ഭൂമിക്ക് ഒരു ചരമഗീതം

Web Desk
Posted on August 11, 2019, 9:53 pm

devikaവികള്‍ക്ക് ശാസ്ത്രബോധമുള്ള ഒരു ക്രാന്തദര്‍ശിത്വമുണ്ടോ എന്ന് പലപ്പോഴും നമുക്ക് തോന്നിപോകാറുണ്ട്. മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് വയലാര്‍ എഴുതി; ‘ഭൂമിയെ വലംവെച്ചൊരുനാള്‍ പൂന്തിങ്കള്‍ക്കലപാടി, പറഞ്ഞയയ്ക്കുക ദേവീ മനുഷ്യനെയൊരിക്കല്‍ ഇതിലേകൂടി. ഒരു നാള്‍ മനുഷ്യന്റെ പാദസ്പര്‍ശമേറ്റ് പൂന്തിങ്കള്‍ പുളകംകൊള്ളുമെന്ന് വയലാര്‍ സ്വപ്‌നം കണ്ടിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ആ സ്വപ്‌ന സാഫല്യമുണ്ടായി. മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി ‘ഭൂമിക്ക് ഒരു ചരമഗീതം’ എഴുതിയപ്പോഴും ആ കവിയിലെ ക്രാന്തദര്‍ശിയാണ് നമ്മുടെ മുന്നില്‍ അവതരിച്ചത്. വീണ്ടും മലയാളക്കര പ്രളയാബ്ധിയില്‍ മുങ്ങുമ്പോള്‍ നാം ഓര്‍ത്തെടുത്തുപോവുന്ന ഭൂമിയുടെ ചരമഗീതം. ‘ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി’ എന്ന് ഒഎന്‍വി പാടിയപ്പോള്‍ ചരമഗീതം പാടാന്‍ മനുഷ്യനില്ലാതെ മരണത്തെപുല്‍കുന്ന ഭൂമിയുടെ വാങ്മയചിത്രമാണ് അദ്ദേഹം വരച്ചു കാട്ടിയത്.
വസുധരയുടെ വസ്ത്രമുരിഞ്ഞ് വിപണികളിലവ വിറ്റുമോന്തുന്നവരുടേതാകുന്ന ഭൂമിയില്‍ ആവണികള്‍ ഒരുപൂ തിരയുമ്പോള്‍, ഒഴുക്കുതിരയുന്ന ആളുകള്‍ മരിക്കുമ്പോള്‍, സര്‍ഗ്ഗലയതാളങ്ങള്‍ തെറ്റുന്ന ജീവരഥചക്രങ്ങള്‍ ചാലിലുറയുന്ന ദൃശ്യങ്ങള്‍ ഒഎന്‍വി വരച്ചു കാട്ടിയത് വീണ്ടും ഒരിക്കല്‍ കൂടി ഈ മഹാപ്രളയകാലത്തു നാം കാണുന്നു. ആന്‍ഡമാനിലെ ഓംഗികള്‍ എന്ന പ്രാകൃത ഗോത്രങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വനാന്തര്‍ ഭാഗങ്ങളിലേയ്ക്കാണ് ഓടി രക്ഷപ്പെട്ടിരുന്നത്.
നമ്മുടെ ആദിവാസികളുടെ രക്ഷാവഴികളും അതു തന്നെയായിരുന്നു. പക്ഷെ ഉള്‍ക്കാടുകളിലേയ്ക്ക് അവര്‍ രക്ഷതേടിയാല്‍ ഇപ്പോള്‍ ആ മനുഷ്യജന്മങ്ങളെ വീഴുങ്ങാന്‍ മലകള്‍ ഇടിഞ്ഞമരുന്നു. മലകളുടെ മാറിടങ്ങള്‍ വെട്ടിപിളര്‍ന്ന് മണിമന്ദിരങ്ങളും റിസോര്‍ട്ടുകളും പണിത മാഫിയകള്‍ സൃഷ്ടിച്ച ദുരന്തപരമ്പരകള്‍. അനില്‍പാപ്പ പാടിയത് പോലെ ’ കുന്നിടിച്ചു നിരത്തിയ നമ്മള്‍, പുഴകളൊക്കെ നികത്തിയ നമ്മള്‍, മലചുരത്തിയ ജലം ഊറ്റിവിറ്റവര്‍ നമ്മള്‍’ ദുരന്തങ്ങളില്‍ കൈകോര്‍ക്കാന്‍ പറയുന്നതിലെ അഭംഗിക്ക് അളവുണ്ടോ.
