30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം ആണ് ലോഹിതദാസിന്റെ രചനയില്‍ ഭരതന് സംവിധാനം ചെയ്ത അമരം തിയെറ്ററുകളില്‍ എത്തുന്നത്. 1991 ഫെബ്രുവരി 1ന്. അമരം എന്ന് കേള്‍ക്കുമ്പോള്‍ മമ്മൂട്ടി, മുരളി, കെപിഎസി ലളിത എന്നവരുടെ മാസ്മരിക പ്രകടങ്ങള്‍ക്കും ഭരതന്റെ വര്‍ണ്ണാഭമായ ഷോട്ടുകള്‍ക്കും ഒപ്പം നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതാണ് രവീന്ദ്രന് മാസ്റ്റര്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍.
സിനിമാ സന്ദര്‍ഭങ്ങളോട് അത്രമേല്‍ ഇഴുകിച്ചേര്‍ന്ന് നില്ക്കുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ മിടുക്കനായ രവീന്ദ്രന് മാസ്റ്റര്‍, ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ക്കും ഒരു സവിശേഷമായ ഒരു മൂഡ് കൊണ്ടുവന്നിട്ടുണ്ട്. കൈതപ്രത്തിന്റെ വരികളില്‍ യേശുദാസ് ആലപിച്ച ’ വികാര നൗകയുമായ്..’, യേശുദാസും ചിത്രയും ആലപിച്ച ’ അഴകേ നിന്..’, യേശുദാസും ലതികയും സംഘവും ആലപിച്ച ’ പുലരേ പൂങ്കോടിയില്‍..’ എന്നീ ഗാനങ്ങള്‍ ആണ് മാസ്റ്റര്‍ ഒരുക്കിയത്. ഇവ കൂടാതെ ഗുഡ്ഡി എന്ന ഹിന്ദി ചിത്രത്തില്‍ വസന്ത് ദേശായ് ഈണം പകര്‍ന്ന ’ ഹംകോ മന്‍കി..’ എന്ന പ്രാര്‍ഥനാ ഗാനം മലയാള വരികളില്‍ ലതികയുടെ ശബ്ദത്തില്‍ ചേര്‍ത്തിട്ടുണ്ട് ചിത്രത്തില്‍ — ’ ഹൃദയരാഗതന്ത്രി മീട്ടി..’.
ഇതിലേ ഏറ്റവും underrated എന്ന് പറയാവുന്ന ഗാനം ചിത്രം തുടങ്ങുമ്പോള്‍ തന്നെ വരുന്ന ’ പുലരേ പൂങ്കോടിയില്‍..’ ആണ്. രവീന്ദ്രന് മാസ്റ്ററുടെ ഏറ്റവും മികച്ച ഗാനം ഏത് എന്ന ചര്‍ച്ചകളില്‍ ഇടം പിടിക്കേണ്ട, എന്നാല്‍ മിക്കവാറും ഓര്‍ക്കുകപോലും ചെയ്യാത്ത ഒരു എപ്പിക്ക് കോമ്പോസിഷന്‍ ആണ് ഇത്.
നാല് രാഗങ്ങളില്‍ ഒരുക്കിയ മാഷിന്റെ തികച്ചും വ്യത്യസ്ഥമായ ഒരു രാഗമാലിക ആണ് പുലരേ പൂങ്കോടിയില്‍.
വാസന്തി
ശുദ്ധസാവേരി
ജയന്തശ്രീ
സിന്ധുഭൈരവി
യേശുദാസ്, ലതിക എന്നിവരുടെ ശബ്ദങ്ങള്‍ക്കൊപ്പം കോറസ്സിന്റെ മനോഹരമായ പ്രയോഗം മൊത്തത്തില്‍ ഒരു കടലോര പശ്ചാത്തലം ഗാനത്തിന് കിട്ടാന്‍ സഹായിക്കുന്നുണ്ട്.
അമരത്തിന്റെ ടൈറ്റില്‍ കാര്‍ഡിന്റെ പശ്ചാത്തലം ഭരതന്റെ പ്രിയപ്പെട്ട അസ്തമയസൂര്യന്റെ ചുവപ്പ് പടര്‍ന്ന ആകാശം ആണ്. പശ്ചാത്തലത്തില്‍ കിളിയൊച്ചകള്‍ മാത്രം. ഹ്രസ്വമായ ടൈറ്റില്‍ കഴിഞ്ഞു സംവിധാനം ഭരതന് എന്നെഴുതി കാണിക്കുന്നതിന്റെ ഒപ്പം ക്യാമറ താഴുകയും കടല്‍ കാണിക്കുകയും പുറകെ ഓളപ്പരപ്പില്‍ തോണിയും കാണാം. പക്ഷികളുടെ ചിലയും ഒളംവെട്ടിന്റെ ശബ്ദവും മുറിച്ചു നമുക്കെല്ലാം പരിചിതമായ ഡബിള്‍ ബേസിന്റെ നാദം.. പുറകെ ഗ്രൂപ്പ് വയലിനും സന്തൂറും ചേര്‍ന്ന ഗാനത്തിന്റെ തുടക്കം.…..
