍ ആര്‍എസ്എസ് പിറവികൊണ്ടകാലം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യ ഘടനയില്‍ പ്രസ്തുത ആശയവുമായി തങ്ങളുടേതായ ഇടം കണ്ടെത്തുന്നതിന് ശ്രമിക്കുകയായിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക ധാര്‍മികതയ്ക്ക് വിഭിന്നമായിരുന്നു ആ പ്രത്യയശാസ്ത്രം.
മുസോളിനിയുടെ ഫാസിസ്റ്റ് ചിന്തകളില്‍ നിന്നും സംഘടനാ രീതികളില്‍ നിന്നുമായിരുന്നു ആര്‍എസ്എസ് ആവേശം ഉള്‍ക്കൊണ്ടിരുന്നത്. പിന്നീട് അവര്‍ അക്രമണോത്സുകമായ ഹിറ്റ്‌ലറുടെ ആശയങ്ങളിലേക്ക് തിരിഞ്ഞു. ഹിന്ദു – മുസ്‌ലിം ഐക്യത്തിന് ശക്തമായി വാദിച്ചിരുന്നതുകൊണ്ട് ഗാന്ധിജി അവരുടെ കാഴ്ചപ്പാടില്‍ വിശ്വസിക്കാന്‍ കൊള്ളുന്നവനായിരുന്നില്ല. ഗാന്ധിജിയെ വധിച്ചതിന് ശേഷമുള്ള വിചാരണവേളയില്‍ സ്പഷ്ടമായ വാക്കുകളില്‍ ഗോഡ്‌സെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധിയുമായി വ്യക്തിപരമായ വിരോധമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. പക്ഷേ ഹിന്ദുവിനെ സംബന്ധിച്ച് അതിന്റെ ആത്മാഭിമാനത്തിനും ആദരവിനും മഹാത്മജി ശക്തനായ വെല്ലുവിളിയാണെന്ന് വിശ്വസിക്കുന്നതിന് ആ ആശയം ഗോഡ്‌സെയെ പരുവപ്പെടുത്തുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഈ കൊടുംകൊലപാതകത്തിന് കാരണമായത് അതുതന്നെയായിരുന്നു. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയുമായി ബന്ധമില്ലെന്ന് സ്ഥാപിക്കുന്നതിന് വീണ്ടും വീണ്ടും ആര്‍എസ്എസ് ശ്രമിക്കാറുണ്ട്. ഗോഡ്‌സെ ആര്‍എസ്എസുകാരനല്ലെന്നും ഹിന്ദുമഹാസഭയുടെ അനുയായി മാത്രമാണെന്നുമുള്ള സാങ്കേതികമായ ഒരു വാദം ഇതിനായി അവര്‍ സൃഷ്ടിച്ചിട്ടുമുണ്ട്. സാങ്കേതികമായി, അതേ സാങ്കേതികമായി മാത്രം അവര്‍ ഈ വാദം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരേ ആശയത്തിന്റെ അടിത്തറയിലാണ് ആര്‍എസ്എസും ഹിന്ദു മഹാസഭയും ആവേശം കൊള്ളുന്നതെന്നത് വസ്തുതയാണ്. വളരെ അപൂര്‍വമായി മാത്രം ചില വിഷയങ്ങളില്‍ ഈ രണ്ടു സംഘടനകളും വ്യത്യസ്തമായി നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതൊരിക്കലും ആശയപരമായ ഭിന്നതയായിരുന്നില്ല. എന്നുമാത്രമല്ല ഇന്ത്യയുടെ വംശീയാധിപത്യമെന്ന ആശയത്തില്‍ ആരാണ് കേമനെന്ന തര്‍ക്കം മാത്രമായിരുന്നു അത്.
നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ തന്റെയും സഹോദരന്റെയും ബാല്യകാലം ആര്‍എസ്എസിന്റെ മുറ്റത്തായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ മുറ്റത്തുവച്ചാണ് വളരെ എളുപ്പത്തില്‍ ഹിന്ദുമഹാസഭ മഹാത്മജിയുടെ ഘാതകനെ രൂപപ്പെടുത്തിയെടുത്തത്. കാരണം അവ രണ്ടും ഒരേ തൂവല്‍പക്ഷികളായിരുന്നു. മഹാത്മജിയെ വധിക്കുന്നതിന് ഗോഡ്‌സെയ്ക്ക് പ്രേരണയായ അതേ ആശയം തന്നെയാണ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആര്‍എസ്എസിനും പ്രചോദനമായത്. അയോധ്യ സംഭവങ്ങളും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഇന്ത്യാ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു.
വൈവിധ്യത്തിന്റെയും സാമൂഹ്യ – സാംസ്‌കാരിക ബഹുസ്വരതയിലും പടുത്തുയര്‍ത്തപ്പെട്ട ഇന്ത്യയുടെ ചരിത്രം സംഭവബഹുലമായ ആ നാളുകളില്‍ വിപരീത ദിശയിലായിരുന്നു. വംശീയ അഭിമാനത്തിന്റെയും വിദ്വേഷത്തിന്റെയും അതേ പ്രത്യയശാസ്ത്രം തന്നെയാണ് ഇവരുടെ രാഷ്ട്രീയ രൂപമായ ബിജെപിയും പിന്തുടരുന്നത്. പുതുതായി ലഭിച്ച അധികാരമുപയോഗിച്ച് പ്രസ്തുത ആശയത്തെ ജീവിതത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് എളുപ്പത്തിലാക്കുന്നതിനാണ് അതിന്റെ ആശയങ്ങളിലും രാഷ്ട്രീയലക്ഷ്യങ്ങളിലും ഹിന്ദുത്വത്തെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നമുക്ക് സുപരിചിതമായി കേള്‍ക്കുന്ന ഹിന്ദുത്വവും ഹിന്ദുമതത്തിന്റെ യഥാര്‍ഥ ആശയവും തമ്മില്‍ ഒരു ബന്ധവുമില്ല.
രാഷ്ട്രീയ അധികാരം ഹിന്ദുത്വത്തിന്റെ എല്ലാ വക്താക്കള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങളും സ്വാധീനമേഖലയും വികസിപ്പിക്കുന്നതിന് സഹായകമായി. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാത്തിനെയും എല്ലാവരെയും അടിച്ചമര്‍ത്താനുള്ള പ്രത്യേക രീതിയിലുള്ള ആക്രമണോത്സുകത ഈ അധികാരം അവര്‍ക്ക് നല്‍കി. ഗോരക്ഷ, സ്ത്രീകള്‍ – ദളിതര്‍ – ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍, സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കുമെതിരായ കടന്നാക്രമങ്ങള്‍ എന്നിവയെല്ലാം ഈ ആക്രമണോത്സുക ഹിന്ദുത്വത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നല്ല. ഒളിച്ചുവയ്ക്കപ്പെട്ട നിരവധി ആശയങ്ങളും അജണ്ടകളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തെ തങ്ങളുടെ ധാരണയ്ക്കനുസരിച്ച് വികൃതവും വളച്ചൊടിക്കപ്പെട്ടതുമായ രീതിയില്‍ പുതുക്കിയെഴുതുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബിജെപി രാഷ്ട്രീയത്തിന്റെയും ആശയ – സംഘടനാ സംവിധാനത്തിന്റെയും ആധികാരിക പര്യായപദങ്ങളായി നരേന്ദ്രമോഡി – അമിത് ഷാ ദ്വയങ്ങളുടെ ആവിര്‍ഭാവത്തോടെ ഹിന്ദുത്വ തീവ്രസംഘടനകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചു. പല സംഭവങ്ങളിലും അവരുടെ ഗൂഢലക്ഷ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ ഭരണം അവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. ഇവയെല്ലാം അവര്‍ക്ക് ഗോഡ്‌സെയെ രാജ്യത്തിന്റെ വീരപുരുഷനായി അവതരിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. സംഘപരിവാറിന്റെ സ്വാധീനവും ഗോഡ്‌സെയുടെ മഹത്വവല്‍ക്കരണവും വ്യാപകമായി. അതിന്റെ സാമൂഹ്യവും രാഷ്ട്രീയവും ആശയപരവുമായ പരസ്പര ബന്ധങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്.
