Wednesday
20 Mar 2019

അരുത്, ദളിതരെ കൊല്ലരുത്.

By: Web Desk | Friday 5 January 2018 11:57 PM IST


dalit protest against Bhima Koregaon violence

മഹാരാഷ്ട്രയിൽ പ്രതിഷേധിച്ച ദളിതർ തീവണ്ടി തടയുന്നു

ജോസ് ഡേവിഡ് 

പുണെക്കടുത്തു ഭീമ നദിക്കരയിൽ കൊരെഗാവ് എന്ന ഗ്രാമം പൊടുന്നനെ ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്, 200 വര്ഷം മുമ്പത്തെ യുദ്ധസ്മരണ കൊണ്ടല്ല; തൊട്ടുകൂടാത്തവരായിരുന്ന ദളിതരുടെ പൊതു ധാരയിലേക്കുള്ള വരവിന്റെ ഓർമപ്പെടുത്തലാണ് അതിപ്പോൾ. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഇരുളടഞ്ഞ ഒരു കാലഘട്ടത്തെ ഓര്മിക്കുന്നതും, അതിന്റെ ആധുനിക ഭാവമായ വരേണ്യ വർഗ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതും സംഘ പരിവാറിന് പിടിക്കുന്നുമില്ല.

ഭീമ കൊരെഗാവ് യുദ്ധത്തിന്റെ 200-ാം വാര്ഷികം ആഘോഷിക്കാനെത്തിയ ദളിതരെ കാവിക്കൊടിയുമായി സംഘപരിവാര് ആക്രമിച്ചതും തുടർന്ന് മധ്യ ഇന്ത്യയുടെ പല ഭാഗങ്ങളും നിശ്ചലമായതും ഇന്നും നാം ചരിത്രത്തിന്റെ എത്ര പിന്നാക്കമാണെന്നു വ്യക്തമാക്കുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനി 1818 ജനുവരി 1ന് നേടിയ ആംഗ്ലോ – മറാത്ത യുദ്ധവിജയത്തിലൂടെ ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ഉറയ്ക്കുകയായിരുന്നു. ദളിത സൈനികരുടെ നേതൃത്വത്തിലായിരുന്നു ഈ യുദ്ധം. വിജയത്തിന്റെ സ്മരണാര്ഥം ബ്രിട്ടീഷുകാര് ഉയര്ത്തിയ സ്മാരകസ്തംഭം പിന്നീട് ദളിതരുടെ പ്രധാനപ്പെട്ട സ്മരണാശിലകളില് ഒന്നായി മാറി.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ യുദ്ധവിജയത്തിന് പ്രധാന പങ്കുവഹിച്ചത് അന്ന് തീണ്ടിക്കൂടാത്ത വിഭാഗത്തില്പ്പെട്ട മഹര് സമുദായാംഗങ്ങളായിരുന്നുവെന്നാണ് അവിടെ കാണുന്ന ശിലാഫലകത്തിൽ നിന്നും ചരിത്രത്തെ കുറിച്ചുള്ള അറിവുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതുകൊണ്ടാണ് എല്ലാ വര്ഷവും ജനുവരി ഒന്നിന് ദളിതര് ഈ സ്മാരകത്തില് ഒത്തുകൂടുന്നത്.

ബ്രിട്ടീഷുകാർ കൊരെഗാവിൽ ഉയർത്തിയ ശിലാ സ്തംഭത്തിൽ യുദ്ധത്തിൽ മൃതിയടഞ്ഞ 49 യോദ്ധാക്കളുടെ പേരുണ്ട്. ഇതിൽ 22 പേരുകൾ നാക് എന്നവസാനിക്കുന്ന മഹർ എന്ന കീഴാള ജാതിക്കാരുടേതാണ്. ആദ്യത്തെ മഹർ നേതാക്കളായ ഗോപാൽ ബാബ വലങ്കർ, ശിവറാം ചാമ്പ കാംബ്ലെ, ബി ആർ അംബേദ്കരുടെ പിതാവ് രാംജി അംബേദ്കർ എന്നിവർ ഈ യുദ്ധത്തിൽ മഹറുകൾ പങ്കെടുത്തതിനെ ഉയർത്തി കാട്ടിയിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്ന 1857 ലെ പ്രക്ഷോഭത്തിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ മഹറുകളെ ഉൾപ്പെടുത്തുന്നത് നിർത്തി വച്ചപ്പോഴാണ് ഇവർ അത് പുനരാരംഭിച്ചു കിട്ടാൻ കൊരഗാവ് യുദ്ധത്തിലെ പങ്കാളിത്തം ഉയർത്തി കാട്ടിയത്.