പാട്ടുണ്ടാക്കുന്ന വേളയില്‍ തനിയ്ക്ക് വേണ്ടതെന്താണ് എന്ന് കൃത്യമായി വിഷ്വലൈസ് ചെയ്തു പറഞ്ഞുകൊടുത്തിട്ടുണ്ടാവണം ഭരതന് സര്. ദൃശ്യസംഭാഷണങ്ങളിലൂടെ ഒരു അര‑മുക്കാല്‍ മണിക്കൂര്‍ എടുത്തുപറയേണ്ട കാര്യങ്ങള്‍ ആണ് ഏഴര മിനുറ്റ് നീളുന്ന പാട്ടുകൊണ്ട് പറയേണ്ടത്. അവിടുന്ന് വേണം സിനിമ തുടങ്ങാന്‍. എങ്ങനെ ആവാം അവരത് ഉണ്ടാക്കിയത്? അറിയില്ല. പലരും പറഞ്ഞുകേട്ട അവരുടെ ശീലങ്ങള്‍ വെച്ച് വലിയ ആഘോഷത്തിന്റെ ഇടയില്‍ എപ്പോഴോ ആവണം ശൂന്യതയില്‍ നിന്നും രവീന്ദ്രന് മാസ്റ്റര്‍ തന്റെ ഇടിവെട്ടുമാറ് ശബ്ദത്തില്‍ ഒരീണം പാടിയിട്ടുണ്ടാവുക. ഭരതന് അത് ഏറ്റുപിടിച്ചു ഈണത്തെ പോലിപ്പിചിട്ടുണ്ടാവും. ചിലപ്പോള്‍ കെട്ടിപ്പിടിചിട്ടുണ്ടാകും. ചിലപ്പോള്‍ അത് മാറ്റാന്‍ പറഞ്ഞു അടി കൂടിയിട്ടുണ്ടാകും.
തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം … മുക്കുവ വായ്ത്താരി സംഘഗായകര്‍ മുഴക്കുന്നു.. പുറകെ ചെറു ഉപകരണനാദം.. യേശുദാസിന്റെ പ്രിയപ്പെട്ട ശബ്ദം കയറിവരുന്നു..
‘പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ്
കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ് ’
ലതിക ടീച്ചറുടെ ശബ്ദം
ഓ.….……
കഥ പറയും കാറ്റേ
സംഘഗായകര്‍ ‘പവിഴത്തിരമാലകള്‍ കണ്ടാ’
മെലഡി കണ്‍സ്ട്രക്ഷന്‍ ഒന്ന് നോക്കൂ.. ലതിക ടീച്ചര്‍ പാടുന്ന ഭാഗം 4 വരിയിലും ഒരൊറ്റ ഈണം ആണ്. പക്ഷെ അതിനെ ഏറ്റു പിടിക്കുന്ന സംഘഗായകര്‍ പാടുന്ന ഭാഗം ഉയര്‍ന്നുയര്‍ന്നു പോക്കുന്നു.
ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ
തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ
തുയിലുണരും കോണില്‍ അരമനയണിവടിവാണേ.…
പിന്നീടവര്‍ ഒന്നിച്ച്
പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ..
പിന്നാലെ ‘പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ്’ പാടുന്ന ദാസേട്ടന് പൂങ്കോടിയില്‍ എന്ന ഭാഗം നീട്ടി ഇടുന്ന സംഗതി ഒക്കെ ഒരു രക്ഷയും ഇല്ലാത്തതാന്.
അമ്മയില്ലാത്ത കൈകുഞ്ഞുമായി അച്ചൂട്ടി കടലിലൂടെ തുഴഞ്ഞ് മറ്റൊരു തുറയില്‍ എത്തുന്നു.
വയലിനും സന്തൂറും ഫ്ലൂട്ടും ചേര്‍ന്ന മനോഹരമായ ഇന്റര്ലൂട് ആണ് പുറകെ വരുന്നത്.
മുത്താണേ കൈക്കുരുന്നാണേ
പൂമെയ്യില്‍ മീന്‍ പെടപ്പാണേ
കടലമ്മ പോറ്റുന്ന പൊന്‍കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ്
തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ്
കൈ വളര് മെല്ലെ കാല് വളര് മെല്ലെ അടിമുടി നിന് പൂമെയ് വളര്
പുതിയ തുറയും കൂട്ടുകാരുമായി അച്ചൂട്ടിയും കുഞ്ഞും കൂടുന്നു…
പിന്നാലെ വരുന്ന ഇന്റര്ലൂട് അതി അതിമനോഹരം ആണ്. രാഗം ജയന്തശ്രീയിലേക്ക്. സ്ട്രിംഗ്സിന്റെ ഒപ്പം സിത്താറും ഒടുവില്‍ വന്നു ചേരുന്ന ഫ്ലൂട്ടും. ( ഫ്ലൂട്ടില്‍ വായിച്ചിരിക്കുന്ന മെലഡി മാസ്റ്റര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആയില്യം നാളില്‍ എന്ന ചിത്രത്തിന് വേണ്ടി ‘ഓ അനുപമ നീ..’ എന്ന ഗാനമാക്കി മാറ്റിയിട്ടുണ്ട്). അചൂട്ടിയുടെ മുത്ത് വളരുന്നു.
കാണെക്കാണെ കണ് നിറഞ്ഞേ പൂംപൈതല്‍ (2)
അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള്
മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം
പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ്
തംതം തനതംതം തനനന (2)
നംതം നനനംതം തനനന (2)
ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം
വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ
നനനനനന നാന നാന ..ഒ ഒ ഒ ഒ ഓ..
ഫോക്ക് കുറച്ചു സോഫ്റ്റ് ആയ ഒരു മെലഡി ആണ് ഈ ഭാഗം. പക്ഷെ ഇടയ്ക്ക് ലിങ്കുകള്‍ ആയി വായ്ത്താരി വരുന്നുണ്ട് താനും. മുത്തിന്റെ ബാല്യകാലം അങ്ങനെ കടന്നുപോകുന്നു.
അവസാനത്തെ ഭാഗം, സിന്ധുഭൈരവിയില്‍ മുത്തിന്റെ കൗമാരം ആണ്. അതാവാം മാഷ് ഒരല്പം ചടുലമായ ഈണം പിടിച്ചത്.
വേലപ്പറമ്പില് ‑ഓ- കടലാടും വിളുമ്പില്‍ ‑ഓ-
മെല്ലെത്തുടുത്തൂ ‑ഓ- മുത്തണിയരത്തി ‑ഓ-
പൂമെയ് മിനുങ്ങി ‑ഓ- പൂക്കന്നം തിളങ്ങി ‑ഓ-
ചന്തം തുളുമ്പും ‑ഓ- പൊന്മണിയരയത്തി ‑ഓ-
അവളേ… നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും
കനവില്‍ പാല്ക്കുടങ്ങള് നിറവഴിഞ്ഞൂ കര കവിഞ്ഞൂ
കനവില്‍ പാല്ക്കുടങ്ങള് നിറവഴിഞ്ഞൂ കര കവിഞ്ഞൂ
ഇതിന്റെ നട നല്ല രസകരമായിട്ടാണ് പോകുന്നത്. അതിന്റെ ഒപ്പം മനസ്സും തുള്ളും.
ഒരൊറ്റ ഗാനത്തിലൂടെ കൈതപ്രവും രവീന്ദ്രന് മാസ്റ്ററും ചേര്‍ന്ന് കൈക്കുഞ്ഞായിരുന്ന മുത്തുമായി പുതിയ തുറയില്‍ വന്നെത്തുന്ന അച്ചൂട്ടി ഒറ്റയ്ക്ക് കുഞ്ഞിനെ വളര്‍ത്തുന്നത് കാണിക്കുന്നു. അവിടുന്ന് കഥ തുടങ്ങാന്‍ പാകത്തിന്. രവീന്ദ്രന് മാസ്റ്ററുടെ ടോപ്പ് 5 ഗാനങ്ങളില്‍ ഒന്ന് ഏന് നിസംശയം പറയാം.
ഇതില്‍ കൌതുകമുള്ള കാര്യം ഈ ഗാനത്തിന് തൊട്ടുപുറകെ വരുന്നതും മറ്റൊരു ഗാനം ആണ്. ’ ഹൃദയരാഗ തന്ത്രി മീട്ടി..’. ഇടയ്ക്ക് മറ്റു സംഭാഷണങ്ങള്‍ ഒന്നും തന്നെയില്ല. അതിന് ശേഷമാണ് സംഭാഷണങ്ങളും ജോണ്സണ് മാഷിന്റെ പശ്ചാത്തല സംഗീതവുമൊക്കെ വരുന്നത്. അതൊരു അപൂര്‍വത ആവണം.
അമരത്തിന്റെ 30 ആം വാര്‍ഷിക വേളയില്‍ ലോഹിതദാസും ഭരതനും മുരളിയും രവീന്ദ്രന് മാസ്റ്ററും ഒന്നും നമ്മോടൊപ്പം ഇല്ല. എന്നിരുന്നാലും അവരുണ്ടാക്കിയ പാട്ടുകളും ദൃശ്യങ്ങളും ഒക്കെ നമ്മെ ഇപ്പോഴും ആഴത്തില്‍ തൊടുന്നു. അതുല്യ പ്രതിഭകള്‍. പത്മശ്രീ പ്രഭയില്‍ നിറഞ്ഞു നില്ക്കുന്ന കൈതപ്രത്തെ നമിക്കുന്നു. മമ്മൂക്കാ — നിങ്ങള്‍ എന്തൊരു ഉജ്ജ്വല പ്രകടനമാണ് ഈ ചിത്രത്തില്‍ നടത്തിയത്.
english summary ; Bharan special story
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.