November 28, 2023 Tuesday

ഭാരത്ബന്ദിന്റെ ദിശാമുഖം

സത്യന്‍ മൊകേരി
September 26, 2021 4:48 am

രാജ്യത്തിന്റെ കാര്‍ഷികമേഖലദേശീയ‑അന്തര്‍ദേശീയ കോര്‍പ്പറേറ്റുകള്‍ക്ക് കെെമാറുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ തെരുവിലിറങ്ങിയിട്ട് സെപ്റ്റംബര്‍ 27ന് പത്ത് മാസം പിന്നിടുകയാണ്. 500ല്‍ അധികം കര്‍ഷകസംഘടനകള്‍ അംഗങ്ങളായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്കുന്നത്. എഐകെഎസ് സമരത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ കരിനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഉയര്‍ന്ന ഘട്ടമാ‍ണ് സെപ്റ്റംബര്‍ 27ന് നടക്കുന്ന ഭാരതബന്ദ്. ഓഗസ്റ്റ് 26, 27 തീയതികളില്‍ ഡല്‍ഹിയില്‍, സിംഘൂ‍ സമരഭൂമിയില്‍ ചേര്‍ന്ന അഖിലേന്ത്യ കര്‍ഷക കണ്‍വെന്‍ഷനാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.
പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കിയാല്‍ തങ്ങളുടെ കൃഷിഭൂമി കോര്‍പ്പറേറ്റുകള്‍ കയ്യടക്കുമെന്ന തിരിച്ചറിവിലാണ് കര്‍ഷകര്‍ ഒന്നടങ്കം സമരരംഗത്തുവന്നത്. കരാര്‍ കൃഷി നടപ്പിലാക്കുന്നതിലൂടെ പടിപടിയായി കര്‍ഷകരുടെ ഭൂമി കെെവശപ്പെടുത്തുകയാണ് കോര്‍പ്പറേറ്റ് ലക്ഷ്യം. അതിന് സഹായിക്കുന്നതാണ് ഒരു നിയമം. കാര്‍ഷിക ഉല്പന്നങ്ങളുടെ വ്യാപാരം സ്വതന്ത്രമാക്കുക, കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ സ്വതന്ത്രമായി വിറ്റഴിക്കുവാന്‍ സൗകര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ്, വ്യവസ്ഥാപിതമായ കര്‍ഷക കമ്പോളങ്ങള്‍ (മണ്ഡികള്‍) നിര്‍ത്തലാക്കുകയാണ് രണ്ടാമത്തെ നിയമത്തിലൂടെ ചെയ്യുന്നത്. സ്വതന്ത്രമായ വിപണിയിലൂടെ കോര്‍പ്പറേറ്റുകള്‍ കടന്നുവരികയാണ്. മണ്ഡികള്‍ നിര്‍ത്തലാക്കുന്നതോടെ കര്‍ഷകര്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ടിവരും. നിയമത്തില്‍ വിളകള്‍ക്ക് ആദായകരമായ വില നിശ്ചയിക്കുവാനും തയ്യാറായില്ല.

അവശ്യ സാധന നിയമഭേദഗതിയിലൂടെ എത്ര അളവിലും ഭക്ഷ്യവസ്തുക്കള്‍ ഭീമാകാരമായ കോര്‍പ്പറേറ്റു ഗോഡൗണുകളില്‍ പൂഴ്ത്തിവയ്‌ക്കാന്‍ അനുവാദം നല്കുന്നതിനാണ് ലക്ഷ്യംവച്ചത്. പാര്‍ലമെന്റ് നിയമം പാസാക്കുന്നതിന് മുമ്പുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലയന്‍സ്, അഡാനി, മോണ്‍സാന്റോ തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികള്‍ വിശാലമായ ആധുനിക ഗോഡൗണുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കൂറ്റന്‍ ഗോഡൗണുകളുടെ നിര്‍മ്മാണം നടക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ വാങ്ങി പൂഴ്ത്തിവച്ച് ജനങ്ങളെ കൊള്ള ചെയ്ത് ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഭൂമി, കൃഷി, സംഭരണം സംസ്ക്കരണം, വിതരണം, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍, തുടങ്ങി കൃഷിയുടെ എല്ലാതലങ്ങളും പൂര്‍ണമായും കയ്യടക്കുകയാണ് കോര്‍പ്പറേറ്റ് ലക്ഷ്യം.

