ഭീമനും പെരുമ്പാമ്പും

Web Desk
Posted on May 19, 2019, 8:47 am

സന്തോഷ് പ്രിയന്‍

പാണ്ഡവരുടെ വനവാസകാലം. ഒരു ദിവസം ഭീമന്‍ വനത്തിലൂടെ ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു. കാനനഭംഗിയൊക്കെ ആസ്വദിച്ച് പുഴകളും മലകളുമൊക്കെ കടന്ന് ഗദയും ചുഴറ്റി അങ്ങനെ നടന്നു. ഇടയ്ക്ക് മുമ്പില്‍ കണ്ട മൃഗങ്ങളെ ഓടിക്കാനും മറന്നില്ല. ശക്തിക്കൊപ്പം കുസൃതിത്തരങ്ങളും ഭീമനില്‍ നിറഞ്ഞുനിന്നിരുന്നല്ലോ.
ഒടുവില്‍ ഭീമന്‍ മനോഹരമായ ഒരു അരുവിയുടെ തീരത്തെത്തി. അതിന്റെ തീരത്തെ വൃക്ഷത്തില്‍ നിറയെ ചുവന്നുതുടുത്ത പഴങ്ങള്‍ കണ്ടപ്പോള്‍ ഭീമന് കൊതിവന്നു.- മരത്തില്‍ കയറി കുറച്ചു തിന്നാലോ. ഭീമന്‍ ഓര്‍ത്തു. — നല്ല വിശപ്പുണ്ട്. പഴങ്ങള്‍ തിന്നിട്ടുതന്നെ ബാക്കി കാര്യം.
പിന്നെ താമസിയാതെ മരത്തില്‍ കയറി പഴങ്ങള്‍ തിന്നാന്‍തുടങ്ങി. നല്ല സ്വാദായതിനാല്‍ എല്ലാ പഴങ്ങളും ഭീമന്‍ അകത്താക്കി. ഇത്രയും മധുരമുള്ള പഴം ഭീമന്‍ ഇതുവരെ കഴിച്ചിട്ടില്ലായിരുന്നു.
ദാഹിച്ചപ്പോള്‍ അരുവിയിലെ തെളിനീര്‍ കുടിച്ചു. അപ്പോഴാണ് ഒന്നു വിശ്രമിക്കണമെന്ന് തോന്നിയത്. ഉടനെ മരച്ചുവട്ടിലെ പച്ചപ്പുല്‍പ്പരപ്പില്‍ നീണ്ടുനിവര്‍ന്ന് കിടപ്പായി. നല്ല സുഖമുള്ള കാറ്റ്, വയറു നിറഞ്ഞ സംതൃപ്തി, പട്ടുമെത്ത പോലത്തെ പുല്‍പ്പരപ്പ്, പോരെങ്കില്‍ നിശബ്ദമായ ചുറ്റുപാട്. ഇതൊക്കെ കാരണം ഭീമസേനന്‍ ഉറങ്ങിപ്പോവുകയും ചെയ്തു.
കുറച്ചുകഴിഞ്ഞപ്പോഴാണ് ഭീമന്‍ ഞെട്ടിയുണര്‍ന്നത്. നോക്കിയപ്പോള്‍ ഒരുഭയങ്കരന്‍ പെരുമ്പാമ്പ് ഭീമനെ ചുറ്റിവരിഞ്ഞിരിക്കുന്നു.
‑ഇത്രേയുള്ളോ കാര്യം- ഭീമന് തമാശ തോന്നി. ഭീമസേനനോടാണോ നിന്റെ കളി. നിന്റെ തല കല്ലില്‍ അടിച്ച് രണ്ടായി കീറിയിട്ട് ബാക്കി കാര്യം. ഭീമന്‍ തന്റെ ശരീരം ശക്തിയായി ഒന്നു കുലുക്കി. യാതോരു ഫലവുമില്ല. ‑ഇവന്‍ വിടുന്ന ലക്ഷണമില്ലല്ലോ. വീണ്ടും അതിശക്തമായി ഒന്നുപിടഞ്ഞു. എന്നിട്ടും പാമ്പ് ഒരു അണുപോലും വിട്ടില്ല.
പാമ്പ് വിടുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോള്‍ ഭീമന് ദേഷ്യമായി. പിന്നെ ഇരുവരും പൊരുതി. ആള്‍ബലത്തില്‍ ഒരിയ്ക്കലും തോറ്റിട്ടില്ലാത്ത ഭീമന്‍ പരാജയപ്പെടുന്ന അവസ്ഥയായി.
ഒടുവില്‍ ഭീമന്‍ ചോദിച്ചു. ‘ഹേയ് അങ്ങ് ആരാണ്.?’
അപ്പോള്‍ പെരുമ്പാമ്പ് സംസാരിക്കാന്‍ തുടങ്ങി. ‘ഏയ് ഭീമസേനാ, ഈ കാണുന്ന അരുവിയും സമീപപ്രദേശവും എന്റേതാണ്. ഇവിടേയ്ക്ക് വരുന്ന മനുഷ്യര്‍ എന്റെ ഭക്ഷണവും. ഞാന്‍ ജന്മനാ പെരുമ്പാമ്പ് ആയിരുന്നില്ല. അഷ്ടാവക്രമുനിയുടെ മകനായിരുന്നു. ഒരിയ്ക്കല്‍ ഞാന്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍ എന്നെ ശപിച്ച് പെരുമ്പാമ്പാക്കി മാറ്റി. ഇവിടെ വരുന്ന മനുഷ്യരോട് ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കും. മൂന്നിനും ശരിയായ ഉത്തരം നല്‍കുന്നവരെ ഞാന്‍ മോചിപ്പിക്കും. മാത്രമല്ല എനിക്ക് ശാപമോക്ഷവും കിട്ടും.’
അതുകേട്ട് ഭീമന്‍ ചോദിച്ചു.
‘ആട്ടെ, എന്താണാ ചോദ്യങ്ങള്‍?’
‘പറയാം, പണ്ട് പാഞ്ചജന്യന്‍ എന്നു പേരായ അഗ്നി പിതൃക്കള്‍ക്കുവേണ്ടി അഞ്ച് പുത്രന്മാരെ ജനിപ്പിച്ചു. അവരില്‍ ശ്രേഷ്ഠന്‍ ആരായിരുന്നു?’
അതുകേട്ട് ഭീമന്‍ കുഴഞ്ഞ മട്ടായി. ‑താന്‍ ഇതിനെങ്ങനെ ഉത്തരം നല്‍കും. ഇങ്ങനെയൊരു അഗ്നിയെകുറിച്ച് കേട്ടിട്ടുപോലുമില്ല. ഉത്തരം അറിയില്ലെന്ന് പറഞ്ഞപ്പോള്‍ പെരുമ്പാമ്പ് അടുത്ത ചോദ്യം ചോദിച്ചു.
‘ത്രിലോക സഞ്ചാരിയായ നാരദമഹര്‍ഷിയുടെ ഭക്തിസൂത്രങ്ങളോളം പ്രശസ്തിയുള്ള ഭക്തിമാര്‍ഗങ്ങളറിയാവുന്ന ഒരാള്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട്. ആരാണത്?’
അതും ഭീമന് അറിയില്ലായിരുന്നു. അപ്പോള്‍ പെരുമ്പാമ്പ് മൂന്നാമത്തെ ചോദ്യവും ചോദിച്ചു.
‘അസുര ശില്പിയായ മയനെ അറിയാത്തവര്‍ ഇല്ലല്ലോ. മയന്‍ ആരെ തപസുചെയ്താണ് തച്ചുശാസ്ത്രത്തിന്റെ പൂര്‍ണരൂപം ഗ്രഹിച്ചത്?’
പക്ഷേ എന്തു ചെയ്യാന്‍ ഭീമന് ഒന്നിന്റേയും ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ഇതിനിടെ പാണ്ഡവര്‍ ഭീമനെ കാണാതായപ്പോള്‍ ആകെ പരിഭ്രമിച്ചു. ഭീമന് എന്തോ ആപത്ത് സംഭവിച്ചുവെന്ന് യുധിഷ്ഠിരന് മനസിലായി. അദ്ദേഹം ഭീമനെ തേടിയിറങ്ങി. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീമന്റെ അടുത്തെത്തി. തന്റെ സഹോദരന് പറ്റിയ അവസ്ഥ കണ്ട് യുധിഷ്ഠിരന്റെ മനസ് വേദനിച്ചു. ഭീമനോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം യുധിഷ്ഠിരന്‍ നല്‍കാന്‍ തയ്യാറായി.
അദ്ദേഹം ഉത്തരങ്ങള്‍ പറഞ്ഞുതുടങ്ങി. പാഞ്ചജന്യന്‍ എന്ന അഗ്നിയുടെ അഞ്ചുപുത്രന്മാരില്‍ ശ്രേഷ്ഠന്‍ അനുദത്തനാണെന്നും ത്രിലോക സഞ്ചാരിയായ നാരദന്റെ ഭക്തിസൂക്തങ്ങളോളം പ്രശസ്തിയുള്ള ജ്ഞാനി സാന്ദില്യന്‍ ആണെന്നും മയന്‍ ബ്രഹ്മാവിനെ തപസു ചെയ്താണ് തച്ചുശാസ്ത്രത്തിന്റെ പൂര്‍ണരൂപം ഗ്രഹിച്ചതെന്നും പറഞ്ഞു.
മൂന്നു ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം കിട്ടിയപ്പോള്‍ പെരുമ്പാമ്പിന് സന്തോഷമായി. ഉടന്‍ ഭീമനെ മോചിപ്പിക്കുകയും പെരുമ്പാമ്പ് മുനികുമാരനായി മാറുകയും ചെയ്തു. പിന്നീട് ഭീമനും യുധിഷ്ഠിരനും വാസസ്ഥലത്തേക്കു തിരിച്ചു. യാത്രയ്ക്കിടെ യുധിഷ്ഠിരന്‍ പറഞ്ഞു.
‘അനുജാ, ഒരാളില്‍തന്നെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടില്ല. നിന്നില്‍ ശക്തിയാണെങ്കില്‍ മറ്റൊരാളില്‍ ജ്ഞാനവും നീതിബോധവുമായിരിക്കും. അങ്ങനെ ഓരോരുത്തരിലും ഓരോഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കും. എല്ലാം തികഞ്ഞവനാണെന്ന് കരുതി ആരും അഹങ്കരിക്കരുത്.’ അതുകേട്ട് ഭീമന്‍ ഒന്നും പറയാതെ കുനിഞ്ഞ ശിരസുമായി നടന്നു.