തിരുവാതിര ഞാറ്റുവേലപോലെ, വിഷവും വസന്തവുംപോലെ നമ്മുടെ കലണ്ടറില്‍ പ്രളയവും ഒരു വര്‍ഷികതനിയാവര്‍ത്തനമാവുന്നു. ഭൂമിയെ സര്‍വ്വം സഹയെന്ന പര്യായം ചാര്‍ത്തി ഓമനപേരിടുന്ന നാം പക്ഷെ സഹനസാരസര്‍വസ്വതത്തിനും ഒരു അതിരുണ്ട്. ഭൂമിയെ നോവിച്ചാല്‍ ആ മാതാവ് മക്കളോടുപോലും സംഹാരരുദ്രയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ പ്രളയത്തിന്റെ വാര്‍ഷികത്തില്‍ നാം കാണുന്നത്. ഉരുള്‍പൊട്ടല്‍, പ്രകൃതിക്ഷോഭം എന്നൊക്കെ പറയുന്നത് മനുഷ്യനിര്‍വിതമാണെന്നും പുതിയ കണ്ടെത്തലുകളിലേയ്ക്കു ശാസ്ത്രലോകം നമ്മെ കൈപിടിച്ചു നടത്തുമ്പോഴും കുതറിമാറുന്നു നമ്മള്‍. ആ നമ്മള്‍ തന്നെ ഭൂമിക്ക് ഒരു ചരമഗീതവുമെഴുതുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ കമാനാകൃതിയിലുള്ള ഇടുക്കി അണക്കെട്ട് കുറവന്‍-കുറത്തിമലകള്‍ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്നതുകണ്ട് നാം അഭിമാന തുന്ദിലരാവാറുണ്ട്. എം എന്‍ ഗോവിന്ദന്‍ നായര്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്ന സാങ്കേതിക ഇതിഹാസം ഇടുക്കി ഡാമിന്റെ മൂലസംഭരണിയിലെ ജലത്തിന്റെ കണക്കുകൂട്ടല്‍ പോലും ശാസ്ത്രീയമായി ഇപ്പോള്‍ ശരിയല്ല.
വനനശീകരണവും ഭൂമാഫിയകളുടെ കയ്യേറ്റവും മൂലമുണ്ടാകുന്ന നിരന്തരമായ ഉരുള്‍പൊട്ടലിലും മണ്ണൊലിപ്പിലും ഡാമിന്റെ സംഭരണ ശേഷി പകുതിയായി കുറഞ്ഞ കണക്കു നാം പുറത്തു പറയാറേയില്ല. മഴ മാനത്തുകണ്ടാല്‍ ഇടുക്കി നിറയുന്നത് ഡാമിന്റെ പകുതിയും എക്കലടിയുന്നതുകൊണ്ടാണ്. ഡാമിന്റെ അണക്കെട്ടു പ്രദേശങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും ഈയടുത്ത കാലത്ത് ദേവിക ഒരു സന്ദര്‍ശനം നടത്തിയിരുന്നു. ഈ പ്രദേശത്തെ കുന്നിന്‍ ചരിവുകളാകെ ഭൂമാഫിയ കയ്യേറി കുത്തിക്കിളച്ച് റബ്ബര്‍, ഏലം കൃഷിയിറക്കിയിരിക്കുന്നു. കുന്നുകളുടെ മുകളില്‍ കുരിശുകള്‍. മലകളിലുട നീളം കുരിശിന്റെ വഴികള്‍. കയ്യേറ്റങ്ങള്‍ക്കു മറയായി വിശുദ്ധ കുരിശിനെ സാക്ഷിയാക്കുന്ന മാഫിയാ എക്കലടിഞ്ഞ്, സംഭരണ ശേഷി നശിച്ച് ഭാരം താങ്ങാനാവാതെ ഇടുക്കി ഡാം ഒരുനാള്‍ തകര്‍ന്നാല്‍ കാര്യകാരണങ്ങള്‍ നിരത്താന്‍പോലും നാം ഉണ്ടാകില്ല.
