11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 3, 2024

ഭാരത് ജോഡോ യാത്ര: മുഖംതിരിച്ച് ജില്ലാഘടകങ്ങള്‍

പണപ്പിരിവ് പോരെന്ന് കെപിസിസി; നടപടി ശക്തമാക്കും
കെ കെ ജയേഷ്
കോഴിക്കോട്
September 18, 2022 10:27 pm

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സന്ദേശയാത്രയുമായും ഫണ്ട് ശേഖരണവുമായും സഹകരിക്കാത്ത മണ്ഡലം കമ്മിറ്റികൾക്കും നേതാക്കൾക്കുമെതിരെ നടപടി ശക്തമാക്കി കെപിസിസി. സഹകരിക്കാത്ത മണ്ഡലത്തിലെ കെപിസിസി മെമ്പർമാർ, ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എന്നിവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് കെ സുധാകരന്റെ നിർദ്ദേശം. എന്നാൽ ബോധപൂർവം ഫണ്ട് ശേഖരണവുമായി സഹകരിക്കാതിരുന്നിട്ടില്ലെന്നും പിരിവിനോട് ജനങ്ങൾ പൊതുവെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നുമാണ് പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായി ഡിസിസി പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടത്തിയ സന്ദേശയാത്രയിൽ വെച്ചായിരുന്നു ഫണ്ട് ഏറ്റുവാങ്ങിയിരുന്നത്. എന്നാൽ പല കമ്മിറ്റികളും ഫണ്ട് പിരിവ് കാര്യക്ഷമമായി നടത്തിയിട്ടില്ല.

കോഴിക്കോട് സന്ദേശയാത്രയുമായി സഹകരിക്കാതിരിക്കുകയും ഫണ്ട് പിരിവ് കാര്യക്ഷമമായി നടത്താതിരിക്കുകയും ചെയ്ത ചേവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടാണ് നടപടി സ്വീകരിച്ചത്. ഇരുപതാം തീയതിക്കകം ഫണ്ട് ഡിസിസിയിൽ അടയ്ക്കാത്ത കമ്മിറ്റികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നേതാക്കളെ സ്ഥാനത്ത് നിന്നും നീക്കാനുമാണ് കെപിസിസി പ്രസിഡന്റ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ നേതാക്കൾക്കയച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കി. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് കെപിസിസി കർക്കശ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനകം പല നേതാക്കൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഫണ്ട് പിരിവ് അമ്പത് ശതമാനം വരെ പൂർത്തിയാക്കിയവർക്കെതിരെയും നടപടി സ്വീകരിക്കും. ഇരുപതിനകം പണം അടച്ചില്ലെങ്കിൽ മണ്ഡലത്തിലെ ഭാരവാഹികളെ യോഗത്തിലേക്ക് വിളിക്കേണ്ട എന്നാണ് നിർദ്ദേശമെന്നും പ്രവീൺ കുമാർ വ്യക്തമാക്കുന്നു. മറ്റ് ജില്ലകളിലും സമാനമായ സ്ഥിതിയാണ് ഉള്ളതെന്ന് നേതാക്കൾ തുറന്ന് സമ്മതിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് വൻ പണപ്പിരിവിനാണ് കെപിസിസി ലക്ഷ്യമിട്ടിരുന്നത്.

വലിയൊരു തുകയാണ് ഓരോ ജില്ലയിൽ നിന്നും സമാഹരിച്ച് നൽകാൻ നിർദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ബൂത്തുകൾക്ക് 55,000 രൂപയുടെ കൂപ്പണുകൾ നൽകി. വീടുകൾ കയറിയിറങ്ങി പ്രവർത്തകർ സ്ക്വാഡുകളായി ഫണ്ട് ശേഖരണം നടത്താനും നിർദ്ദേശിച്ചിരുന്നു. കെപിസിസി വിഹിതം ഡിസിസികൾ നേരിട്ട് ശേഖരിച്ച് യാത്രയ്ക്ക് മുമ്പ് തന്നെ കെപിസിസിയ്ക്ക് കൈമാറാനും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഫണ്ട് പിരിവ് കാര്യക്ഷമമല്ലാത്തതിനെത്തുടർന്നാണ് കർശന നടപടിക്ക് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരത് ജോഡോ യാത്ര ജില്ലാ, ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ സ്വാഗത കമാനങ്ങൾ ഉയർത്തി അലങ്കരിക്കാനും പദയാത്ര കടന്നുപോകാത്ത ജില്ലകളിൽ ആകർഷകമായ നിലയിൽ വിളംബര ജാഥകൾ നടത്തണമെന്നുമായിരുന്നു കെപിസിസി നിർദ്ദേശിച്ചിരുന്നത്. പദയാത്ര കടന്നുപോകാത്ത ജില്ലകളിൽ മണ്ഡലങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിക്കാനും കമാനങ്ങൾ, സ്തൂപങ്ങൾ, തോരണങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ ഉറപ്പ് വരുത്താനും നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇതെല്ലാം പലയിടത്തും പാലിക്കപ്പെട്ടില്ല. യാത്രയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക സമാഹരണം അത്യാവശ്യമായിരുന്നു. പ്രവർത്തകരെ അണി നിരത്തുന്നതിന് പ്രത്യേകം വാഹനം, ഭക്ഷണം, പ്രചരണം, അലങ്കാരം എന്നിവയൊക്കെ വിജയകരമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ ഫണ്ട് ജനകീയമായി ശേഖരിക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിൽ യാത്രയുമായി സഹകരിക്കാതെ മാറി നിന്നവരുടെ വിശദാംശങ്ങൾ ഡിസിസി നേതൃത്വം ശേഖരിച്ച് കെപിസിസിയെ ഉടൻ അറിയിക്കാനും നിർദ്ദേശമുണ്ട്. സഹകരിക്കാത്തവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് കെ സുധാകരൻ കർശന നിർദ്ദേശം നൽകിയിട്ടുള്ളത്. ഇത്തരം സന്ദർഭങ്ങളിലാണ് പുതിയ നേതൃത്വത്തെ കണ്ടെത്താനാവുകയെന്നാണ് കെപിസിസി നേതൃത്വം വ്യക്തമാക്കുന്നത്. നടപടിപാർട്ടിയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കുമെന്നാണ് സൂചന.

Eng­lish Sum­ma­ry: bharath jodo yathra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.