Web Desk

പൂനെ

January 30, 2020, 6:02 pm

ഭീമ കൊറേഗാവ് കേസ്; ജസ്റ്റിസ് ബി ജി കോൽസെ പാട്ടീൽ നിയമ നടപടിയിലേക്ക്

Janayugom Online

ഭീമ കൊറേഗാവ് കേസിൽ എൻഐഎ അന്വേഷണം ഏറ്റെടുത്തതിനെതിരെ ജസ്റ്റിസ് ബി ജി കോൽസെ പാട്ടീൽ നിയമ നടപടിയിലേക്ക്. മുൻ ഹൈക്കോടതി ജഡ്ജിയും എൽഗാർ പരിഷത്തിന്റെ സംഘാടകനുമായ ജസ്റ്റിസ് ബി ജി കോൽസെ പാട്ടീലാണ് കേന്ദ്ര അന്വേഷണത്തിനെതിരെ നിയമ നടപടിയ്ക്ക് പോകുമെന്ന് മുന്നറിയിപ്പ് നൽകിയത്.

താനും എൽഗാർ പരിഷത്തിന്റെ സംഘാടകരും കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പോകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സർക്കാരിനു കീഴിൽ പൊലീസ് നടത്തിയ തെറ്റായ അന്വേഷണം പുറത്ത് വരുമെന്ന് ഭയന്നാണ് കേന്ദ്രം കേസ് എൻഐഎയ്ക്ക് കൈമാറിയതെന്നും ഇത് നിലവിലെ ഭരണ സഖ്യത്തിനെതിരെയുള്ള പ്രതികാര നടപടിയാണെന്നും ജസ്റ്റിസ് പറഞ്ഞു.
കേസിലെ അന്വേഷണം കെട്ടിച്ചമച്ചതാണെന്നും ദുർബലമായ കാരണങ്ങളെ അടിസ്ഥാനമാക്കിയാണെന്നും നിലവിലെ മഹാരാഷ്ട്ര സർക്കാരിന്റെ ആഭ്യന്തര വകുപ്പ് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിനായി എസ്‌ഐടിയെ നിയമിക്കാൻ പദ്ധതിയിട്ടതിനു പിന്നാലെയാണ് കേസ് എൻഐഎയ്ക്ക് കെെമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന് കൃത്യത ഉണ്ടായിട്ട് പോലും കേസ് എന്തിനാണ് കേന്ദ്ര ഏജൻസിക്ക് കൈമാറിയതെന്നും കോൽസെ ചോദിച്ചു.

“കേസിന്റെ പ്രാഥമിക അന്വേഷണത്തിനിടെ ഹിന്ദുത്വ നേതാക്കളായ മിലിന്ദ് എക്ബോട്ട്, സാംബാജി ഭീഡെ എന്നിവരുടെ പേരുകൾ ഉയർന്നുവന്നിരുന്നു, പിന്നീട് കേസ് വഴിതിരിച്ചു വിട്ടു. ശിവപ്രതിസ്ഥാൻ ഹിന്ദുസ്ഥാന്റെ തലവനായ മുൻ ആർ‌എസ്‌എസ് പ്രവർത്തകനായ ഭീഡെ എഫ്‌ഐ‌ആറിൽ ഇടംപിടിച്ചെങ്കിലും അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല” അദ്ദേഹം പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ തനിക്കും സംഘാടകർക്കും വ്യക്തിപരമായി അറിയില്ല. കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിച്ച് ദളിതർക്കെതിരെ കേസെടുത്തതിനെതിരെ എസ്‌സി/എസ്ടി അതിക്രമ നിയമ പ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സാധിക്കുമോയെന്ന കാര്യം ഞങ്ങൾ അന്വേഷിക്കുകയാണ്. കേസ് സമഗ്രമായി അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് കോൽസെ പാട്ടീൽ വ്യക്തമാക്കി.

Eng­lish sum­ma­ry:Bheema Kore­gaon case; Jus­tice BG Colsey Patil takes legal action

YOU MAY ALSO LIKE THIS VIDEO