ഭരതൻ: അഭ്രപാളിയിലെ ജീവിത സ്പന്ദനം, ഓര്‍മ്മയ്ക്ക് 22 ആണ്ട്

Web Desk
Posted on June 28, 2020, 9:44 am
  • ഡോ. സിജു കെ ഡി

ദാമ്പത്യം കയ്ച്ചുപോയതോടെ വിവാഹേതരമായ ഒരു ബന്ധത്തിൽ ആശ്വാസം തേടി ഒടുവിൽ മരണത്തിൽ അന്തിമാഭയം കണ്ടെത്തുന്ന സാവിത്രി. പ്രണയത്തിനുവേണ്ടി കൊലയാളിയാവുകയും അതേ പ്രണയനഷ്ടത്തിന്റെ ആഘാതത്തിൽ തീവണ്ടിപ്പാതയിൽ ഒരു കുടന്ന ചോരയായ് പൊലിയുകയും ചെയ്ത് തകര. അയലത്തെ പയ്യന്റെ മാരകാമനകൾക്ക് വഴങ്ങുന്നതിനിടെ സർപ്പദംശമേറ്റ് മരണമടയുന്ന രതി, ബന്ധങ്ങൾക്ക് പണത്തിനേക്കാൾ വിലയുണ്ടെന്ന് തിരിച്ചറിയുമ്പോഴേക്കും കാളക്കുളമ്പടിയിൽ ചതഞ്ഞ് തീർന്ന വേലു. ആത്മാഭിമാനം രക്ഷിക്കാൻ ഭർത്താവിനെത്തന്നെ കൊല്ലേണ്ടിവന്ന തങ്ക. പലർക്കും മരണശിക്ഷ വിധിക്കേണ്ടി വന്നതിന്റെ വിഭ്രാന്തമനസ്സുമായി തനിക്കും തൂക്കുമരണം ആശിക്കുന്ന, അതിനായി പ്രിയപ്പെട്ടവരുടെ കൊലയാളിയാകുന്ന ജഡ്ജി. സുഹ്യത്തിന്റെ മകളെ പ്രണയിച്ച്, പപബോധത്താൽ ആതാഹുതി ചെയ്ത അപ്പുവും ഭ്രാന്തിയായി മാറിയ സന്ധ്യയും.

കരുണാരഹിതമായ, അങ്ങേയറ്റം വന്യമായ, ഒരുവേള പക്ഷപാതപരമായ ചിലപ്പോൾ സൗമ്യമോ, സ്നേഹപൂർണ്ണമോ ആയ അനേകം മരണങ്ങൾ. തിരശീലയിൽ തീയായ് പടർന്ന ആസക്തികൾ. ഉള്ളുപൊള്ളിച്ച കണ്ണീര്‍ത്തുള്ളികൾ, പക, പ്രതികാരം, പരാജയം… ചലച്ചിത്രശാലയിലെ നേർത്ത ഇരുട്ടിൽ, പ്രേക്ഷകരുടെ സ്വകാര്യതയോട് സംവദിച്ച് നിശ്ശബ്ദവാചാലതകൾ. ഇരുളും വെളിച്ചവും പതുപതുപ്പും പാരുഷ്യവും പുണർന്നുകിടന്ന പച്ചജീവിതം. ക്യാമറകൊണ്ട് സിനിമ വരച്ച കവിയായിരുന്നു ഭരതൻ. അന്നോളം മനുഷ്യസ്പർശമേൽക്കാത്ത കാഴ്ചയുടെ കന്യാവനങ്ങൾ നൈസർഗീക സൌന്ദര്യത്തോടെ തിരക്കാഴ്ചയിലേക്ക് ആവാഹിച്ച് ഇരുപത് ഭരതസംവത്സരങ്ങൾ. തിരശീല കടുംമഷിയിൽ പ്രക്യതിയെക്കണ്ടു, അതിലും കടുപ്പത്തിൽ മനുഷ്യപ്രകൃതിയെയും. . ഭരതൻ വിടപറഞ്ഞിട്ട് ഇരുപത്തിരണ്ടുവർഷങ്ങൾ പൂർത്തിയാവുന്നു.

