ഭഗവാന്റെ മരണങ്ങള്‍: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഇന്ത്യന്‍ മുഖം

പ്രീത ജി പി
Posted on April 21, 2019, 8:00 am

ആസുരതകള്‍ വര്‍ദ്ധിച്ച വര്‍ത്തമാന കാലത്തിന് കെ ആര്‍ മീര നല്‍കുന്ന ഷോക്കായിരുന്നു ‘ഭഗവാന്റെ മരണം’ എന്ന കഥ. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒരു എഴുത്തുകാരിയുടെ സര്‍ഗാത്മകമായ കലാപമായിരുന്നു അത്. ഈ കഥയെ തിരുവനന്തപുരത്തെ സാംസ്‌കാരിക സംഘടനയായ കനല്‍ തിയേറ്റര്‍ ‘വീണ്ടും ഭഗവാന്റെ മരണം’ എന്ന നാടകമായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുമ്പോള്‍ അത് മറ്റൊരു അനുഭവമായി മാറുന്നു. അസഹിഷ്ണുതയ്ക്ക് ഇരയാക്കപ്പെട്ട് ഗൗരി ലങ്കേഷ് വധിക്കപ്പെട്ടപ്പോള്‍ വീണ്ടും ‘ഭഗവാന്റെ മരണം’ ചര്‍ച്ചവിഷയമായിരുന്നു. ഹൃദയവും ശ്വാസകോശവും തുളഞ്ഞുപോയ വെടിയുണ്ടകള്‍ ഭഗവാനെ വീണ്ടും ഓര്‍മിപ്പിച്ച കാലത്താണ് ‘ഭഗവാന്റെ മരണം’ നാടകരൂപത്തില്‍ എത്തുന്നത്.

നാവ് ചലിപ്പിച്ചാല്‍, സമൂഹത്തിന് വേണ്ടി സംസാരിച്ചാല്‍ മുറിവേല്‍പ്പിക്കപ്പെടുമെന്ന തിരിച്ചറിവ്, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഇന്ത്യന്‍ മുഖമാണ് അരങ്ങില്‍ ഉണര്‍ന്നത്. റിയലിസ്റ്റിക് നാടകത്തിന്റെ രസവൈവിദ്ധ്യം പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നതായി. കെ ആര്‍ മീര എന്ന എഴുത്തുകാരിയുടെ മനോലോകം തിരിച്ചറിഞ്ഞ് സ്വതന്ത്രമായി രൂപപ്പെടുത്തിയ സ്‌ക്രിപ്റ്റാണ് നാടകത്തിന്റേത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ജ്ഞാനഗീത തന്നെയായിരുന്നു ‘വീണ്ടും ഭഗവാന്റെ മരണം.’ 45ദിവസം നീണ്ടു നിന്ന തപസ്യക്കൊടുവിലാണ് നാടകം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. ഓരോ അഭിനേതാവും സ്വന്തം സ്വരം നമ്മെ കേള്‍പ്പിക്കുന്നു. പൊളിറ്റിക്കല്‍ റിലീജിയന്റെ ക്രൂരമായ മുഖം നാടകത്തിലൂടെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഹസിം അമരവിള കൃത്യമായി ശ്രമിച്ചിട്ടുണ്ട്. മീരയുടെ എഴുത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നും വഴി മാറാതെയും കഥയെ ചങ്ങലയ്ക്കിടാതെയും ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യം’ എന്ന വലിയ വായനയാണ് സംവിധായകന്‍ നടത്തിയിരിക്കുന്നത്. സമൂഹത്തോട് ഒരു നാടകക്കാരനുള്ള ചുമതല എന്താണോ അത് ഈ സംവിധായകന്‍ ജാഗ്രതയോടെ വഹിക്കുന്നു. മതവും പോലീസും ബ്യുറോക്രസിയും അടിച്ചമര്‍ത്താന്‍ ശ്രമിച്ച് ഛിന്നഭിന്നമാക്കപ്പെടുന്ന ‘കലയുടെ മരണം’ ഇവിടെ നേര്‍ക്കാഴ്ചയാകുന്നു.

