Monday
24 Jun 2019

ഭരത്മുരളിയും തെരഞ്ഞെടുപ്പും

By: Web Desk | Sunday 14 April 2019 10:37 PM IST


പല്ലിശേരി

കൊട്ടാരക്കരയ്ക്കടുത്ത് കുടവെട്ടൂരിലെ കാര്‍ഷിക കുടുംബത്തിലാണ് മുരളി ജനിച്ചത്. വെളിയം കുടവെട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ ദേവകിയമ്മയും പി കൃഷ്ണപിള്ളയുമാണ് മാതാപിതാക്കള്‍.
കോളജ് ജീവിതം മുതലാണ് കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനും വിദ്യാര്‍ഥി സംഘടനാ നേതാവും ആയത്. അന്നും നാടകങ്ങളെ സ്‌നേഹിച്ചിരുന്നു.

തിരുവനന്തപുരത്തേക്ക് എല്‍എല്‍ബിക്കു ചേരാന്‍ വേണ്ടി പോയതുമുതലാണ് അഭിനയ ജീവിതവും രാഷ്ട്രീയ ജീവിതവും സജീവമായത്. ഒരു നല്ല വായനക്കാരന്‍ കൂടിയായിരുന്നു മുരളി. രാഷ്ട്രീയ-സാഹിത്യ പുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം തന്നെ ആധ്യാത്മിക പുസ്തകങ്ങള്‍ വായിക്കാനും സമയം കണ്ടെത്തി. വായിക്കുന്ന ചില പുസ്തകങ്ങളില്‍ നിന്നും പ്രത്യേകതയുള്ളതൊക്കെ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു.
കമ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും താനൊരു ദൈവവിശ്വാസിയാണെന്നു പരസ്യമായി പറയാനും ക്ഷേത്രങ്ങളില്‍ പോകാനും യാതൊരു മടിയും മുരളിക്കു ഉണ്ടായിരുന്നില്ല.
അഭിനയ ജീവിതത്തിനിടയില്‍ കമ്യൂണിസ്റ്റുകാരായ വേണുനാഗവള്ളി, പി ശ്രീകുമാര്‍, ചെറിയാന്‍ കല്‍പകവാടി എന്നീ സിനിമാക്കാരുമായി മുരളി നല്ലൊരു ഹൃദയ ബന്ധം സ്ഥാപിച്ചു.
നിരവധി സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദേശീയ അവാര്‍ഡും ഏഴു പ്രാവശ്യം സംസ്ഥാന അവാര്‍ഡും നേടി.

സിനിമയില്‍ കമ്യൂണിസ്റ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് വേണുനാഗവള്ളി, ചെറിയാന്‍ കല്‍പകവാടി കൂട്ടുകെട്ടില്‍ നിന്നും ‘ലാല്‍സലാം’ ഉണ്ടായത്. മോഹന്‍ലാലും മുരളിയും ഊര്‍വ്വശിയും ഗീതയുമായിരുന്നു പ്രധാന നടീനടന്മാര്‍, കുടുംബ ജീവിതത്തിനുവേണ്ടി പാര്‍ട്ടി ജീവിതം ഹോമിച്ച ഒരു സഖാവിന്റെയും പാര്‍ട്ടി ജീവിതത്തിനു വേണ്ടി കുടുംബ ജീവിതം ഹോമിച്ച മറ്റൊരു സഖാവിന്റെയും കഥയാണ് ‘ലാല്‍സലാം’. ടി വി തോമസിന്റെ കഥാപാത്രത്തെ മുരളിയും ഗൗരിയമ്മയുടെ കഥാപാത്രത്തെ ഗീതയും വര്‍ഗ്ഗീസ് വൈദ്യനെ മോഹന്‍ലാലും അയാളുടെ ഭാര്യയെ ഊര്‍വ്വശിയും അവതരിപ്പിച്ചു.
ടി വി തോമസ് ആയി അഭിനയിച്ചപ്പോള്‍ പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ നേടിയ നടനാണു മുരളി. എന്നാല്‍ ഏറ്റവും നല്ലനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘നെയ്ത്തുകാരനിലെ’ ‘അപ്പമേസ്തിരി’ യെ അവതരിപ്പിച്ചതിനാണ്.

കമ്യൂണിസമാണ് നെയ്ത്തുകാരനിലെ ചര്‍ച്ചാവിഷയം. ഇഎംഎസിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന അപ്പമേസ്തിരി, ഇഎംഎസിന്റെ മരണവാര്‍ത്ത അറിയുന്നതോടെ ഓര്‍മ്മകളിലേക്കു സഞ്ചരിക്കുന്നു. അടിയുറച്ച് കമ്യൂണിസ്റ്റുകാരനായ അപ്പമേസ്തിരിയുടെ ഓര്‍മ്മകള്‍ വികാരഭരിതമാണ്. അയാളുടെ ഓര്‍മ്മകള്‍ കേരളത്തില്‍ കമ്യൂണിസം കെട്ടിപടുത്ത നാളുകളിലേക്കു നീങ്ങുന്നു.