ഭൂമിയിന്മേലുള്ള മനുഷ്യസമ്മര്‍ദം ഏറുമ്പോള്‍ മനുഷ്യ ഭൂരഹിതര്‍ ഒരു തുണ്ടുഭൂമിക്കുവേണ്ടി കാടുകയറുക സ്വാഭാവികം. പക്ഷേ പാപ്പാത്തിച്ചോലകളും വെള്ളുക്കുന്നേലുമാരുമുണ്ടാകുമ്പോള്‍ അവര്‍ ആയിരക്കണക്കിന് ഏക്കര്‍ മലയോരങ്ങള്‍ കയ്യേറുമ്പോള്‍ അവര്‍ ഒരു കള്ളക്കുരിശു നാട്ടിയതു പിഴുതെറിയുന്നതില്‍ അസഹിഷ്ണുത കാട്ടുന്നവരാണ് നമ്മള്‍. നഗ്നമായ സഹ്യപര്‍വതനിരകള്‍ പ്രകൃതിദുരന്തത്തിന്റെ കാഹളം മുഴക്കി നമുക്കു മുന്നില്‍ എഴുന്നുനില്‍ക്കുമ്പോള്‍ പ്രബുദ്ധ കേരളത്തില്‍ അന്യമായ പരിസ്ഥിതി നയത്തിന് സഹ്യനും മൂകസാക്ഷിയാവുന്നു.
കലണ്ടറിലെ തനിയാവര്‍ത്തനംപോലെ ഈ വര്‍ഷത്തെ പ്രളയവും നമ്മെ ആകുലരാക്കുന്നില്ല. പ്രളയകാലത്ത് മലയാളിക്ക് എന്തൊരു ഒത്തൊരുമയാണ്! കഴിഞ്ഞ പ്രളയകാലത്ത് എഴുതിയ ഒരു കുറിപ്പുണ്ട്. ‘പ്രളയം വന്നപ്പോള്‍ ഒരേ കയ്യില്‍ പിടിച്ചുകയറിയവര്‍ ഒരു പാത്രത്തിലുണ്ടവര്‍, ഒരു വരിയില്‍ നിന്നവര്‍, ഒരു വിരിയില്‍ കിടന്നവര്‍, പക്ഷേ വെള്ളമിറങ്ങിയപ്പോള്‍ പാര്‍ട്ടിയായി സംഘടനയായി, ജാതിയായി, മതമായി, തള്ളായി, തല്ലായി!’ ഇതെല്ലാം കണ്ടപ്പോള്‍ ഒരു ഉണ്ണി പറഞ്ഞുവത്രെ; വെയിലു വേണ്ടമ്മേ നമുക്കു പ്രളയം മതി.
മറ്റൊരു കവിതയിലെപോലെ ‘ഇനിയൊരിക്കലൊരൊത്തുചേരലിന് ഒരു ദുരന്തം കാക്കണോ’ എന്നു പറയുന്ന ദുരവസ്ഥയില്‍ നാം മലയാളി. പ്രളയങ്ങളെല്ലാം മനുഷ്യ നിര്‍മിതമെന്നു പറയാവുന്ന പൊതുഇടങ്ങളില്‍ പകച്ചുനില്‍ക്കുന്ന നാം. നീരറുതിയാവുന്നതാം…
പിണറായി സര്‍ക്കാരിനോട് ദേവികയ്ക്ക് തെല്ലു നീരസമുണ്ട്. പ്രതിഭകളെ ഇങ്ങനെ കൂമ്പരിഞ്ഞുകളയരുത്. ഭാവി വാഗ്ദാനങ്ങളായ യൂണിവേഴ്‌സിറ്റി കോളജിലെ ശിവരഞ്ജിത്, നിസാം പ്രണവ് എന്നിവരുടെ ‘പ്രതിഭ’കള്‍ക്കു മേലാണ് സര്‍ക്കാര്‍ കത്തിയോങ്ങിയിരിക്കുന്നത്. സഹപ്രവര്‍ത്തകനും എസ്എഫ്‌ഐ നേതാവുമായ അഖിലിനെ ഇടനെഞ്ചില്‍ കഠാരയിറക്കി കുത്തിമലര്‍ത്തിയ കേസിലെ പ്രതികളായിപോയി ഈ പ്രതിഭകള്‍.
പരീക്ഷകളില്‍ പൂജ്യം മാര്‍ക്ക് നേടിയിട്ടും മോഷ്ടിച്ച ഉത്തരക്കടലാസില്‍ ഉത്തരം കോപ്പിയടിച്ച് ഉന്നത വിജയം നേടിയ പ്രതിഭാധനര്‍. പിഎസ്‌സി പരീക്ഷയെഴുതിയപ്പോള്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചോദ്യക്കടലാസ് ചോര്‍ത്തി പരീക്ഷയെഴുതി ഒന്നാം റാങ്കും രണ്ടാം റാങ്കും ഇരുപത്തെട്ടാം റാങ്കും നേടിയ പ്രതിഭാതിടമ്പുകള്‍. ഇതെല്ലാം കണ്ടുപിടിക്കപ്പെട്ടതോടെ ഈ പ്രതിഭാ പ്രയാണത്തിന് തടയിടുകയായിരുന്നു പിണറായി സര്‍ക്കാര്‍. ഈ മൂവര്‍ സംഘത്തെ കയറൂരി വിട്ടിരുന്നുവെങ്കില്‍ ഐഎഎസിലും, ഐഎഫ്എസിലും, ഐപിഎസിലും നമുക്ക് മൂന്ന് ഉന്നത റാങ്കുകാരെ കിട്ടുമായിരുന്നില്ലേ! ഈ ത്രിമൂര്‍ത്തികള്‍ യുപിഎസ്‌സിയുടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്കുകാരായി വന്നിരുന്നെങ്കില്‍ എന്ന കാര്യം തന്നെ ആലോചനാമൃതം.
ഒന്നാം റാങ്കുമായി കുത്തുകേസ് ഒന്നാം പ്രതി ശിവരഞ്ജിത് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെത്തുന്നു. ഒരുനാള്‍ ടി പി ശ്രീനിവാസനെപോലെ യുഎന്നില്‍ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയാവുന്നു. ഇതിനിടെ കശ്മീര്‍ പ്രശ്‌നം സംബന്ധിച്ച് പാകിസ്ഥാന്റെ സ്ഥിരം സ്ഥാനപതി സംസാരിക്കുന്നു.
ക്രുദ്ധനായ ശിവരഞ്ജിത് സ്യൂട്ടിനരികില്‍ തിരുകിയിരുന്ന കഠാരയെടുത്ത് പാക് സ്ഥാനപതിയെ കുത്തിമലര്‍ത്തുന്നു. കശ്മീര്‍ പ്രശ്‌നം സോള്‍വ്ഡ്! നസിം ഐഎഎസായാല്‍ സെക്രട്ടേറിയറ്റിലെ നിര്‍ണായക ഫയലുകള്‍ മോഷ്ടിച്ച് തൂക്കിവിറ്റ് ബീഫും ബ്രാന്‍ഡിയും വാങ്ങുന്നു. ഐപിഎസുകാരനായ പ്രണവ് കൊലക്കേസ് പ്രതിയെ ലോക്കപ്പില്‍ ചെന്ന് കുത്തിക്കൊന്ന് നീതി നടപ്പാക്കുന്നു.
‘ഇവനൊക്കെ പൊലീസില്‍ ചേര്‍ന്നാല്‍ എന്തായിരിക്കും രാജ്യത്തിന്റെ ഗതിയെന്നാണ് മന്ത്രി ജി സുധാകരന്‍ കുത്തുകേസ് കത്തി നിന്നപ്പോള്‍ പ്രതികരിച്ചത്. ഇവനൊക്കെ ഐഎഫ്എസും ഐഎസും ഐപിഎസുമായാല്‍ എങ്ങനെയിരിക്കും എന്ന് മന്ത്രി സുധാകരന്‍ ചിന്തിക്കാത്തത് ചിന്തകള്‍ ഇവ്വിധം കാടുകയറാത്തതുകൊണ്ടാകാം.