ഗാന്ധി വധക്കേസിന്റെ വിചാരണവേളയില്‍ ഗോഡ്‌സെ നടത്തിയ പ്രസ്താവനകള്‍ ചേര്‍ത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘മേ നാഥുറാം ഗോഡ്‌സേ ബോല്‍ത്തോയ്’ (ഞാന്‍ നാഥുറാം ഗോഡ്‌സെ പറയുന്നു) എന്ന പേരില്‍ അവര്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനെ അടിസ്ഥാനമാക്കിയുള്ള മുദ്രാവാക്യങ്ങളും നാടകങ്ങളും ഉണ്ടായി. അതിന് ശേഷം ഹിന്ദുത്വ ആശയത്തിന്റെ വക്താക്കള്‍ ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ‘ശൗര്യദിന (വീര ദിനം)’ മായി ആചരിക്കണമെന്നാവശ്യപ്പെട്ടു. ‘ദേശാഭിമാനി’കളെ സംബന്ധിച്ചിടത്തോളം ഗോഡ്‌സെ മഹാത്മജിക്ക് സമാനതയുള്ള മഹാനല്ലാതെ മറ്റൊന്നല്ലെന്നും അവര്‍ വാദിച്ചു. രാഷ്ട്രപിതാവിന്റെ ഘാതകന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. അവരില്‍ ചിലര്‍ ഗോഡ്‌സെയ്ക്ക് ക്ഷേത്രം വേണമെന്നും അവിടെ ബിംബമായി പൂജിക്കണമെന്നുമുള്ള അങ്ങേയറ്റത്തെ ആവശ്യവും ഉന്നയിക്കുകയുണ്ടായി. എല്ലാത്തിന്റെയും പാരമ്യത്തില്‍ അവര്‍ പ്രതീകാത്മകമായിട്ടാണെങ്കിലും പരസ്യമായി മഹാത്മജിയെ വെടിവയ്ക്കുന്നതിനായി രക്തസാക്ഷിദിനം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. യഥാര്‍ഥത്തില്‍ ആ വെടിയുണ്ടകള്‍ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയുടെ ഹൃദയത്തെത്തന്നെയാണ്. മതേതരത്വവും ജനാധിപത്യവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ തന്നെ ഉന്നം വച്ചാണ് ആ കാഞ്ചികള്‍ വലിക്കപ്പെട്ടത്.
അതേ ആശയങ്ങള്‍ സൃഷ്ടിച്ച വെടിയുണ്ടകള്‍ തന്നെയാണ് നരേന്ദ്ര ധബോല്‍ക്കര്‍, പ്രൊഫ. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരെയും വധിച്ചത്. ഒരേ ആശയത്തിന്റെ അന്തപ്പുരങ്ങളില്‍ നിന്ന് നിര്‍മിക്കപ്പെട്ട തോക്കുകള്‍ തന്നെയാണ് സംഘടനകളുടെ പേര് എന്തുമായിക്കൊള്ളട്ടെ എല്ലാവരും ഉയര്‍ത്തുന്നത്. ഇന്ത്യയുടെ മതേതരത്വത്തിന്റെയും വൈവിധ്യങ്ങളുടെയും ഇന്നലെകളെ, ഇന്നിനെ, നാളെയെ സ്വന്തം ഹൃദയത്തില്‍ പ്രിയപ്പെട്ടതായി കരുതുന്ന ഓരോ വ്യക്തിയും ഫാസിസത്തെ വരിച്ചിരിക്കുന്ന ഈ ആശയത്തിനെതിരായ പോരാട്ടത്തോട് ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്.