December 4, 2022 Sunday

Related news

November 16, 2022
November 4, 2022
August 13, 2022
June 30, 2022
January 6, 2022
May 18, 2021
April 24, 2021
April 23, 2021
April 16, 2021
April 14, 2021

ഭീമാ കൊറെഗാവ് കേസ് കെട്ടിച്ചമച്ചതും വ്യാജവും

Janayugom Webdesk
April 23, 2021 3:49 am

ഭീമാ കൊറെഗാവ് അക്രമസംഭവങ്ങളുടെ പേരില്‍ 16 പ്രമുഖ സാമൂഹിക‑സാംസ്കാരിക‑മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജിവികള്‍, അഭിഭാഷകര്‍ തുടങ്ങിയവരെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചതിനു പിന്നില്‍ വന്‍ഗൂഢാലോചന നടന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നു. അവര്‍ക്കെതിരായ കുറ്റാരോപണം കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനം അര്‍സനലിന്റെ പഠനങ്ങള്‍ സ്ഥാപിക്കുന്നു. 2021 ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ അര്‍സനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അറസ്റ്റിലായ റോണ വിത്സന്റെ ലാപ്‌ടോപ് ഹാര്‍ഡ് ഡിസ്കില്‍ നെറ്റ്‌വേര്‍ എന്ന മാല്‍‍വേര്‍ ഉപയോഗിച്ച് വിദൂരമായി 22 ഫയലുകള്‍ വിന്യസിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഏതെങ്കിലും കുറ്റകൃത്യം ഒരു വീഡിയോ ടേപ്പില്‍ രേഖപ്പെടുത്തുന്നതിനു സമാനമായ രീതിയില്‍ എന്‍ഐഎ നിയോഗിച്ച ഹാക്കര്‍മാര്‍ റോണാ വിത്സന്റെ ലാപ്‌ടോപ്പില്‍ ഫയലുകള്‍ വിന്യസിക്കാന്‍ നിര്‍ദേശിക്കുന്ന ഡാറ്റകള്‍ കണ്ടെത്തിയതായും അര്‍സനല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അര്‍സനലിന്റെ കണ്ടെത്തലുകള്‍ ഭീമാ കൊറെഗാവ് കേസില്‍ തടവിലാക്കപ്പെട്ട 16 പേര്‍ക്കെതിരെയും എന്‍ഐഎ വ്യാജത്തെളിവുകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നു. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഇത്തരം ഡിജിറ്റല്‍ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനുള്ള ഗൂഢാലോചനാ കുറ്റം ആരോപിച്ച് 16 പ്രമുഖ സാമൂഹിക‑സാംസ്കാരിക‑മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭീകരവിരുദ്ധ നിയമവിരുദ്ധ പ്രവര്‍ത്തന പ്രതിരോധ നിയമം (യുഎപിഎ) ഉപയോഗിച്ച് അന്യായമായി തുറുങ്കിലടച്ചിരിക്കുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ കൂടാതെ അവര്‍ക്കെതിരെ യാതൊരു കുറ്റകൃത്യവും ചുമത്തപ്പെട്ടിട്ടില്ല. അവര്‍ ആരുംതന്നെ യാതൊരു അക്രമസംഭവത്തിലും ഉള്‍പ്പെട്ടിട്ടില്ല. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ അര്‍സനലിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ റോണ വിത്സന്റെയും സഹതടവുകാരുടെയും കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തത് ആ­രെന്ന് കണ്ടെത്താ­നുള്ള അന്വേഷണത്തിന് എന്‍ഐ­എ വിസമ്മതിക്കുന്നു. അ­ര്‍സനലിന്റെ ക­ണ്ടെത്തലുകള്‍ തെ­ളിവായി പരിഗണിക്കുന്നതുപോലും എന്‍­ഐഎ എതിര്‍ക്കുന്നു.

അവിടെയാണ് എന്‍ഐഎയുടെയും മോഡി സര്‍ക്കാരിന്റെയും ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്. ഭീമാ കൊറെഗാവ് കേസന്വേഷണം ആരംഭത്തില്‍ സംഭാജി ഭിഡെ, മിലിന്ദ് എക്‌ബൊട്ടെ എന്നീ രണ്ട് തീവ്രഹിന്ദുത്വവാദികളെ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്. സംഘപരിവാര്‍ പിന്തുണയോടെ അ­ന്നത്തെ ദേവേന്ദ്രനാഥ് ഫഡ്‌നാവിസ് സര്‍ക്കാരാണ് ആ ദിശയിലുള്ള അന്വേഷണം അട്ടിമറിച്ചത്. പകരം അംബേദ്കര്‍ അനുകൂല എല്‍ഗാര്‍ പരിഷദിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു. എല്‍ഗാര്‍ പരിഷദിനെ മാവോവാദി സംഘടനയായും അറസ്റ്റിലായ 16പേരെ നഗര നക്സലുകളായും മുദ്രകുത്തിയുള്ള അന്വേഷണ പ്രഹസനമാണ് പിന്നീട് കണ്ടത്. അറസ്റ്റിലായ 16 പേര്‍ക്ക് പുറമെ അമ്പതോളം പേര്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യലിന് നോട്ടീസ് നല്കിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്ന ആശങ്ക മനുഷ്യാവകാശവൃത്തങ്ങള്‍ പങ്കുവയ്ക്കുന്നു. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച തടയാന്‍ കെട്ടിച്ചമച്ച മീററ്റ് ഗൂഢാലോചന കേസിന് സമാനമായ സംഭവങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും ദളിത് അവകാശ പ്രസ്ഥാനവും തങ്ങള്‍ക്ക് ഭീഷണിയാണെന്നു കാണുന്ന തീവ്രഹിന്ദുത്വ കേന്ദ്രങ്ങളുടെ ഭയപ്പാടാണ് എന്‍ഐഎയുടെ ഭീമാ കൊറെഗാവ് കേസിലൂടെ പുറത്തുവരുന്നത്. തങ്ങള്‍ക്കെതിരെന്ന് അവര്‍ കരുതുന്ന ഏറ്റവും ദുര്‍ബലമായ എതിര്‍പ്പുകളെപ്പോലും അടിച്ചമര്‍ത്താന്‍ മോഡി ഭരണകൂടം ഭരണയന്ത്രത്തെ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഭീമാ കൊറെഗാവ് കേസിന്റെ പേരില്‍ അരങ്ങേറുന്നത്. അര്‍സനലിന്റെ അന്വേഷണം വ്യക്തമാക്കുന്നത് ഭീമ കൊറെഗാവ് കേസിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ്.

ഇതുവരെ കൊട്ടിഘോഷിക്കപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ കെട്ടിച്ചമയ്ക്കപ്പെട്ടവയാണ്. മതിയായ തെളിവുകള്‍ കൂടാതെ തുറുങ്കിലടക്കപ്പെട്ട 16 പേരെയും വിട്ടയക്കുകയും അന്യായമായ തടങ്കലിനും പീഡനങ്ങള്‍ക്കും നഷ്ടപരിഹാരം ചെയ്യുകയുമാണ് നീതി. അതിനുപകരം തുടരുന്ന വ്യാജ അന്വേഷണങ്ങളും തടവിന്റെ അനിശ്ചിതത്വവും ഭരണഘടനാ വിരുദ്ധവും നിയമവാഴ്ചയുടെ നിഷേധവും മനുഷ്യാവകാശ ധ്വംസനവുമാണ്. അത് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള ജനാധിപത്യ അവകാശത്തിന്റെ നിഷേധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.