ഭൂതം വരുന്നേ, ഓടിക്കോ

Web Desk
Posted on March 03, 2019, 10:08 am

സന്തോഷ് പ്രിയന്‍

വലിയ അഹങ്കാരിയായിരുന്നു ചപ്പന്‍കരടി. ആരു പറഞ്ഞാലും അവന്‍ അനുസരിക്കാറേയില്ല. അവന്റെ അച്ഛനും അമ്മയും ദൂരെ മലയിടുക്കില്‍ തേന്‍തേടി പോവുമ്പോള്‍ ചപ്പന്‍ പതുക്കെ പുറത്തിറങ്ങും. എന്നിട്ട് മറ്റ് കരടിക്കുട്ടികളെ കളിയാക്കലും ശല്യം ഉണ്ടാക്കലുമാണ് അവന്റെ പണി.
ചപ്പന്റെ ശല്യം സഹിക്കാതെയായപ്പോള്‍ കാട്ടിലെ ചെറിയ മൃഗങ്ങളെല്ലാം അവനോട് പറഞ്ഞു.
‘ചപ്പാ, നിന്റെ ശല്യം ഞങ്ങള്‍ക്ക് ഉപദ്രവമായി മാറുന്നുണ്ട്. ഇനി മേലില്‍ ഞങ്ങളെ ശല്യം ചെയ്യരുത്.’ അതുകേള്‍ക്കുമ്പോള്‍ അവന്റെ അഹങ്കാരം ഇരട്ടിയാകും.
‘ഈ കാട്ടില്‍ ആരേയും പേടിക്കാത്തവനാണ് ഞാന്‍. എന്നോട് ആരും ചോദിക്കാറില്ല.’ ചപ്പന്‍ കരടിയുടെ മറുപടി എല്ലാവരേയും വിഷമിപ്പിച്ചു.
ഒരുദിവസം മാന്‍കുട്ടികളും മുയല്‍ക്കുട്ടികളും കരടിക്കുട്ടികളും കുന്നിന്‍ചെരുവില്‍ കളിയ്ക്കുകയായിരുന്നു. അപ്പോള്‍ ദൂരെ കുന്നുകയറി വരുന്ന ചപ്പനെ ശീലന്‍ കരടിക്കുട്ടി കണ്ടു. ‘ഹയ്യോ, ആ ചപ്പന്‍ വരുന്നുണ്ട്. അവന്‍ ഇനി നമ്മെ കടിക്കുകയും പിച്ചുകയും ഒക്കെ ചെയ്യുമല്ലോ.’
ശീലന്‍ പറഞ്ഞതുകേട്ട് എല്ലാവരും അങ്ങോട്ട് നോക്കി. ശരിയാണ്. ചപ്പന്‍ ഇങ്ങോട്ട് തന്നെ വരികയാണ്.
എല്ലാവരും കുന്നിന്‍ചെരുവില്‍ ഒളിയ്ക്കാന്‍ തീരുമാനിച്ചു. പെട്ടെന്നാണ് ശീലന്‍ കരടിക്കുട്ടന് ക്രിസ്മസ് അപ്പുപ്പന്റെ ഒരു മുഖംമൂടി കളഞ്ഞുകിട്ടിയത്. അടുത്തുള്ള ഗ്രാമത്തില്‍നിന്നും വന്ന കുട്ടികള്‍ ഉപേക്ഷിച്ചുപോയതായിരുന്നു അത്. ശീലന്‍ മുഖംമൂടി ധരിച്ചു.
‘ഹയ്യട, ഇതു കൊള്ളാമല്ലോ. ആ ചപ്പന്‍ വരുമ്പോള്‍ ഇത് ഇട്ട് നമുക്കവനെ വിരട്ടാം.’ എല്ലാവരും പറഞ്ഞു. താമസിയാതെ ചപ്പന്‍ കരടിക്കുട്ടി അവിടെയെത്തിയതും മുഖംമൂടി ധരിച്ച് ഒളിച്ചിരുന്ന ശീലന്‍ അവന്റെ മുമ്പിലേക്ക് ഒറ്റച്ചാട്ടം.
‑ഹെന്റമ്മേ, ഭൂതം വരുന്നേ എന്നെ രക്ഷിക്കണേ…’ ചപ്പന്‍ ജീവനുംകൊണ്ട് തിരിഞ്ഞോടി. അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. പിന്നീടൊരിക്കലും ചപ്പന്റെ ശല്യം ആര്‍ക്കും ഉണ്ടായിട്ടില്ല.