രാജ്യത്തെ എല്ലാ സെക്കന്‍ഡറി വിദ്യാലയങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സംവിധാനം ഉറപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ഫലപ്രാപ്തിയിലെത്തിയില്ല. 2011ല്‍ ആരംഭിച്ച പദ്ധതി രാജ്യത്ത് ആകെയുള്ള 6.5 ലക്ഷം വില്ലേജുകളില്‍ 1.99 ലക്ഷത്തില്‍ മാത്രമാണ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സംവിധാനം അഥവാ ഭാരത് നെറ്റ് പദ്ധതി പൂര്‍ത്തിയായത്. മൂന്നുഘട്ടമായി പദ്ധതി നടപ്പിലാക്കി വിദ്യാലയങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സേവനം ഉറപ്പു വരുത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് പാതിവഴിയില്‍ നിലച്ചത്. 2014, 15, 19, 23 വര്‍ഷങ്ങളില്‍ പലതവണ പൂര്‍ത്തിയാക്കുമെന്ന് വീമ്പിളക്കിയ സര്‍ക്കാര്‍ 2025ലും പദ്ധതി പൂര്‍ത്തീകരണം സാധ്യമാക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. പദ്ധതി നടത്തിപ്പ് ഏകോപനത്തില്‍ സംഭവിച്ച വീഴ്ചയാണ് ഭാരത് നെറ്റിന് തടസം സൃഷ്ടിച്ചതെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക്സ് പ്രോഗ്രസ് സീനിയര്‍ ഫെല്ലോയായ ദീപക് മഹേശ്വരി പറഞ്ഞു.
ഫണ്ട് വിനിയോഗത്തിലെ അപാകത, പ്രാദേശിക സന്തുലനം പാലിക്കുന്നതില്‍ സംഭവിച്ച വീഴ്ച എന്നിവയും പദ്ധതിയെ പിന്നോട്ടടുപ്പിച്ചു. രാജ്യത്തെ ഗ്രാമപഞ്ചായത്തുകളെ ഫൈബര്‍ ഒപ്റ്റിക് ഇന്റനെറ്റ് വഴി ബന്ധിപ്പിക്കാനുള്ളതാണ് പദ്ധതി. ഇതിനായി നാഷണല്‍ ഓപ്റ്റിക് ഫൈബര്‍ നെറ്റ്‌വര്‍ക്ക്, ഭാരത് ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. 2014നകം ആദ്യഘട്ടത്തില്‍ 1,00,000 ഗ്രാപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും 2014 മാര്‍ച്ചില്‍ കേവലം 58 പഞ്ചായത്തുകളിലാണ് പദ്ധതി എത്തിയത്.
2015ല്‍ ആരംഭിച്ച രണ്ടാം ഘട്ടം ലക്ഷ്യമിട്ടത് 1,50,000 പഞ്ചായത്തായിരുന്നു. എന്നാല്‍ പദ്ധതി ഇഴഞ്ഞുനീങ്ങിയത് കണക്കിലെടുത്ത് 2023 വരെ നീട്ടി നല്‍കി. 2025ല്‍ ആരംഭിച്ച മൂന്നാംഘട്ടത്തില്‍ 6.5 ലക്ഷം വില്ലേജുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1,71,588.7 കോടി വകയിരുത്തിയ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം ഫലപ്രാപ്തിയില്ലെത്താതെ അവശേഷിക്കുന്നത്. പദ്ധതി നടത്തിപ്പിലെ വൈകല്യമാണ് സേവനം എത്തിക്കുന്നതില്‍ പ്രധാന വെല്ലുവിളിയായതെന്ന് ദീപക് മഹേശ്വരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്ഥിതി, ബിഎസ്എന്‍എല്‍ പദ്ധതി കേന്ദ്രീകരണം നടത്തിയത് വഴിയുണ്ടായ വീഴ്ച എന്നിവ തടസം സൃഷ്ടിച്ചു. ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി ലഭ്യതക്കുറവും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.