അയോധ്യയില്‍ തീര്‍ത്ഥാടനത്തിന് പോയ അച്ഛനമ്മമാര്‍, കത്തിക്കരിഞ്ഞ നിലയില്‍ തിരിച്ചെത്തിയത് കണ്ട അമര തന്റെ എട്ടാം വയസിന് ശേഷം കരഞ്ഞിട്ടുണ്ടായിരുന്നില്ല. അമരയുടെ ജീവിതത്തിന്റെ ചരിത്രസന്ധിയില്‍, സാഹചര്യങ്ങളാല്‍ അയാള്‍ ഹിംസകനായി മാറിയതാണെന്ന് മനസിലാക്കാം. ക്രോഡീകരിക്കാന്‍ കഴിയാത്ത ജീവിത സമസ്യകള്‍ ഒന്നുമില്ലാത്തതാണ് പ്രഫസറുടെ ജീവിതം. കൊല്ലാന്‍ വന്നവന്‍ കളിയില്‍ തോറ്റ കുഞ്ഞിനെപ്പോലെ തോക്കിന് പകരം വാക്ക് ശീലിക്കുന്നത് നമ്മള്‍ കാണുന്നു. പ്രഫസറെപ്പോലുള്ള സങ്കീര്‍ണ്ണ സമസ്യകള്‍ക്ക് ഉത്തരം ഒരു തുടര്‍ച്ച മാത്രമാണ്. അയാള്‍ക്ക് പ്രാപിക്കാവുന്ന ഒരു പരമപദത്തിലേക്കുതന്നെയാണ് അമര വളരുന്നത്. മീരയുടെ മനസുപോകുന്ന വഴി നമുക്ക് സഞ്ചരിക്കാന്‍ ഒരു പ്രയാസവുമില്ല. വേട്ടക്കിറങ്ങുന്ന അമര മൃഗപ്രകൃതി വെടിഞ്ഞ് കരളിലൊരു കൊമ്പുകുത്തിക്കയറുന്ന വേദന അനുഭവിച്ചുവെന്ന് പറഞ്ഞു തീരുമ്പോള്‍ അയാളുടെ ജൈവപ്രകൃതിയില്‍ വന്ന മാറ്റം അക്ഷരം നേടിയ അമരയുടെ സ്വാഭാവിക പരിണാമമാണ്.

നാടകത്തില്‍ അമരയായി എത്തുന്ന കണ്ണന്‍ നായര്‍ ജൈവപ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റം ഭാവവൈവിദ്ധ്യത്തോടെ സൂക്ഷ്മമായി അവതരിപ്പിക്കുമ്പോള്‍ നമ്മുടെ സ്വാസ്ഥ്യം കൂടിയാണ് നാം വീണ്ടെടുക്കുന്നത്. അമര, അവന്റെ പ്രണയം, അവന്റെ നഷ്ടം എല്ലാം കാഴ്ചക്കാരന്റേത് കൂടിയായി മാറുന്നു. പിറവി മുഹൂര്‍ത്തത്തില്‍ എന്ന പോലെ അമര ശുദ്ധീകരിക്കപ്പെടുമ്പോള്‍ ജനതയുടെ നെഞ്ചിലേക്കാണ് ‘ബസവണ്ണ’യുടെ വചനങ്ങള്‍ ചെന്നുതറയ്ക്കുന്നത്.

വാക്കിനെ തോല്‍പിക്കാന്‍ നിന്റെ തോക്കിന് കഴിയാതെ വരുമെന്ന പ്രൊഫസറുടെ വചനം ചുട്ടെരിക്കാന്‍, ക്രോധം ചുരമാന്തി അമര ഒടുവില്‍ എത്തുന്നത് മരണപര്യന്തം ജീവിതമാണ് ഉചിത ശിക്ഷയെന്ന തിരിച്ചറിവിലേക്കാണ്. വാല്മീകിയുടെ രാമനും മല്ലപ്പയുടെ രാമനും തമ്മിലുള്ള അന്തരം അവന് പിന്നെയാണ് മനസിലാകുന്നത്. ഇച്ഛാമരണം സംഭവിച്ചതിന്റെ നിര്‍വൃതിയില്‍ മരണം കണ്ടുകിടക്കുന്ന പ്രൊഫസ്സറുടെ ആവര്‍ത്തനം തന്നെയാണ് അമര. ഭഗവാന്‍ വളഞ്ഞ നടത്തത്തിലും ഭാവത്തിലും മീരയുടെ ഭഗവാന്‍ തന്നെ. അമരയുടെ ഹൃദയം ചിതറിപ്പോകാന്‍ തക്കവണ്ണമുള്ള പരകായപ്രവേശം തന്നെയാണ് ഭഗവാനെന്ന കഥാപാത്രത്തിലൂടെ അരുണ്‍ നായര്‍ നടത്തിയിരിക്കുന്നത്. ‘മെലോഡ്രാമ’ ചെയ്യുമ്പോഴും ‘ബിഹേവിയറിലേക്ക്’ അഭിനയം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോഴും വളരെ തന്മയത്തത്തോടെ വേഷം പകര്‍ന്നാടുന്നുണ്ട് ഈ നടന്‍. വര്‍ഗീയതയും വിഭാഗീയതയും വളര്‍ന്ന് സാമൂഹിക അഭ്യാസങ്ങളിലേക്ക് എത്തുമ്പോള്‍ എന്തായിത്തീരുമെന്ന സന്ദേശമാണ് ഭഗവാന്‍ എന്ന കഥാപാത്രം. അമരയെ ശുദ്ധീകരിക്കാന്‍ തക്ക വചനങ്ങളാണ് ഭഗവാന്റേത്. ഒരു ഇരുത്തം വന്ന അഭിനേതാവിന് മാത്രം ചെയ്യാന്‍ കഴിയുന്ന പകര്‍ന്നാട്ടമാണ് ഭഗവാനിലൂടെ അരുണ്‍ കാഴ്ച വച്ചത്.