ഇഎംഎസിന്റെ മരണത്തെ ഒരാദര്‍ശത്തിന്റെ മരണമായിട്ടാണ് അപ്പമേസ്തിരി കാണുന്നത്. ആദര്‍ശം നഷ്ടപ്പെട്ട ലോകത്ത് ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല, അതുകൊണ്ട് ഇഎംഎസിന്റെ മരണത്തോടെ അയാള്‍ എല്ലാം നഷ്ടപ്പെട്ടവനായി. എങ്ങനെയെങ്കിലും മരണം കൊണ്ടുതന്നെയും അനുഗ്രഹിക്കണമെന്നു ആഗ്രഹിച്ചു. അപ്പമേസ്തിരിയുടെ ആഗ്രഹം സാധിക്കുന്നു.
മുരളി ഏറെ സന്തോഷവാനായിരുന്നു. കമ്യൂണിസം കേരളത്തില്‍ ശക്തിയാര്‍ജിച്ചു വരുന്ന നാളുകളില്‍ കേരളീയരുടെ ആത്മാര്‍ഥത വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും മുരളിക്ക് അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി അപ്പമേസ്തിരി.

കമ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തിച്ചിട്ടും യാതൊരു തരത്തിലും മത്സര രംഗത്തേക്കു വരാന്‍ ആഗ്രഹിച്ചില്ല. പലപ്രാവശ്യം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കുന്നതിനു മുരളിയുടെ പേരുപറഞ്ഞു കേട്ടിരുന്നു. എന്നാല്‍ 1999 ല്‍ ആലപ്പുഴയില്‍ നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു.

കമ്യൂണിസ്റ്റുകാരനായ സിനിമാനടനാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെന്നറിഞ്ഞപ്പോള്‍ രാഷ്ട്രീയത്തിനപ്പുറം ജനങ്ങള്‍ മുരളിക്കു പിന്തുണയുമായി വന്നു. മുരളിക്കൊപ്പം വേണു നാഗവള്ളി, പി ശ്രീകുമാര്‍, ചെറിയാന്‍ കല്‍പകവാടി തുടങ്ങിയവര്‍ സജീവമായിട്ടുണ്ടായിരുന്നെങ്കിലും സിനിമയിലെ പല സുഹൃത്തുക്കളും മുരളിയെ സഹായിക്കാന്‍ വന്നില്ല.

മുരളി വോട്ടുചോദിക്കാന്‍ പോയിരുന്നത് വിശ്വാസത്തെ മുറുകെപിടിച്ചാണ്. തനിക്കു പ്രിയപ്പെട്ട ചന്ദന ക്കുറിയും സിന്ദൂരവും നെറ്റിയില്‍ ചാര്‍ത്തിയിരുന്നു, പലരും അതിനെ ചോദ്യം ചെയ്‌തെങ്കിലും മുരളിക്കുപറയാന്‍ നല്ലവാക്കുകള്‍ ഉണ്ടായിരുന്നു. ‘വോട്ടുചെയ്യുന്നവരില്‍ ഭക്തരും, അല്ലാത്തവരും ഉണ്ട്’ പലജാതി മതസ്ഥര്‍ ഉണ്ട്. ഞാന്‍ വിശ്വാസിയായ കമ്യൂണിസ്റ്റുകാരനാണ്. അതുകൊണ്ട് എന്റെ രീതിയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ എനിക്കു കഴിയില്ല.

ശക്തനായിരുന്നു എതിര്‍സ്ഥാനാര്‍ഥി, എങ്കിലും എല്ലാം മറികടന്നു മുരളി ജയിക്കുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ, തെരഞ്ഞെടുപ്പു ഫലം മുരളിക്ക് അനുകൂലമായിരുന്നില്ല.
തോറ്റതിലല്ല മുരളിക്കു വേദന ഉണ്ടായത്. താന്‍ മത്സരിക്കുമ്പോള്‍ സഹായിക്കാന്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്ന സിനിമാരംഗത്തെ പലവമ്പന്മാരും ഒഴിഞ്ഞു മാറിയത് മരണംവരെ മുരളിയെ വേദനിപ്പിച്ചിരുന്നു. എന്നാലും എന്നും പാര്‍ട്ടി മുരളിയോടൊപ്പമുണ്ടായിരുന്നു.
മരിക്കുമ്പോള്‍ മുരളി കേരള സംഗീത നാടകഅക്കാദമിയുടെ ചെയര്‍മാനായിരുന്നു.

Related News