Janayugom Online
map janayugom

ഭൂപടം വരച്ചപ്പോള്‍

Web Desk
Posted on July 29, 2018, 5:36 pm

ടി സി വി സതീശന്‍

ഭൂപടം വരയ്ക്കുമ്പോള്‍
അമ്മ പറഞ്ഞിരുന്നു -
അവളുണ്ടായിരിക്കണം,
ഒക്കത്തൊരു
കൈക്കുഞ്ഞുണ്ടായിരിക്കണം

അതിരുകള്‍ വരയ്ക്കുമ്പോള്‍
അയല്‍പക്കമുണ്ടായിരിക്കണം
ജനല്‍പ്പാളികള്‍ തുറന്നേയിടണം

മതങ്ങള്‍
വരയ്ക്കുമ്പോള്‍,
മനുഷ്യനുണ്ടായിരിക്കണം,
മതിലുകളുണ്ടായിരിക്കരുത്
ഒരു പുഴയെങ്കിലുമുണ്ടാവണം

നനഞ്ഞ ചോക്കുകഷണം
കരിപുരണ്ട അടുക്കളച്ചുവര്
കാലൊടിഞ്ഞ ഒരു ചൂരല്‍ കസേര

അത്,
അവരുടെ തോന്നലുകള്‍
ഭൂപടംനിറയേ തിരുത്തലുകള്‍
ചുവന്നവൃത്തങ്ങള്‍,അടയാളങ്ങള്‍

എന്റെ ഭൂമി,യെന്റെ ആകാശം
എന്റെ ചിന്തകള്‍ ഞാനെന്ന വൃത്തത്തില്‍

കയ്യില്‍
ഒരു ചൂരല്‍,ഒരു ഡസ്റ്റര്‍-
ഞാന്‍ ബ്ലാക്‌ബോര്‍ഡിലേക്ക്
വിരല്‍ ചൂണ്ടി നില്‍ക്കുന്നു

അമീബ പോലാരു പൊട്ട്
അട്ടപോലെ ചീര്‍ക്കുന്നു
ആനപോലെ വളരുന്നു

ഇത് എന്റെ രാജ്യം
എന്റെ മാതൃഭാഷ
എന്റെ ഭൂപടം.

————————————————
ടി.സി.വി.സതീശന്‍
ശ്രീരേഖ,അന്നൂര്‍ ‚പയ്യന്നൂര്‍ — 670307
മൊബൈല്‍ — 9447685185