ഗ്രാമത്തിന്റെ ചൂരും ചെത്തവുമുള്ള തനിനാട്ടുംപുറത്തുകാരനായ ഒരു പച്ചമനുഷ്യനായിരുന്നു ഭരതൻ. അങ്ങനെയൊരാൾ ക്യാമറയേന്തുമ്പോൾ സംഭവിക്കുന്ന മൗലികതയുടെ ഊർജ്ജ പ്രസരം അദ്ദേഹത്തിന്റെ സിനിമകളിൽ നാം തൊട്ടറിഞ്ഞു. മനുഷ്യാനുഭവങ്ങളുടെ തിക്തവും തീവ്രവുമായ വൈദ്യുതസ്പർശം. പ്രണയവും പകയും ആത്മാർഥതയും ആസക്തിയും ആസുരതയും കണ്ണീരും നോവും കെട്ടുപിണഞ്ഞ മനുഷ്യാനുഭവങ്ങൾ. ആ ക്യാമറയ്ക്കു മുന്നിൽ വെച്ചുകെട്ടലുകളുടെ ഭാരങ്ങളില്ലാതെ മനുഷ്യജീവിതം പകർന്നാടി. പ്രണയകാമനകളുടെ വിസ്ഫോടന ശേഷിയുള്ള നൈസർഗ്ഗിക സൗന്ദര്യം പ്രേക്ഷകരെ അടിമുടി വിസ്മിതരാക്കി. ആത്മാവിന്റെ ഉള്ളറകളിലേക്ക് അനുവാദം ചോദിക്കാതെ കടന്നിരുന്നു കഥയും കഥാപാത്രങ്ങളും. അതേ, ജീവിതത്തിന്റെ വഴിയോരങ്ങളിൽ മുളച്ചുയർന്ന്, നിയതിയോട് പൊരുതിവളർന്ന കരുത്തൻ കഥാപാത്രങ്ങൾ! മിനുസപ്പെടുത്തലുകൾക്ക് വഴങ്ങാത്ത കല്ലിച്ച മുഖങ്ങളും, പരുവപ്പെടുത്തലുകൾക്ക് വഴങ്ങാത്ത പരുക്കൻ ഭാവങ്ങളുമുള്ള മുൻമാതൃകകളില്ലാത്ത കഥാപാത്രങ്ങൾ.

അതിഭാവുകത്വത്തിന്റെ ആർഭാടങ്ങളിൽ മുങ്ങിയ വാണിജ്യസിനിമകൾ കൊട്ടകകൾ ഭരിക്കുന്ന കാലമായിരുന്നു അത്, ജീവിതത്തെ പാടേ വിസ്മരിച്ചു കഴിഞ്ഞിരുന്നു, അന്നത്തെ ജനപ്രിയ സിനിമ. കലാസിനിമയോ അക്കാദമിക് വേദികളിലും ചലച്ചിത്രോൽസവങ്ങളിലും തളച്ചിടപ്പെട്ടു. തമ്മിൽ തൊട്ടുകൂടായ്മ ശീലിച്ചുപാലിച്ചു പോന്ന രണ്ടു ധാരകൾ. 1970കളോടെ കലാ-കച്ചവടസിനിമകൾക്കിടയിൽ സാധ്യമാകാവുന്ന കൊടുക്കൽ വാങ്ങലുകൾ തിരിച്ചറിഞ്ഞ ചലച്ചിത്രലോകം ആഴത്തിലുള്ള അഴിച്ചുപണിയലുകൾക്ക് വേദിയായി. പി എൻ മേനോനും വിൻസെന്റും കെ എസ് സേതുമാധവനും തുടങ്ങിയേടത്തു നിന്ന് കെ ജി ജോർജും, ഭരതനും, പദ്മരാജനും, മോഹനും ആദ്യത്തെ ന്യൂജെൻ വിപ്ലവത്തിന് നേത്യത്വം നൽകി. വഴിമാറി നടക്കണമെങ്കിൽ പുതുവഴി വെട്ടിയേതീരു എന്ന തിരിച്ചറിവോടെ മലയാളസിനിമയിൽ ഒരു സമാന്തരധാരയുടെ പിറവി.

ജീവിതത്തിന്റെ പച്ച തൊടുകയായി മലയാളസിനിമ. പ്രയാണം, തകര, ലോറി, രണ്ട് പെൺകുട്ടികൾ, സ്വപ്നാടനം, യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ, ഉൾക്കടൽ, പഞ്ചവടിപ്പാലം, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, കള്ളൻ പവിത്രൻ തുടങ്ങിയ സിനിമകൾ ആ പുതുപിറവിയുടെ അടയാളങ്ങളായി. തുടർന്നുള്ള ഒരു ദശാബ്ദകാലംകൊണ്ട് മലയാളസിനിമയുടെ ഭാവുകത്വം തന്നെ മാറ്റിയെഴുതപ്പെട്ടു. പ്രമേയത്തെയും അതിന്റെ അവതരണരീതികളെയും സ്വാഭാവികമാക്കി മാറ്റി, ആഖ്യാനത്തിന്റെ സാന്ദ്രത പ്രേക്ഷകർക്കും ചിത്രത്തിനുമിടയിൽ വിടവിന് കാരണമാകാതെ നോക്കുകയായി രുന്നു അവരുടെ രീതി. വിപണിയെ പരിഗണിക്കുകയും അതേസമയം വിപണിക്ക് വേണ്ടി ജനപ്രിയചേരുവകളുടെ അവിയലായി സിനിമയെ മറ്റാതിരിക്കുകയും ചെയ്തു അവർ. അവതരണത്തിൽ ഋജുവാവുകയും അതേസമയം സൗന്ദര്യാത്മകമാവുകയും ചെയ്തു അവരുടെ ചലച്ചിത്രങ്ങൾ.

you may also like this video;

ബുദ്ധിജീവി സിനിമയ്ക്കും കമ്പോള സിനിമയ്ക്കും ഇടയിലായി അവർ സ്വന്തം സിനിമകൾക്ക് ഇടം നിർണ്ണയിച്ചു. അങ്ങനെ ശരാശരി പ്രേക്ഷകർക്ക് കൂടി പ്രാപ്യമായ നല്ല സിനിമകളുടെ കാഴ്ച്ചകളിലേക്ക് കൊട്ടകകൾ തുറക്കപ്പെട്ടു. കൂട്ടത്തിൽ ബഹുമുഖപ്രതിഭയായിരുന്നു ഭരതൻ. ചിത്രകാരൻ, ശിൽപ്പി, സംഗീതജ്ഞൻ. സുകുമാരകലകൾ ഉടലാണ്ട ഭാവനയുടെ മാന്ത്രികസ്പർശം ഭരതന്റെ സിനിമകളിൽ നാം തൊട്ടറിഞ്ഞു. ഉള്ളിലെങ്ങോ ഒട്ടിപ്പിടിച്ചു, ആ ദൃശ്യവിരുന്നിന്റെ ചാരുത ഹൃദയവീണ യിൽ മഞ്ഞായ് പെയ്തു നിറഞ്ഞു രാഗവീചികൾ. ത്യശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് എങ്കക്കാട് ഭരതന്റെ ജന്മഗ്രാമം. സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ കലാപഠനം പൂർത്തിയാക്കിയശേഷം ചലച്ചിത്രലോകത്തെത്തി. ചെന്നൈയിലെ ഗോൾഡൻ സ്റ്റുഡിയോയിൽ ചിത്രപടങ്ങൾ ഒരുക്കുന്ന ജോലിയിലാണ് തുടക്കം.