പെഷവ ഭരണത്തിലെ ദളിത അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധമായി ഭീമ കൊരെഗാവ് യുദ്ധത്തിലെ ദളിത പങ്കാളിത്തത്തെ ബി ആർ അംബേദ്കർ ഉയർത്തി കാട്ടിയിരുന്നു. സമീപ കാലത്തു, നിരവധി ദളിത സംഘടനകൾ ഇരുന്നൂറാം വാർഷികം ഹിന്ദുത്വ ശക്തികൾക്കെതിരെ, ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുള്ള പ്രക്ഷോഭമായി മാറ്റാൻ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. പുണെ ഷനിവർവാഡയിൽ ഡിസംബർ 31 ന് ചേർന്ന വലിയ സമ്മേളനത്തിനു ശേഷമാണ് ദളിതർ പിറ്റേന്ന് കൊരെഗാവിൽ യോഗം ചേർന്നത്.

എന്നാൽ വലതുപക്ഷ തീവ്രവാദ സംഘടനകള് ദളിതര് ഒത്തുചേരുന്നതിനെ എതിര്ത്തു. യുദ്ധസ്മാരകത്തിലേയ്ക്ക് പോകുകയായിരുന്നവരെ ഇവർ എതിര്ത്തതോടെയാണ് പ്രശ്നം തുടങ്ങിയത്. കലാപത്തിൽ 28കാരനായ രാഹുൽ ഫടന്ഗലെ എന്ന ദളിത് യുവാവ് കൊല്ലപ്പെട്ടു. നാല് പേര്ക്ക് പരിക്കേറ്റു. നാല്പതോളം വാഹനങ്ങള് അഗ്നിക്കിരയാവുകയും നിരവധി വീടുകളും കടകളും കത്തിനശിക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ കലാപം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് കേന്ദ്ര സർക്കാർ ഇതിനെ വ്യാഖ്യാനിച്ചു. എന്നാൽ ദളിത് നേതാവും ഭരണഘടന ശില്‍പ്പി ബിആര്‍ അംബേദ്ക്കറുടെ ചെറുമകനുമായ പ്രകാശ് അംബേദ്ക്കര്‍ ചില ഹിന്ദുമത ഗ്രൂപ്പുകളാണ് ആദ്യ ഘട്ടത്തില്‍ കലാപത്തിന് വിത്ത് പാകിയതെന്നും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഇവരുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.

കൊരെഗാവ് യുദ്ധത്തിന്റെ വാര്‍ഷിക ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം ഹിന്ദുക്കളായിരുന്നു. ആക്രമിച്ചവരും ഹിന്ദു സംഘടനകള്‍ തന്നെ. പിന്നെ എന്താണ് വ്യത്യാസം, എന്തിനാണ് അവരെ തല്ലിചതച്ചത്? പാകിസ്താന്‍ ഭരണം ഹഫീസ് സെയ്ദ് നിയന്ത്രിക്കുന്നത് പോലെ ഇവര്‍ക്ക് ഇന്ത്യയുടെ ഭരണം നിയന്ത്രിക്കണം. രാജ്യത്ത് കലാപം സൃഷ്ടിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം – പ്രകാശ് അംബേദ്ക്കര്‍ കുറ്റപ്പെടുത്തി.

