അയോധ്യയിലെ ഭൂമിപൂജ: തത്സമയം സംപ്രേഷണം ചെയ്യാന്‍ ദൂരദർശൻ, തീരുമാനം വിവാദത്തിലേക്ക്

Web Desk

ന്യൂഡൽഹി

Posted on July 26, 2020, 10:16 pm

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള തറക്കല്ലിടൽ ചടങ്ങുകൾ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂർദർശൻ തത്സമയം സംപ്രേഷണം ചെയ്യുന്നു. ഓഗസ്റ്റ് അഞ്ചിനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ പ്രക്ഷേപണം ചെയ്യാറുണ്ടെന്നതിനാലാണ് ഭൂമി പൂജയും തത്സമയം പ്രക്ഷേപണം ചെയ്യുന്നതെന്ന് പ്രസാർ ഭാരതി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ട ചടങ്ങുകൾ പാടില്ലെന്ന് കേന്ദ്ര മാനദണ്ഡങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും വൻ പങ്കാളിത്തത്തോടെയാകും തറക്കല്ലിടൽ പരിപാടി നടക്കുകയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പ്രധാനമന്ത്രിക്കും ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനും പുറമേ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മതേതര ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലൊരു ചടങ്ങ് ദുരദർശൻ പോലൊരു സ്ഥാപനം സംപ്രേഷണം ചെയ്യുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്നതുകൊണ്ടാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ ദൂർദർശൻ പോലൊരു സ്ഥാപനം രാഷ്ട്രീയ, മത ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് പ്രക്ഷേപണം ചെയ്യുന്നത് പക്ഷപാതപരവും വിഭാഗീയവുമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. അതിനിടെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏത് വിശ്വാസ സമൂഹത്തില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുമെന്നും അതിന് ഹൈന്ദവ സംഘടനകള്‍ തന്നെയാകണമെന്നില്ലെന്നും രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരാളില്‍ നിന്ന് പത്ത് രൂപ വീതവും വീടുകളില്‍ നിന്ന് നൂറുരൂപ വീതവും ശേഖരിക്കുമെന്നും കര്‍ണാടകയിലെ ഉഡുപ്പി ആസ്ഥാനമായുള്ള പെജാവാര്‍ ആശ്രമത്തിലെ സന്ന്യാസി വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമി വിര്‍ച്വല്‍ മീറ്റിങ്ങില്‍ പറഞ്ഞു.

ENGLISH SUMMARY:Bhoomi Poo­ja in Ayo­d­hya: Door­dar­shan’s deci­sion to tele­cast live, into con­tro­ver­sy
You may also like this video