അമ്മാവനായ ചലച്ചിത്രസംവിധായകൻ പി എൻ മേനോന്റെ പിന്തുണ നല്ല സിനിമകളുടെ ഭാഗമാകാൻ സഹായിച്ചു. പി എൻ മേനോൻ, വിൻസെന്റ്, തോപ്പിൽ ഭാസി തുടങ്ങിയവരുടെ കൂടെ കലാസംവിധായകനായും സംവിധാനസഹായിയായും പ്രവർത്തിച്ചു. ഓളവും തീരവും, നദി, പോലുള്ള സിനിമകളുമായുള്ള ബന്ധം ചലച്ചിത്രത്തിന്റെ വ്യാകരണപഠനം കൂടിയായി. വാർപ്പ് മാത്യകകളിൽ നിന്ന് വ്യത്യസ്തരാണ് ഭരതന്റെ കഥാപാത്രങ്ങൾ. അനാഥനായ തകരയും കുടിലബുദ്ധിയായ ചെല്ലപ്പനാശാരിയും വേട്ടക്കാരൻ മരുതും തെരുവ് സർക്കസ്സുകാരൻ വേലനും കാളക്കച്ചവടക്കാരൻ വേലുവും മനോരോഗിയായ രാജുവും അധ്യാപികയെ പ്രണയിക്കുന്ന വിനോദും മുന്‍മാത്യകകൾ ഇല്ലാത്തവരാണ്. പുരുഷകഥാപാത്രങ്ങളേക്കാൾ ആഴവും കരുത്തുമുള്ളവരാണ് ഭരതന്റെ സ്ത്രീകഥാപാത്രങ്ങൾ. തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്ന വേലുവിനെ ആട്ടിയിറക്കുന്ന ദമയന്തിയും ഭർത്താവ് തന്നെ വില്പനച്ചരക്കാക്കുമ്പോൾ ആത്മാഭിമാനരക്ഷാ ർത്ഥം അയാളെ കൊലപ്പെടുത്തുന്ന പറങ്കിമലയിലെ തങ്കയും, ഭർത്ത്യഘാതകനെ വകവരുത്തി നിയമത്തിന് കീഴടങ്ങുന്ന ഓർമ്മയ്ക്കായിലെ സുസന്നയും പുരുഷന്റെ ചിറകിനടിയിൽ ഒതുങ്ങിയിരിക്കുന്ന നായികമാരിൽ നിന്ന് ഏറെ ദൂരെയാണ്.

അവഗണിക്കപ്പെടുന്നിടത്തും കടിച്ചുതൂങ്ങി നിൽക്കുന്ന, പരാശ്രിതകളായിരുന്നില്ല അവർ. ആവശ്യമെങ്കിൽ വീടുപേക്ഷിക്കാനും മടിയില്ലാത്തവരുണ്ട് ആ കൂട്ടത്തിൽ. തന്റെ ലൈംഗികസ്വത്വം പരിഗണിക്കാതെ പോരുകോഴികൾക്കൊപ്പം ജീവിക്കുന്ന ഭർത്താവിനെ ഉപേക്ഷിക്കുന്ന ആരവത്തിലെ അലമേലു, ഭർതൃപീഡനം സഹിയാതെ, വീട്ടിൽ സഹായിയായി വന്നു ചേർന്ന ലൂയീസിനൊപ്പം ജീവിക്കാൻ തയ്യാറാകുന്ന കാതോട് കാതോരത്തിലെ മേരിക്കുട്ടി, അകാരണമായി തന്നെ സംശയിച്ച് ഭർത്താവിനെ ഉപേക്ഷിച്ച് പോവുന്ന വെങ്കലത്തിലെ തങ്കമണി. സ്ത്രീധനബാക്കിക്ക് വേണ്ടി വീട്ടിൽ നിന്നും തന്നെ ഇറക്കി വിട്ട ഭർത്താവിന്റെ അടുത്തേക്ക് തിരികെപ്പോക്കാൻ തയ്യാറാവാത്ത ചാട്ടയിലെ ചന്ദ്രമതി- ഇവരാരും അഹങ്കാരം കൊണ്ട് വീടുപേക്ഷിക്കുകയല്ല. ജീവിതം വഴി മുട്ടിപ്പോകുമ്പോഴും, ആത്മാഭിമാനം മുറുകെപ്പിടിക്കുന്ന ധീരമാനികളാണ് അവർ. പുരുഷനൊരുക്കുന്ന സുരക്ഷയുടെ ഇളംഛായയിലേക്ക് ഭരതന്റെ പിൽക്കാലനായികമാർ ഒതുങ്ങിപ്പോകുന്നുണ്ട് അവരിൽ പലരും. അച്ഛനോ ഭർത്താവോ കാമുകനോ സഹോദരനോ തീർക്കുന്ന ലക്ഷ്മണരേഖ അവർക്ക് അതിരുകളാക്കി ചിലർ. വീടായിരുന്നു ഭരതന്റെ സിനിമകളുടെ മുഖ്യഇടം.