‘രക്തം മാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങള്‍. ജാതിയില്‍ താഴ്ന്നവന്റെയും പണമില്ലാത്തവന്റെയും അധികാരമില്ലാത്തവന്റെയും രക്തമേ അത് കുടിക്കാറുള്ളു. നീ ഒരു ദളിതയെ വിവാഹം കഴിച്ചാല്‍ നിന്റെ മതം അവളുടെ രക്തം കുടിക്കും.’ ഭഗവാന്റെ മരണം സംവിധാനം ചെയ്ത് അവതരിപ്പിക്കാന്‍ ‘കനല്‍’ കാട്ടിയ ധൈര്യം അപാരമാണ്. നാടകത്തിനുള്ളിലെ സംവിധായക കഥാപാത്രമായി ഗംഭീരമായി രംഗത്ത് തിളങ്ങിയ സന്തോഷ് വെഞ്ഞാറമൂടിന്റെ നിലപാടുകളും ഇടപെടലുകളും നാടകഗാത്രത്തിന്റെ മാത്രമല്ല കലകളുടെ ലക്ഷ്യവും അവയുടെ ചലനവും എങ്ങനെ,എന്തിന് വേണ്ടിയായിരിക്കണമെന്ന് കോറിയിടുന്നുണ്ട്. ഇടയ്ക്ക് കയറിവരുന്ന പ്രണയവും ഭഗവാന്റെ നിലപാടും നാടകം, വെറും നാടകം മാത്രമാണെന്ന മുന്‍കാല ധാരണകളെ തിരസ്‌കരിക്കുന്നു. ‘നാടകം ജീവിതം തന്നെ’. മതരാഷ്ട്രീയവും അതിന്റെ ഭീകരതയുമൊക്കെ വിചിത്രമായ വഴികളിലൂടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് കടന്നുവരുന്നത് തികച്ചും നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു.

