24 April 2024, Wednesday

ഭീമ രസപാനം

Janayugom Webdesk
July 10, 2022 7:26 am

നിദ്രയിലാഴും നേരം
മുക്കിക്കൊല്ലുവാൻ
തക്കം പാർത്തിരുന്നു
കൗരവ രാജ ദുര്യോധനൻ
കൊട്ടാരക്കുളക്കടവിൽ
ജലക്രീഡക്കായ് തീർത്തു
കേളീഗൃഹങ്ങളും പിന്നെ
സ്വാദേറും ഭോജ്യങ്ങളും
ഒരുക്കങ്ങളെല്ലാം തകൃതിയായ്,
ആതിഥ്യമേറ്റു വാങ്ങാനായ്
ആഗതരായേറ്റവുമാമോദത്താൽ
പാരാതെ പാണ്ഡവസോദരർ
രാജ പ്രൗഢിയിൽ
രാജപുത്രർ നീരാടിടും തിളങ്ങും
കുളപ്പടവുകൾ കണ്ട് വിസ്മയഭരിതരായ്
ആഗതർ
ഏറ്റോം പ്രിയതരാം മധുരമൂറും വിഭവങ്ങൾ
കൊതിയോടെ ഭുജിക്കുമ്പോൾ
ശക്തനാം ഭീമനറിഞ്ഞില്ല
രാജ ചതിയുടെ പുത്തനടവുകൾ
മെല്ലെ മെല്ലെ
കാളകൂട വിഷമേറ്റ്
ശുദ്ധാത്മാവാം ഭീമൻ
തളർന്നു വീണു പാരിൽ
കൊടും ചതിയുടെ സൂത്രധാരനാം
ധാർത്തരാഷ്ട്രൻ ചിരിച്ചിടുന്നനേരം
ആ ചിരപുരാതന ചിരിയിൽ
വായു പുത്രനിതാ താഴുന്നു ജലധിയിൽ
ബോധമറ്റങ്ങനെ നിശ്ചലനായ്
വള്ളിക്കയറിൽ ബന്ധിതനായ്
ഇതിഹാസ വീരൻ ഭീമൻ
കുളത്തിന്നാഴങ്ങളിലേക്കമർന്നു
നാഗലോകത്തണഞ്ഞ ശക്തിദുർഗനെ
നാഗകൂട്ടങ്ങളാഞ്ഞാഞ്ഞു കൊത്തി
നാഗ വിഷമേറി കാളകൂടവിഷമെല്ലാമലിഞ്ഞതും
രൗദ്ര ഭീമന്റെ പ്രഹരമറിഞ്ഞു നാഗങ്ങൾ
രണ്ടാംമൂഴക്കാരന് ബന്ധുതൻ ബന്ധുവാം
നാഗരാജ വാസുകിയേകിയ
എട്ടു കുംഭം നിറയേ
ശ്രേഷ്ഠ ബലാ രസം കുടിച്ച്
പത്തായിരത്തോളമാനകൾതൻ
ശക്തി നേടിയും
ഹസ്തിനപുരിയിലെ രാജദേശത്തിലെത്തി
ഭീമ ഭീമനായ് വീണ്ടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.