Thursday
20 Jun 2019

സ്ത്രീകള്‍ നല്‍കിയ പിന്തുണ വോട്ടായി മാറിയ ഓര്‍മയില്‍ ഭാര്‍ഗവി തങ്കപ്പന്‍

By: Web Desk | Saturday 13 April 2019 11:14 PM IST


പി എസ് രശ്മി

സ്ത്രീകള്‍ പൊതുരംഗത്ത് അപൂര്‍വമായി മാത്രം എത്തുന്ന കാലഘട്ടത്തിലാണ് ഭാര്‍ഗവി തങ്കപ്പന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അതും സര്‍ക്കാര്‍ ഉദ്യോഗം വേണ്ടെന്നുവച്ച്. എംപിയും ഡെപ്യൂട്ടി സ്പീക്കറുമൊക്കെ ആയ സ്ത്രീ എന്നത് തെല്ലൊരു കൗതുകം തന്നെയായിരുന്നു അന്ന്. ഒപ്പം നിറഞ്ഞ സ്‌നേഹവും. ഇന്നും തെരെഞ്ഞെടുപ്പകാലത്തെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ അവര്‍ ആ പഴയകാലത്തേക്ക് തിരിച്ചുപോകും. ഓര്‍മകളില്‍ പുതുമയോടെ മങ്ങാതെ നില്‍ക്കുന്ന തെരഞ്ഞെടുപ്പിന്റെ ആവേശം നിറഞ്ഞ ദിനങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ അതൊരു പുതിയ ഊര്‍ജം നല്‍കും.

രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങുമ്പോള്‍ ഭാര്‍ഗവി തങ്കപ്പന്‍ രാഷ്ട്രീയ രംഗത്ത് പുതുമുഖമായിരുന്നെങ്കിലും അവിടെ നിന്നും മികച്ച ഒരു പൊതുപ്രവര്‍ത്തകയുടെ തുടക്കമായിരുന്നു. 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ അടൂരില്‍ മത്സരിക്കാന്‍ സിപിഐ ഭാര്‍ഗവി തങ്കപ്പനെ തെരഞ്ഞെടുക്കുമ്പോള്‍ കെഎസ്ഇബി ഉദ്യോഗസ്ഥയായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍. പി കെ കുഞ്ഞച്ചന്‍ ആയിരുന്നു എതിരാളി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയം. പിന്നെ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളുമായി രാഷ്ട്രീയരംഗത്തെ മികച്ച പെണ്‍സാന്നിധ്യമായി മാറി.1977ല്‍ നെടുവത്തൂരില്‍ നിന്നും നിയമസഭയിലേക്കും 1980മുതല്‍ നാല് വട്ടം കിളിമാനൂരിനെ പ്രതിനിധീകരിച്ചു തുടര്‍ച്ചയായി നിയമസഭയില്‍. എട്ടാം നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറുമായി.

1971ല്‍ പാര്‍ട്ടി പറഞ്ഞിട്ടാണ് മത്സരത്തിന് ഇറങ്ങിയത്. വല്യ സന്തോഷം തന്നെ ആയിരുന്നു അത്. ഭാര്‍ഗവി തങ്കപ്പന്‍ ഓര്‍മിക്കുന്നു. ആദ്യം ജോലി കിട്ടിയത് റബര്‍ ബോര്‍ഡില്‍ ആയിരുന്നു. അവിടെനിന്നും കെഎസ് ഇബിയില്‍ ജോലിയില്‍ പ്രവേശിച്ചു അധികം കഴിയും മുന്‍പാണ് തെരഞ്ഞെടുപ്പ് എത്തുന്നതും മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നതും. ജോലി ഉപേക്ഷിക്കാനും മല്‍സരത്തിനിറങ്ങാനും രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് ഭാര്‍ഗവി തങ്കപ്പന്‍ പറയുന്നു. പ്രചാരണകാലവും ഇപ്പോഴത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇത്ര സമയംകൊണ്ട് തീര്‍ക്കണം എന്നൊന്നുമില്ല. നേരം വെളുക്കുമ്പോഴാണ് പലപ്പോഴും പ്രചാരണം കഴിഞ്ഞു തിരിച്ചെത്തുക. ഉറങ്ങാനുള്ള സമയമൊന്നും കാര്യമായി ഉണ്ടാവില്ലായിരുന്നു. രാവിലെ വീണ്ടും പ്രചാരണം തുടങ്ങും. ചിലപ്പോള്‍ നിശ്ചയിച്ചതിലും കൂടുതല്‍ സമയം വേണ്ടി വരും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്താന്‍. മുന്‍കൂട്ടി തീരുമാനിക്കാത്ത ചില പര്യടനപരിപാടികള്‍ വരികയും ചെയ്യും. അങ്ങനെ നേരം പുലരുവോളം പ്രചാരണം. ഇപ്പോഴും അതെല്ലാം ഓര്‍മിക്കുമ്പോള്‍ ആ പഴയ സ്ഥാനാര്‍ഥിയുടെ ആവേശം തിളങ്ങുന്നുണ്ട് ഈ നേതാവില്‍.

അന്ന് തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നില്ല. ചുവരെഴുത്തും കൊടികളും സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥനയും ആയിരുന്നു ആകെയുള്ള പ്രചാരണ മാര്‍ഗങ്ങള്‍. ബോര്‍ഡുകളോ ഫ്‌ളക്‌സുകളോ ഒന്നുമില്ല. പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും ഒക്കെ തന്നെയാണ് ജനങ്ങളിലേക്ക് നമ്മുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എത്തിക്കാനുള്ള പ്രധാന മാര്‍ഗം. ഇന്ന് സമൂഹമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും എല്ലാം തെരഞ്ഞെടുപ്പിനെ ആഘോഷമായി മാറ്റിയെന്ന് ഭാര്‍ഗവി തങ്കപ്പന്‍.

തെരഞ്ഞെടുപ്പു കാലത്തേക്കുള്ള തിരിഞ്ഞുനോട്ടത്തില്‍ ഓര്‍മയില്‍ ആദ്യം എത്തുന്നതും അന്നത്തെ സാധാരണക്കാരായ സ്ത്രീകള്‍ നല്‍കിയ പിന്തുണയെ കുറിച്ചാണെന്ന് അവര്‍ പറയുന്നു. സ്ത്രീകള്‍ അത്ര രാഷ്ട്രീയ പ്രബുദ്ധത നേടിയിട്ടില്ലാത്ത അന്നുപോലും ഓരോ സ്വീകരണകേന്ദ്രത്തിലും അനൗണ്‍സ്‌മെന്റ് കേട്ടു ഓടിയെത്തി സ്വീകരിക്കുന്ന തൊഴിലാളി സ്ത്രീകള്‍. കശുവണ്ടി തൊഴിലാളികളും കയര്‍ തൊഴിലാളികളും എല്ലാം എല്ലാം അന്ന് ആവേശപൂര്‍വമാണ് വരവേറ്റത്. കശുവണ്ടി ഫാക്ടറികളില്‍ പോകുമ്പോള്‍ സ്ത്രീയായ സ്ഥാനാര്‍ഥിയെ കാണാനും സ്വീകരിക്കാനും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഓടിയെത്തുമായിരുന്നു. ഹാരമണിയിച്ചും സ്വീകരിച്ചും വിശേഷങ്ങള്‍ ചോദിക്കും.

ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതില്‍ സ്ത്രീകളുടെ ഒരു വലിയ പങ്കുണ്ടെന്നു ഭാര്‍ഗവി തങ്കപ്പന്‍ വിശ്വസിക്കുന്നു. സ്ത്രീ ആയതുകൊണ്ട് ഒരിക്കലും മാറ്റിനിര്‍ത്തുകയല്ല പകരം മികച്ചവരവേല്‍പ്പ് ഓരോയിടത്തും ലഭിക്കുകയായിരുന്നു. സ്ത്രീകള്‍ കൂട്ടത്തോടെ കാണാനും സ്വീകരിക്കാനും വരുന്നത് തന്നെ ആണ് ഇന്നും ഓര്‍മയില്‍ തെളിയുന്ന കാര്യം. അവര്‍ അത്രയേറെ മുന്നോട്ടുവന്നു എന്നത് ഇപ്പോഴത്തെ കാലത്തു ആലോചിച്ചു നോക്കുമ്പോള്‍ വലിയൊരു മാറ്റമായാണ് തോന്നുന്നത്. കശുവണ്ടി തൊഴിലാളികള്‍ക്ക് കൂലിയും തൊഴില്‍ ദിനവും ഉറപ്പാക്കുക, ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതൊക്കെ തന്നെ ഉയര്‍ത്തികാണിച്ചായിരുന്നു അന്നത്തെ പ്രചാരണം. മുതിര്‍ന്ന നേതാക്കള്‍ എല്ലാം പ്രചാരണത്തിന് എത്തിയിരുന്നുവെന്ന് ഭാര്‍ഗവി തങ്കപ്പന്‍ ഓര്‍മിക്കുന്നു. ജയിക്കും എന്ന് വിശ്വാസം ഉണ്ടായിരുന്നു. പാര്‍ലമെന്റില്‍ കേരളത്തിലെ ഒട്ടു മിക്ക പ്രശ്‌നങ്ങളും ഉന്നയിക്കാന്‍ സാധിച്ചു. പുതിയ ആളാണ് എന്നതു കരുതി പിന്നോട്ട് പോയിട്ടില്ലെന്നും അവര്‍ പറയുന്നു.

ലോക്‌സഭ പാര്‍ട്ടി ലീഡര്‍ അന്ന് ഇന്ദ്രജിത് ഗുപ്തയാണ്. അവരെല്ലാം നല്ല പ്രോത്സാഹനം നല്‍കി. അവരുടെ അനുഭവങ്ങള്‍ പഠിപ്പിച്ചു നല്‍കി. അതെല്ലാം തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ കരുത്തായി. രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ നേതൃ നിരയിലേക്ക് ഇനിയും കടന്നുവരണം എന്നുതന്നെയാണ് ഭാര്‍ഗവി തങ്കപ്പന്‍ പറയുന്നത്. നിയമ നിര്‍മാണ സഭകളില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്നും. ഇക്കുറിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് സജീവമാണ് ഭാര്‍ഗവി തങ്കപ്പന്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടത് വിജയം അനിവാര്യമാണെന്നു അവര്‍ പറഞ്ഞുനിര്‍ത്തുമ്പോള്‍ ആ പഴയ സ്ഥാനാര്‍ഥിയുടെ ആവേശം ഇപ്പോഴും വാക്കുകളില്‍ ജ്വലിക്കുന്നുണ്ട്.

Related News