Janayugom Online
Bhima-Koregaon - Dalit protest in Mumbai to arrest Sambhaji Bhide

ഭീമ കൊറെഗാവ്: സംഭാജിയെ അറസ്റ്റ് ചെയ്യാൻ അന്ത്യശാസനം

Web Desk
Posted on March 27, 2018, 10:07 pm
മുംബൈ: ഭീമ കൊറെഗാവ് കലാപത്തിന് നേതൃത്വം നൽകിയ തീവ്ര ഹിന്ദുത്വ നേതാവ് സംഭാജി ഭിടെയെ എട്ടു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ തിങ്കളാഴ്ച നടത്തിയ ‘യലഗാർ’ പ്രക്ഷോഭത്തെക്കാൾ കടുത്ത സമരം ആരംഭിക്കുമെന്ന് ഭാരപ് ബഹുജൻ മഹാസംഘ് (ബിബിഎം) നേതാവ് പ്രകാശ് അംബേദ്‌കർ മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ആസാദ് മൈതാനിയിൽ 15000 ദളിതർ  പകൽ മുഴുവൻ സമരം ചെയ്തു അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന്  ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംഭാജി ഭിടെ പങ്കെടുത്തിനു തെളിവില്ലെന്ന് പറഞ്ഞതാണ് ബി ആർ അംബേദ്‌കറുടെ ചെറുമകൻ കൂടിയായ പ്രകാശ് അംബേദ്കറെ പ്രകോപിപ്പിച്ചത്. ശിവ് പ്രതിഷ്ഠാൻ എന്ന തീവ്ര വലതു സംഘടനയുടെ നേതാവ് ഗുരുജി എന്ന സംഭാജി ഭിടെയാണ് ഭീമ കൊറെഗാവ് കലാപത്തിന്റെ സൂത്രധാരൻ എന്ന് ബിബിഎം ആരോപിച്ചു. സംഭാജി ഭിടെയെ അവിടെ കണ്ടുവെന്ന് ഒരു സ്ത്രീ പറഞ്ഞിരുന്നു.
എന്നാൽ ഇതു തെളിയിക്കപ്പെട്ടില്ലെന്നും സംഭാജിയോ അയാളുടെ അനുയായികൾ ആരുമോ അവിട ആറു മാസത്തിനുള്ളിൽ പോയിട്ടില്ലെന്നും ഫഡ്‌നാവിസ് അവകാശപ്പെട്ടു. ദളിതർ ഭാഗഭാക്കായി 200 വര്ഷം മുമ്പ് നടന്ന ഭീമ  കൊറെഗാവ് സമരം ദളിതരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ അടയാളമായി ജനുവരി 1 ന് ദളിതർ ആഘോഷിക്കുമ്പോഴാണ് അതിനു നേരെ ഹിന്ദുത്വ ശക്തികൾ ആക്രമണം നടത്തിയത്.