Web Desk

ന്യൂഡൽഹി

February 17, 2020, 3:38 pm

കേന്ദ്രസർക്കാരിന് പതിനായിരം കോടി രൂപ കുടിശിക നൽകി എയർടെൽ

Janayugom Online

ഭാരതി എയർടെൽ ടെലികോം കമ്പനി പതിനായിരം കോടി രൂപ കേന്ദ്രസർക്കാരിന് കുടിശിക നൽകി. ടെലികോം കമ്പനികൾ സർക്കാരിന് നൽ‍കാനുള്ള കുടിശികകൾ അടയ്ക്കാത്തതിനെതിരെ സുപ്രീംകോടതി ടെലികോം കമ്പനികൾക്കെതിരേ നോട്ടീസ് നൽകുകയും കമ്പനി മേധാവികളോട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാനം സംബന്ധിച്ച (എജിആർ) കോടതി ഉത്തരവിനെ തുടർന്ന് ടെലികോം കമ്പനികൾ സർക്കാരിന് പണം നൽകാത്തതിനെതിരെയായിരുന്നു വെള്ളിയാഴ്ച സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.

അടുത്ത വാദം കേൾക്കലിന് മുൻപ് പണം അടച്ചുതീർക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര താക്കീതും നൽകിയിരുന്നു. ഇതേ തുടർന്നാണ് എയർടെൽ ടെലികോം പണം തിരിച്ചടച്ചത്. സ്പെക്ട്രം ലൈസൻസ് ഫീസ് ഇനത്തിൽ 35,000 കോടി രൂപയുടെ കുടിശികയാണ് എയർടെൽ ടെലികോം കമ്പനിയുടെ ബധ്യത. ഇതിൽ 10,000 കോടിമാത്രമാണ് കമ്പനി ടെലി കമ്മ്യുണിക്കേഷൻ വകുപ്പിന് ഒടുക്കിയിട്ടുള്ളത്. ബാക്കി തുക കമ്പനി വസ്തുവകകളുടെ മൂല്യനിർണ്ണയത്തിന് ശേഷം തിരിച്ചടയ്ക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. പതിനായിരം കോടി രൂപയിൽ 9,500 കോടി ഭാരതി എയർടെൽ ലിമിറ്റഡിന് വേണ്ടിയും 500 കോടി ഭാരതി ഹെക്സാകോമിനുവേണ്ടിയുമാണ് നൽകിയിട്ടുള്ളതെന്ന് കമ്പനി അധികൃതർ പറഞ്ഞു. മിച്ചം തുക സുപ്രീംകോടതി അടുത്ത വാദം കേൾക്കുന്നതിന് മുൻപ് അടച്ചു തീർക്കുമെന്നും കമ്പനി പറഞ്ഞു.

ഭാരതി എയർടെൽ, വോ‍ഡാഫോൺ, ടാറ്റാ ടെലി സർവീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് 1.47 ലക്ഷം കോടിയുടെ കുടിശിക കേന്ദ്രസർക്കരിന് നൽകാനുണ്ടായിരുന്നത്. ഇത് മാർച്ച് 17‑ന് മുമ്പ് സർക്കാരിന് നൽകണമെന്നായിരുന്നു ജസ്റ്റിസുമാരായ അരുൺ മിശ്ര, അബ്ദുൾ നസീർ, എം ആർ ഷാ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത്. എജിആർ കുടിശിക ഈടാക്കുന്ന സുപ്രീംകോടതി ഉത്തരവ് മരവിപ്പിച്ച ടെലി കമ്മ്യുണിക്കേഷൻ വകുപ്പ് ഉദ്യോഗസ്ഥനും കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 24നാണ് പിഴത്തുക അടക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്പനിക്ക് നിർദേശം നൽകിയത്. പിഴ ഒടുക്കാൻ കോടതി നിർദേശിച്ച തീയതി ജനുവരി 23 ആയിരുന്നു.

Eng­lish Sum­ma­ry; Bhar­ti Air­tel pays ₹10,000 crore

YOU MAY ALSO LIKE THIS VIDEO