you may also like this video;

ഗാർഹികജീവിതത്തിലെ ആന്തരിക സംഘർഷങ്ങൾ ഭരതൻ ആവർത്തിച്ചാവിഷ്കരിച്ച പ്രമേയമാണ്. വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് കടന്നുവരുന്ന ഒരു ബാഹ്യപ്രലോഭനം ആ സിനിമകളിൽ പിന്നെയും പിന്നെയും പ്രത്യക്ഷപ്പെട്ടു. രതിയിൽ സ്വയമേവ രൂഢമൂലമായ സ്വാർത്ഥതയും അതിനു കടകവിരുദ്ധമായി ദാമ്പത്യബാഹ്യ ബന്ധങ്ങളോടുള്ള അഭിനിവേശവും തീർക്കുന്ന ദ്വന്ദയുദ്ധങ്ങൾ. ആരവവും പാർവതിയും കാറ്റത്തെകിളിക്കൂടും ആ സംഘർഷങ്ങളെത്തന്നെ മുഖ്യപ്രമേയമാക്കി. സദാചാരധാർമ്മികതയുടെ സ്വച്ഛമായ മേൽപ്പരപ്പിനു കീഴെ, പിടികിട്ടാത്ത കുത്തൊഴു ക്കുകളും ചുഴികളുമുള്ള ആന്തരികപ്രവാഹത്തിലേക്ക് ഭരതൻ ക്യാമറയുടെ കണ്ണ് തുറന്നു വച്ചു. ഭരതന്റെ സിനിമകൾ രതികാമനകളുടെ ലോകം കൂടിയാണ് വരഞ്ഞിട്ടത്. പെണ്ണുടൽ ഭരതന്റെ ക്യാമറയിൽ അശ്ലീലക്കാഴ്ചയായില്ല. അതേസമയം വശ്യതയുടെ തിരക്കാഴ്ചയായി ആ സിനിമകളിൽ സ്ത്രീ നിറഞ്ഞു. ഒളിഞ്ഞ് നോട്ടമായി മാത്രം രതിയും ശ്യംഗാരംവും അനുഭവിച്ചു പോന്ന പ്രേക്ഷകർക്ക് ഭരതന്റെ പരിചരണത്തിൽ നവീനമായ സൗന്ദര്യാനുഭൂതിയായി അത്. പിൽക്കാലത്ത് ചലച്ചിത്രലോകം ആ പരിചരണത്തെ ഭരതൻടച്ച് എന്ന് കൊണ്ടാടി. സിനിമയുടെ ദൃശ്യഭംഗിയിൽ ദത്തശ്രദ്ധനായിരുന്നു ഭരതൻ.

ചിത്രകാരനും ശില്പിയുമായ ഭരതനെ അദ്ദേഹത്തിന്റെ ഓരോ ഷോട്ടിലും കാണാനാകും. ഗുരുവായൂർ കേശവനിലെയും രതി നിർവ്വേദത്തിലെയും വൈശാലിയിലെയും ദേവരാഗത്തിലെയും ഓരോ ഫ്രെയിമും മനോഹരമായ ചിത്രങ്ങളായി. താൻ ആവിഷ്കരിക്കാൻ പോകുന്ന രംഗങ്ങൾക്ക് ചിത്രരൂപത്തിലാണ് ഭരതൻ ആദ്യം ജീവൻ നല്കിയിരുന്നത്. വൈശാലിയിലെ കഥാപാത്രങ്ങളുടെ മുൻകൂട്ടി തയ്യാറാക്കിയ രേഖാചിത്രങ്ങൾക്കിണങ്ങിയ നടീനടന്മാരെയാണ് അദ്ദേഹം കാസ്റ്റ് ചെയ്തത്. കടുംനിറങ്ങളുടെ കൂട്ടുകാരനായിരുന്നു ഭരതൻ. മണ്ണിന്റെ ചുവപ്പും ഇലച്ചാർത്തിന്റെ കടുംപച്ചയും ആകാശം തൊട്ട മലകളുടെ നീലിമയും ആ ഫ്രെയിമുകളെ പൊലിപ്പിച്ചു നിർത്തി. ചിലമ്പിലെയും വൈശാലി യിലെയും ദേവരാഗത്തിലെയും ഗാനരംഗങ്ങൾ നിറക്കൂട്ടുകളുടെ ആഘോഷമായി. രതിനിർവേദത്തിന് വേണ്ടി ഭരതൻ തന്നെ തയ്യാറാക്കിയ പോസ്റ്ററുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഭരതന്റെ കയ്യിൽ നടീനടന്മാർ പാകം വന്ന കളിമണ്ണായി. താരങ്ങൾക്ക് വേണ്ടി ഭരതന്റെ കഥാപാത്രങ്ങൾ ഒരുങ്ങിയില്ല. മറിച്ച് മികച്ച അഭിനേതാക്കളെ ഭരതന്റെ കഥാപാത്രങ്ങൾ ഒരുക്കിയെടുത്തു. സാന്ദ്രമായ സംഗീതമായിരുന്നു ഭരതന് സിനിമ.

അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാത്തവർ പോലും അവയിലെ ഗാനങ്ങളുടെ ആരാധകരായി. സിനിമയുടെ ലോകം വിട്ട് എങ്കക്കാട്ടെത്തുമ്പോൾ ഭരതൻ വീണ്ടും തനി നാട്ടുംപുറ ത്തുകാരനായി. ലുങ്കിയുമുടുത്ത് തലയിൽ തോർത്ത് കെട്ടി പാടവരമ്പുകളിലും പൂരപ്പറമ്പുകളിലും അയാൾ ആൾക്കൂട്ടത്തിലലിഞ്ഞു. തിരിച്ചുപോകുമ്പോൾ എങ്കക്കാടിന്റെ ഗ്രാമവിശുദ്ധിയും സൗന്ദര്യവും ഒപ്പിയെടുത്തു, സിനിമകളിലേക്ക് പകർത്തിവെക്കാൻ. തന്റെ പല സിനിമകൾക്കും എങ്കക്കാട് തന്നെ അദ്ദേഹം ലൊക്കേഷനായി തെരഞ്ഞെടുത്തു. തകരയും വൈശാലിയും ഹിന്ദിയിൽ പുനരാവിഷ്കരിക്കാൻ ഭരതൻ വല്ലാതെ കൊതിച്ചിരുന്നു. കുഞ്ചൻനമ്പ്യാരെക്കുറിച്ചുള്ള സ്വപ്നപദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. എങ്കക്കാട്ടെ മണ്ണിലും വായുവിലും സ്വയമലിഞ്ഞു, വരയുടെയും ശിൽപ്പകലയുടെയും ലോകത്തേക്ക് തന്നെ തുറന്നു വിടാൻ മോഹിച്ചിരുന്നു. നടക്കാതെപോയ കിനാവുകളുടെ ചെമ്പകത്തോപ്പിൽ കാലം ഭരതനെ ഉറക്കിക്കിടത്തിയെങ്കിലും. ജീവിതത്തിന്റെ ഉപ്പും ചവർപ്പും ഇനിപ്പവുമുള്ള 38 ചിത്രങ്ങൾ അവയുടെ സ്രഷ്ടാവിന്റെ അസാന്നിധ്യത്തെ അനുഭവിപ്പിക്കാതെ നമുക്കിടയിൽ ജീവിക്കുന്നു.

you may also like this video;