March 21, 2023 Tuesday

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ ഭീം ആർമി റാലി ഇന്ന്

Janayugom Webdesk
നാഗ്‌പുർ
February 22, 2020 8:32 am

ആർഎസ്എസിന്റെ ആസ്ഥാനത്തിന് മുന്നിലുള്ള മൈതാനത്ത് ഇന്ന് വൈകിട്ട് ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി വൻ റാലി സംഘടിപ്പിക്കും.  വിജയദശമി മഹാസമ്മേളനം ഉൾപ്പെടെ ആർഎസ്എസിന്റെ പ്രധാനപരിപാടികൾ നടക്കുന്ന റെഷിംബാഗ് മൈതാനത്ത് ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഭീം ആർമി റാലി സംഘടിപ്പിക്കുന്നത്. ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ചാണ് ഉപാധികളോടെ റാലിക്ക് അനുമതി നല്കിയത്. ജസ്റ്റിസുമാരായ സുനിൽ ശുക്രെ, മാധവ് ജംദാർ എന്നിവരടങ്ങിയ ബെഞ്ചാണ് ദളിത് സംഘനയായ ഭീം ആർമിയുടെ അപേക്ഷയെ തുടർന്ന് അനുമതി നല്കിയത്.

അനുമതി ലഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ച ചന്ദ്രശേഖർ ആസാദ് റാലിയിൽ താൻ പങ്കെടുക്കുമെന്ന് കുറിച്ചു. ‘ഞാൻ നാഗ്പുരിലേയ്ക്ക് വരുന്നു, ശനിയാഴ്ച 2.30 ന് ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ. ആർഎസ്എസ് ഒരിക്കലും ആദരിച്ചിട്ടില്ലാത്ത ത്രിവർണ പതാക അവിടെ ഉയർത്തും’. ആസാദ് കുറിച്ചു. ആർഎസ്എസ് ആസ്ഥാനമായ സ്മൃതി മന്ദിറിന് തൊട്ടടുത്താണ് റെഷിംബാഗ് സഥിതി ചെയ്യുന്നത്. നേരത്തേ ക്രമസമാധാനപ്രശ്നം ഉന്നയിച്ച് കോ‌ട്‌വാലി പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രവർത്തകയോഗം മാത്രമേ പാടുള്ളൂ, പ്രകടനമോ പ്രതിഷേധമോ പാടില്ല, പ്രകോപനപരമായ പ്രസംഗം പാടില്ല, സമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കണം എന്നീ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികളിൽ ഏതെങ്കിലും ലംഘിച്ചതായി കണ്ടെത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നതാണെന്നും കോടതി ഉത്തരവിലുണ്ട്.

Eng­lish Sum­ma­ry: Bheem army ral­ly today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.