138 കോടിയിലധികം ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഇല്ലാതാക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്കു വേണ്ടി ജനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ ഭീമന്‍മാര്‍ക്ക് മുമ്പില്‍ യാചിച്ചു നില്‍ക്കേണ്ടുന്ന സാഹചര്യം വന്നുചേരും. രാജ്യത്തെ പൊതുവിതരണ ശൃംഖല ഇല്ലാതാവും. എഫ്‌സിഐ ഗോഡൗണുകള്‍ ഉള്‍പ്പെടെ കോര്‍പ്പറേറ്റുകള്‍ ലക്ഷ്യംവച്ചിട്ടുണ്ട്. ഏറ്റവുമധികം ദുരിതം അനുഭവിക്കുക കേരളത്തിലെ ജനങ്ങളായിരിക്കും. സംസ്ഥാനത്തെ ശക്തമായ പൊതുവിതരണ സമ്പ്രദായം തന്നെ ഇല്ലാതാകുന്ന സാഹചര്യം വന്നുചേരും.
നരേന്ദ്രമോഡി രണ്ടാമതും അധികാരത്തില്‍ വന്നതോടെ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് കെെമാറുന്നതിന് ആവശ്യമായ നടപടികള്‍ അതിവേഗതയില്‍ മുന്നോട്ടുപോയി. അതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് നിയമങ്ങള്‍ പാസാക്കിയത്. പാര്‍ലമെന്റ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ബില്ലുകള്‍ ശബ്ദവോട്ടോടെ പാസാക്കിയത്. അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ചര്‍ച്ച ചെയ്തില്ല. പോള്‍ ചോദിച്ചപ്പോള്‍ അതിനു തയ്യാറായില്ല. പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് കൃഷിക്കാര്‍ തെരുവിലിറങ്ങിയത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ നാമമാത്ര‑ചെറുകിട, ഇടത്തരം കര്‍ഷകരാണ്. അവരോടൊപ്പം, ഇന്ത്യയിലെ ധനികകര്‍ഷകരും കുലാക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്ന അതിധനിക കര്‍ഷകരും സമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.
കൃഷിയുടെ കോര്‍പ്പറേറ്റുവല്‍ക്കരണം തങ്ങളുടെ കെെവശം ഉള്ള ഭൂമി നഷ്ടപ്പെടും എന്ന തിരിച്ചറിവിലാണ് കര്‍ഷകര്‍ ഒന്നിച്ചു പോരാടുന്നതിന് നിര്‍ബന്ധിതമാക്കിയത്. പാവപ്പെട്ട കര്‍ഷകരും അതിസമ്പന്നരായ കര്‍ഷകരും തമ്മിലുള്ള വെെരുദ്ധ്യം മാറ്റിവച്ച് രാജ്യത്തെ എല്ലാ വിഭാഗം കൃഷിക്കാരും ഒരു വര്‍ഗമെന്ന നിലയ്ക്ക് യോജിച്ച് പൊതുശത്രുവായ കോര്‍പ്പറേറ്റുകള്‍ക്ക് എതിരായി അണിനിരക്കുന്നതാണ് രാജ്യത്ത് ഇന്ന് കാണുന്നത്. അതാണ് ഡല്‍ഹി അതിര്‍ത്തികളില്‍ 2020 നവംബര്‍ 26 മുതല്‍ ആരംഭിച്ച ഐതിഹാസികമായ കര്‍ഷക സമരം. 2020 നവംബര്‍ 26ന് ആണ് ഡല്‍ഹി ഛലോ എന്ന മുദ്രാവാക്യം കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയത്.


ഇത് കൂടി വായിക്കൂ: സ്കീം തൊഴിലാളി അവകാശങ്ങൾ അംഗീകരിക്കപ്പെടണം


പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവഹിച്ചു. കര്‍ഷക കുടുംബങ്ങള്‍ ഒന്നടങ്കം അവരുടെ വാഹനമായ ട്രാക്ടറുകളില്‍ ഒഴുകി, ഡല്‍ഹിയില്‍ എത്തുകയായിരുന്നു. സമരവിജയം കണ്ടേ തിരിച്ചുപോകൂ എന്ന പ്രതിജ്ഞയുമായാണ് അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നു പുറപ്പെ‍ട്ടത്. മാസങ്ങള്‍ സമരമുഖത്ത് കഴിയേണ്ടിവന്നാല്‍ അതിനാവശ്യമായ ഭക്ഷണസാധാനങ്ങളും തണുപ്പിനെ അതിജീവിക്കാനുള്ള കമ്പിളിയും മറ്റു വസ്ത്രങ്ങളും ആവശ്യമായ മരുന്നും വെള്ളവും എല്ലാം ട്രാക്ടറുകളില്‍‍ കരുതിവച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ ഒരു പ്രവാഹംപോലെ ഒഴുകിയെത്തിയത്. ഇതിനകം സമരഭൂമിയില്‍ 607 കര്‍ഷകര്‍ മരണപ്പെട്ടു. മരണപ്പെട്ട 23 പേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണ്. അവര്‍ കര്‍ഷകസമരത്തിലെ രക്തസാക്ഷികളാണ്.
സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രഗവണ്‍മെന്റ് എല്ലാ പരിശ്രമങ്ങളും നടത്തി. ബാരിക്കേഡുകളും മുള്ളുവേലികളും നിരത്തി തടസങ്ങള്‍ സൃഷ്ടിച്ചു. വെള്ളവും വെെദ്യുതിയും വിച്ഛേദിച്ചും കര്‍ഷകര്‍ക്കെതിരായി ഭരണകൂടം ഭീകരത സൃഷ്ടിച്ചു. കര്‍ഷകരുടെ നേരെ ലാത്തിച്ചാര്‍ജും വെടിവയ്പു തുടങ്ങി ക്രൂരമായ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടു. അതെല്ലാം അവഗണിച്ച് കര്‍ഷകര്‍ പൂര്‍വാധികം ശക്തിയോടെ സമരവുമായി മുന്നോട്ടു പോകുന്നു.

2020ലെ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയുമായി കര്‍ഷക പരേഡ് നടത്തുമെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമായിരുന്നു. പതിനായിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളില്‍ ദേശീയ പതാകയുമായി ഡല്‍ഹിയില്‍ എത്തി. കര്‍ഷകരെ പ്രകോപിപ്പിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഭരണകൂടം നടത്തി. പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് സമാധാനപരമായി റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്നു കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. കര്‍ഷകസമരത്തെ ജനങ്ങളുടെ മുമ്പില്‍ മോശമായി ചിത്രീകരിക്കുന്നതിന് സംഘപരിവാര്‍ ശക്തികളും ഡല്‍ഹി പൊലീസും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ആസൂത്രിതമായ നീക്കങ്ങള്‍ നടത്തി. അതിന്റെ ഭാഗമായാണ് ഒരു വിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കര്‍ഷകരുടെ പേരില്‍ ചെങ്കോട്ടയില്‍ കയറി സിക്കുമതത്തിന്റെ ചിഹ്നമായ പതാക ഉയര്‍ത്തിയത്. അതിനെത്തുടര്‍ന്ന് കര്‍ഷക പ്രക്ഷോഭത്തെ രാജ്യദ്രോഹ സമരമായി ചിത്രീകരിച്ചുകൊണ്ടുള്ള വലിയ പ്രചരണം നടന്നു.

കര്‍ഷക ഐക്യത്തെ ഭിന്നിപ്പിക്കാനും സമരം രാജ്യദ്രോഹപരമാണ് എന്ന് ജനങ്ങളില്‍ പ്രചരിപ്പിക്കാനും വലിയ പരിശ്രമങ്ങള്‍ ഉണ്ടായി. അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമരത്തിന് പിന്തുണ ലഭിച്ചു. ലോകത്തെ ശ്രദ്ധേയമായ സമരമായി കര്‍ഷകസമരം മാറി.