അക്രമത്തിൽ പ്രതിഷേധിച്ചു മഹാരാഷ്ട്രയിൽ ദളിത് സംഘടനകള് ആഹ്വാനം ചെയ്ത ബന്ദില് സംസ്ഥാനം നിശ്ചലമായി. ഗതാഗതം പൂര്ണ്ണമായി നിലച്ചു. പലയിടത്തും അക്രമങ്ങളുണ്ടായി. ട്രെയിന് ഗതാഗതത്തെയും ബന്ദ് സാരമായി ബാധിച്ചു. ദളിത് സ്വാധീന മേഖലകളായ ഗ്രാമീണ പ്രദേശങ്ങളിലെല്ലാം ബന്ദ് പൂര്ണമായിരുന്നു.

മറാത്ത് വാഡ, നാസിക്, കോലാപൂര് എന്നിവിടങ്ങളിലും ബന്ദ് പൂര്ണ്ണമായിരുന്നു. മുംബൈ പൂനെ എക്സ്പ്രസ് വേയില് പ്രതിഷേധക്കാര് ഗതാഗതം തടഞ്ഞു. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര് ഗതാഗതസൗകര്യമില്ലാതെ കുടുങ്ങി. ഘട്കോപ്പറിലേക്കുള്ള ട്രെയിന് ഗതാഗതവും തടസ്സപ്പെട്ടു. താനെയിലും അക്രമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. ഇവിടെ പ്രതിഷേധക്കാര് ട്രെയിന് തടഞ്ഞു. താനെയില് പ്രതിഷേധം അക്രമാസക്തമായതോടെ 144 പ്രഖ്യാപിച്ചു. നവിമുംബൈയും ബന്ദില് നിശ്ചലമായി.

മറാത്ത വിഭാഗക്കാരുടെ ആക്രമണത്തെക്കുറിച്ച്  സംസ്ഥാന സര്ക്കാര് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിക്കുകയും സംഭവത്തില് മസ്ത ഹിന്ദു അഗാഡി നേതാവ് മിലിന്ദ് എക്ബോടെ, ശിവ് പ്രതിഷ്ഠാന് ഹിന്ദുസ്ഥാന് നേതാവ് സാംബാജി ബിഡെ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടര്ന്നാണ് ബന്ദ് പിൻവലിച്ചത്. 250 ഓളം ദളിത് സംഘടനകളാണ് പ്രതിഷേധത്തില് അണിനിരന്നത്.

പുണെ സംഭവം മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്തിലേക്കും പടർന്നു. സൂറത്തിലും ഉദ്ദാന മണ്ഡലങ്ങളിലും വലിയ പ്രതിഷേധ റാലികളാണ് ദളിത് പ്രവര്ത്തകര് സംഘടിപ്പിച്ചത്. സൂറത്തിലെ ബിജെപി ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ച ദളിത് പ്രവര്ത്തകര് ബിജെപി ഓഫീസിന് മുന്പില് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

ഡല്ഹി, പട്ന തുടങ്ങിയ നഗരങ്ങളിലും ദളിത് സംഘടനകള് പ്രതിഷേധം സംഘടിപ്പിച്ചു. ഡല്ഹിയില് മഹാരാഷ്ട്ര സദനിലേക്കാണ് ദളിത് സംഘടനാ പ്രവര്ത്തകര് മാര്ച്ച് നടത്തിയത്.

ദളിതരെ ഇന്നും സമൂഹത്തിന്റെ താഴെ ശ്രേണിയിൽ നിലനിർത്തണമെന്ന് ശഠിക്കുന്ന വരേണ്യ വിഭാഗത്തോട് അവർ പ്രകടിപ്പിക്കുന്ന ഈ രോഷം ഒരു തീക്കാറ്റായി ഇന്ത്യയിൽ ആളിക്കത്തുന്നത് തീർച്ചയായും അപകടകരവും അനഭിലഷണീയവുമാണ്. ഉന്നത ജാതരുടെ, അവരുടെ നിയന്ത്രണത്തിലുള്ള ഭരണ വർഗ്ഗത്തിന്റെ, സമചിത്തതയോടെയുള്ള പുനർവിചിന്തനം അനിവാര്യവുമാണ്‌.

Related News