‘പശു എനിക്കും ഗോമാതാവാണ്. ലൈല എന്ന പശുവിന്റെ പാല് വിറ്റാണ് ഉമ്മ എന്നെ പഠിപ്പിച്ചത്’ എന്ന് ഷഹീദ്. മതം പശുവിനെപ്പോലെയാണ്, ഒരു കുടുംബം പോറ്റാന്‍ അതിന്റെ പാല് ധാരാളം മതി. ബസവണ്ണയുടെ വചനങ്ങളില്‍ ‘ഓടാന്‍ ശ്രമിക്കാതെ നില്‍ക്കുന്നിടത്തുതന്നെ കറങ്ങുന്ന കാളകളാണ് മതങ്ങള്‍.’ മുന്‍പേ ഓടാന്‍ ശ്രമിക്കേണ്ടതിന് പകരം വണ്ടിച്ചക്രങ്ങള്‍ തകര്‍ക്കാനാണ് അവയുടെ ശ്രമം. ബസവണ്ണയുടെ വചനങ്ങളായി പ്രൊഫസ്സര്‍ ഉരുവിടുന്നതൊക്കെ അമരയുടെ ഉന്മാദത്തെ തകര്‍ക്കുന്നു. അധികാരം ശക്തമായ വിഷയമായിതന്നെ നാടകത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. അധികാരം ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ മാരകമായി മുറിവേല്‍പ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ തകരുന്നില്ല. ഉയിര്‍ത്തേഴുന്നേല്‍പ്പാണ് അവനില്‍ സംഭവിക്കുന്നത്. നാടകത്തിലൂടെ സംവിധായകന്‍ സ്വപ്നം കണ്ടതും അതുതന്നെയാകണം. കറുപ്പ്/വെളുപ്പ്/സവര്‍ണ്ണര്‍/അവര്‍ണ്ണര്‍ തുടങ്ങിയ പ്രഖ്യാപിത വിവേചനങ്ങള്‍ക്കെതിരെ ഈ നാടകം സംസാരിക്കുന്നുണ്ട്. നാടകത്തിന്റെ മുഖ്യധാരയില്‍ നിന്നും അല്പം മാറി സഞ്ചരിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ എല്ലാം പലപ്പോഴും ചരിത്രത്തിന്റെ ആവര്‍ത്തനമോ പിന്‍തുടര്‍ച്ചയോ ആണ്. അങ്ങനെ അല്ലാതാകുന്നത് കാവേരി മാത്രമാണ്(ചിഞ്ചു കെ ഭവാനി). അറിവ് കൊണ്ട് തോല്‍പിക്കാന്‍ അമരയോട് പറയുന്നു അവള്‍. ആണധികാരത്തെ ചെറ്റക്കുടിലിന്റെ തിണ്ണയിലിരുന്ന് കാവേരി വെല്ലുവിളിക്കുന്നു. അപ്പോള്‍ മാത്രമാണ് അവന്റെ ആണത്തം പെണ്ണിനെ അംഗീകരിക്കുന്നത്. രേഷ്മയുടെ കണ്ണമ്മയെന്ന കഥാപാത്രം മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാതെ നില്‍ക്കുന്നത് അവള്‍ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രത്തിന്റെ ശക്തി കൊണ്ടാണ്. അസാധാരണത്വങ്ങളെ നാം ആഘോഷിക്കാറില്ല. കറുപ്പ്/അവര്‍ണ ‘ഫീമെയില്‍’ സങ്കല്‍പ്പങ്ങള്‍ മുഖ്യധാരയില്‍ നിന്നും മാറി നില്‍ക്കുന്ന സമൂഹത്തിലാണ് നാമിന്നും നില്‍ക്കുന്നത്. നാടകക്യാമ്പിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ആ കഥാപാത്രം വളരുന്നത്. അവളുടെ തന്നെ ബോധാബോധങ്ങളില്‍ ഉള്ള പലതരം ഇടപെടലുകളുടെ സാമൂഹ്യശാസ്ത്രം മനസിലാകുന്ന ഒരാള്‍ക്കേ അഭിനയത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും സമന്വയം മനസ്സിലാകൂ.
ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെപ്പറ്റി വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി യാതൊരു മാറ്റവും പ്രതീക്ഷിക്കാന്‍ സാധ്യതയില്ലാത്ത ഒരു വിഷയമാണ് ഇതെങ്കിലും, കാലത്തിന് വഴിപിഴയ്ക്കുകയാണ് എന്ന് ഞെട്ടലോടെ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതിരോധ സമരം തന്നെയാണ് ഈ നാടകം.

രംഗവേദിയും രംഗഭാഷയുമെല്ലാം മാറി നാടകം അതിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പുറത്ത് അരങ്ങിന്റെ നിഗൂഢ ഭൂപടങ്ങള്‍ വരയ്ക്കുകയാണ്. സസ്‌പെന്‍സ് ത്രില്ലര്‍ മട്ടിലുള്ള നാടകത്തിന്റെ പര്യവസാനം ഗംഭീരം. ജനമധ്യത്തില്‍ നാടകം കളിക്കുന്ന ‘അരീനനാടകവേദി‘യുടെ സങ്കല്പങ്ങളിലൂടെ സംവിധായകന്‍ കടന്നുപോയിട്ടുണ്ട്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഡല്‍ഹി സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ നാടകോത്സവമായ ‘ഭാരത് രംഗ് മഹോത്സവില്‍’ കേരളത്തെ പ്രതിനിധീകരിച്ച് ആസ്സാമില്‍ അവതരിപ്പിച്ച ഈ നാടകം ആസ്സാമിലെ സമാനഹൃദയരായ നാടകക്കാരെ സന്തോഷിപ്പിച്ചു. മൈസൂരിലെ രാഷ്ട്രീയ രംഗോത്സവ നാടകോത്സവത്തില്‍ ഫാസിസ്റ്റ് തീവ്രവാദികളുടെ ഭീഷണികളെ വകവയ്ക്കാതെ നിരന്തരം എഴുത്ത് തുടരുന്ന കെ എസ് ഭഗവാന് മുന്‍പില്‍ അവതരിപ്പിക്കപ്പെട്ട് വളരെയേറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു.

അധികാരത്തിന്റെ സ്വഭാവം ലോകത്തെല്ലായിടത്തും ഒരുപോലെയാണെന്നും അത് അരങ്ങിലൂടെ മനസിലാക്കാന്‍ പരസ്പരാശ്രയമാകാന്‍ ലിഖിതഭാഷയല്ല, അരങ്ങിന്റെ ദൃശ്യങ്ങളാണ് കൂടുതല്‍ കരുത്തു പകരുന്നതെന്നും ‘വീണ്ടും ഭഗവാന്റെ മരണം’ പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു.