ആള്‍ദൈവം ഭയ്യുജി മഹാരാജ് സ്വയം വെടിവെച്ച് മരിച്ചു

Web Desk

ഇന്‍ഡോര്‍

Posted on June 12, 2018, 4:14 pm

മധ്യപ്രദേശിലെ ആത്മീയ നേതാവ് ഭയ്യൂജി മഹാരാജ് സ്വയം വെടിവച്ച് മരിച്ചു. സില്‍വര്‍ സ്പ്രിംഗിലെ വസതിയില്‍ വച്ചായിരുന്നു ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ഇന്‍ഡോറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭയ്യൂജി അടുത്തകാലത്തായി വിഷാദരോഗത്തിന് അടിമയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭയ്യൂജിയുടെ ആദ്യ ഭാര്യ മാധവി 2015ല്‍ മരിച്ചു. 2017ല്‍ ഡോ.ആയുഷി ശര്‍മയെ വിവാഹം ചെയ്തു. മാധവിയുടെ മരണത്തെ തുടര്‍ന്ന് ഭയ്യൂജിയും മകളും തമ്മില്‍ അകന്നതായും ബന്ധുക്കള്‍ പറഞ്ഞു.

1968ല്‍ ഷുജല്‍പൂരില്‍ ജനിച്ച ഭയ്യൂജി മഹാരാജിന്റെ യഥാര്‍ത്ഥ പേര് ഉദയ് ദേശമുഖ് എന്നാണ്. ആത്മീയതയിലേക്ക് കടക്കുന്നതിന് മുമ്പ് മോഡലായിരുന്നു. ഉന്നത രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും തമ്മില്‍ ഭയ്യുജിക്കുള്ള ബന്ധം വന്‍ ചര്‍ച്ചാവിഷയമായിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏറെ ആരാധകര്‍ ഉള്ള ആളാണ് ഭയ്യുജി മഹാരാജ്. അണ്ണാ ഹസാരെ 2011 ല്‍ നടത്തിയ അഴിമതി വിരുദ്ധ സമരത്തില്‍ ഭയ്യുജിയും ഉണ്ടായിരുന്നു.

മധ്യപ്രദേശില്‍ ഈ വര്‍ഷം അഞ്ച് മതനേതാക്കള്‍ക്ക് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോള്‍ ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കംപ്യൂട്ടര്‍ ബാബ, പണ്ഡിറ്റ് യോഗേന്ദ മഹന്ത് തുടങ്ങിയവര്‍ക്കൊപ്പം ഭയ്യുജി മഹാരാജും ഉണ്ടായിരുന്നു. ജല സംരക്ഷണം, വൃത്തിശീലം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയായിരുന്നു ഇവര്‍ക്ക് സഹമന്ത്രി പദവി നല്‍കിയത്. 2016ല്‍ പൂനെയിലെ രഞ്ജന്‍ഗാവ് റോഡില്‍ വച്ച് ഭയ്യൂജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു.