Web Desk

മുംബൈ

January 25, 2020, 3:21 pm

ഭീമ കൊറെഗാവ് കേസന്വേഷണം എൻഐഎയ്ക്ക് കൈമാറി

Janayugom Online

ഭീമ കൊറെഗാവ് കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് നിർദ്ദേശം നൽകി. കേസന്വേഷണത്തെ സംബന്ധിച്ച് സംസ്ഥാനത്തിന്റെ പ്രഖ്യാപനം വരാനിരിക്കെയാണ് കേസ് മഹാരാഷ്ട്ര പൊലീസിൽ നിന്ന് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

അതേസമയം കേന്ദ്ര തീരുമാനത്തെ എതിർത്ത് കോൺഗ്രസും എൻസിപിയും രംഗത്തെത്തി. അടിയന്തര പത്രസമ്മേളനം വിളിച്ചു ചേർത്ത സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. കേന്ദ്രം ഏകപക്ഷീയമായി പ്രവർത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രം തീരുമാനത്തിന് മുമ്പ് സംസ്ഥാന സർക്കാരുമായി ആലോചിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ബാലാസാഹേബ് തോറാത്ത് ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് വിരുദ്ധവുമാണ്. ഞങ്ങൾ അതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി എന്താണ് ഭയപ്പെടുന്നതെന്നും എന്തുകൊണ്ടാണ് ഇത്രയും പെട്ടെന്ന് മഹാരാഷ്ട്ര പൊലീസിലുള്ള വിശ്വാസം നഷ്ടമായതെന്നും എൻസിപി വക്താവ് മഹേഷ് തപസെ ചോദിച്ചു. എന്നാൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും ഉപമുഖ്യമന്ത്രി അജിത് പവാറും പൂനെ പൊലീസുമായും സംസ്ഥാന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കേണ്ടതുണ്ടോയെന്ന് അടുത്ത ആഴ്ചയോടെ വകുപ്പ് തീരുമാനമെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിനുശേഷം 2008 ൽ യുപിഎ സർക്കാർ ദേശീയ അന്വേഷണ നിയമം കൊണ്ടുവന്നു. തീവ്രവാദ കേസുകൾ അന്വേഷിക്കുന്നതിനാണ് ഏജൻസി രൂപീകരിച്ചതെങ്കിലും രാഷ്ട്രീയ നേട്ടങ്ങൾക്കായി കേന്ദ്രസർക്കാർ ഇത് ദുരുപയോഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. എൻഐഎ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ജനുവരി 15 ന് ഛത്തീസ്ഗഡ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ‍്തിരുന്നു.