ഇത് കൂടി വായിക്കൂ: മതാതീത സംസ്കാരം


ഡല്‍ഹിയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നവംബര്‍ 26 മുതല്‍ തുടങ്ങിയ സമരത്തോടൊപ്പം തന്നെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും കര്‍ഷകര്‍ ശക്തമായി സമരരംഗത്തുവന്ന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമം ആരംഭിച്ചു. കൂടുതല്‍ കൂടുതല്‍ ജനങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആദരണീയരായ വ്യക്തികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയിലെ സമരഭൂമിയായ സിംഘു ഓഗസ്റ്റ് 26, 27 തീയതികളില്‍ കര്‍ഷകരുടെ ദേശീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നത്. ആ കര്‍ഷക കണ്‍വെന്‍ഷനാണ് സെപ്റ്റംബര്‍ 27ന് ഭാരതബന്ദിന് ആഹ്വാനം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.കണ്‍വെന്‍ഷന്റെ തീരുമാനപ്രകാരം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ലക്ഷക്കണക്കിന് കര്‍ഷകരാണ് മഹാപഞ്ചായത്തുകളില്‍ പങ്കെടുത്തത്. യുപിയിലെ മുസാഫര്‍ നഗറില്‍ നടന്ന മഹാ പഞ്ചായത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. കര്‍ഷകസമരത്തിന്റെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുന്നതാണ് മഹാപഞ്ചായത്തുകള്‍.
ബിജെപിയെ അധികാരത്തില്‍ നിന്നും പുറന്തള്ളണമെന്ന ആവശ്യം കര്‍ഷക പഞ്ചായത്തുകളില്‍ ഉയര്‍ന്നു. അതിനായി മുദ്രാവാക്യം വിളിക്കാന്‍‍ കര്‍ഷകര്‍ മുന്നോട്ടുവന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തണം എന്ന സമീപനം മഹാപഞ്ചായത്തുകളില്‍ ഉയര്‍ന്നുവന്നു. രാഷ്ട്രീയ മാറ്റത്തിലൂടെ മാത്രമെ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് കര്‍ഷകരില്‍ ശക്തിപ്പെടുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ, ശ്രദ്ധേയമായ മാറ്റമാണ്.
കര്‍ഷകസമരത്തിന് നേതൃത്വം നല്കിയ നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ‍ അരാഷ്ട്രീയ സമീപനമാണ് ഒരു ഘട്ടംവരെ ഉണ്ടായിരുന്നത്. ധനിക, കുലാകു കര്‍ഷകരെ പ്രതിനിധീകരിക്കുന്ന സംഘടന നേതാക്കളാണ് അത്തരം സമീപനം സ്വീകരിച്ചിരുന്നത്. അങ്ങനെ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആ നിലപാടില്‍ മാറ്റം വരുത്താന്‍ തുടങ്ങി. രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ സമരവേദിയില്‍ നിന്നും മാറ്റിനിര്‍ത്തുന്ന സമീപനം ഉപേക്ഷിക്കുവാനും രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണ തേടാത്ത അത്തരം വിഭാഗം ഇപ്പോള്‍ തയാറായിട്ടുണ്ട്.

കര്‍ഷകപ്രക്ഷോഭ വേദികള്‍, ഐക്യത്തിന്റെ വേദികളായി രാജ്യത്ത് എല്ലായിടത്തും മാറുകയാണ്. മഹാപഞ്ചായത്തു നടന്ന മുസാഫനഗറില്‍ 2013ല്‍ നടന്ന വര്‍ഗീയ കലാപം രാജ്യത്ത് ഞെട്ടലുണ്ടാക്കിയതാണ്. വര്‍ഗീയകലാപത്തില്‍ നിരവധിപേര്‍ അവിടെ കൊല്ലപ്പെട്ടു. ജനങ്ങളെ ഹിന്ദു-മുസ്‌ലിങ്ങളായി വിഭജിച്ചു. അത്തരം വിഭജനത്തിലൂടെയാണ് ബിജെപി യുപിയില്‍ ഉള്‍പ്പെടെ മുന്നോട്ടുവരുന്നത്. കര്‍ഷകസമരത്തിലൂടെ കൃഷിക്കാര്‍, ജനങ്ങള്‍ ഒന്നിക്കുകയാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നില്‍ക്കുന്നു. അവരുടെ പൊതുശത്രു കോര്‍പറേറ്റുകളാണ്, അവരുടെ കൊള്ളയാണ് എന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടുകയാണ്. അതാണ് കര്‍ഷകസമരത്തിലൂടെ രാജ്യത്ത് ഇന്ന് കാണുന്നത്.

ഹരിയാനയിലെ കര്‍ണാലില്‍ നടന്ന മഹാപഞ്ചായത്തും രാജ്യത്ത് വരുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നല്കുന്നു. ബിജെപിക്കെതിരായി കര്‍ഷകര്‍ മുന്നോട്ടുവരുന്നു. ബിജെപി ഗവണ്‍മെന്റാണ് കര്‍ഷകരെ ദ്രോഹിക്കുന്നത് എന്ന തിരിച്ചറിവാണ് അതിനു കാരണം. കര്‍ണാലില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകരെ പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിനെതിരെ അവിടെ നടന്ന ജനകീയ മുന്നേറ്റങ്ങളില്‍ ഹരിയാന ബിജെപി ഗവണ്‍മെന്റ് മുട്ടുകുത്തി. ഇതൊക്കെ കര്‍ഷകസമരത്തിന്റെ അനുഭവങ്ങളാണ്.
കൃഷിക്കാര്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗവും പ്രക്ഷോഭത്തിന്റെ പാതയിലാണ് കോര്‍പറേറ്റ്‌വല്‍ക്കരണത്തിന്റെ ഇരകളാണ് ഇന്ത്യയുടെ സംഘടിതരും അസംഘടിതരുമായ തൊഴിലാളികള്‍. തൊഴില്‍ കോഡുകള്‍ ഏകീകരിച്ച് കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാക്കിയത് ഇന്ത്യയിലെ തൊഴിലാളികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. സംഘടിക്കുന്നതിനും യൂണിയന്‍ രൂപീകരിക്കുന്നതിനും വിലക്കിട്ടിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ്. രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലയെ പൂര്‍ണമായും വിദേശകുത്തക കമ്പനികള്‍ക്ക് വില്‍ക്കുന്നതിന് തീരുമാനിച്ച് കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടുപോകുകയാണ്. തൊഴിലാളി വര്‍ഗം ശക്തമായ പോരാട്ടത്തിലാണ്. സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുടെ വേദി 2020 നവംബര്‍ 27ന് അഖിലേന്ത്യ അടിസ്ഥാന പണിമുടക്കിനാഹ്വാനം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.
തൊഴിലാളികളും കര്‍ഷകരും ഒരുമിച്ചുനിന്ന് പോരാട്ടത്തിലാണ്. തൊഴിലാളി വര്‍ഗ‑കര്‍ഷക ഐക്യം രാജ്യത്ത് വളര്‍ന്നുവരികയാാണ്. ശരിയായ ദിശയിലുള്ള രാഷ്ട്രീയ മാറ്റത്തിന്റെ ഈ ഐക്യം ശക്തിപകരും. നവംബര്‍ 27ന് നടക്കുന്ന ഭാരത് ബന്ദ് ഐതിഹാസികമായ ജനകീയ സമരത്തിന്റെ ഭാഗമാണ്. രാജ്യം അന്ന് പൂര്‍ണമായും സ്തംഭിക്കും. കോര്‍പറേറ്റ് ചൂഷണത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിവിധ വിഭാഗം ജനങ്ങള്‍ ബന്ദിന് പിന്തുണ നല്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 27ന് ഭാരതബന്ദ് രാജ്യവ്യാപകമായി നടക്കുമ്പോള്‍, ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ സമ്പൂര്‍ണ ഹര്‍ത്താന്‍ നടത്താനാണ് കേരളത്തിലെ സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കര്‍ഷക സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. കടകള്‍ അടച്ചും വാഹനങ്ങളുടെ ഓട്ടം നിര്‍ത്തിവച്ചും തൊഴിലില്‍ നിന്നും വിട്ടുനിന്നും ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ എല്ലാവരും മുന്നോട്ടുവരണം. അവശ്യ സര്‍വീസ് മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 27ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ ഉണ്ടാകും. ഹര്‍ത്താല്‍ ദിവസവും പ്രകടനങ്ങള്‍ വിവിധതലങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. 27ന് രാവിലെ 10 മണി മുതല്‍ വെെകുന്നേരം നാല് മണിവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്ഭവന് മുമ്പില്‍ കര്‍ഷക സത്യഗ്രഹം സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രഗവണ്‍മെന്റിന്റെ കോര്‍പറേറ്റ് നയങ്ങള്‍ക്കെതിരെയും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുമാണ് കര്‍ഷകരും തൊഴിലാളികളും വിവിധ വിഭാഗം ജനങ്ങളും ഈ പോരാട്ടം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.