ഭോപ്പാൽ കൂട്ടബലാത്സംഗം:കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ഇരയായ പെണ്‍കുട്ടി

Web Desk
Posted on November 05, 2017, 1:57 pm

പാട്ന : തിരക്കേറിയ ഭോപാല്‍ നഗരത്തിലെ പാലത്തിനുകീഴില്‍ വിദ്യാര്‍ഥിനിയെ കെട്ടിയിട്ടു കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി ഇരയായ പെണ്‍കുട്ടി. ഇത്തരക്കാര്‍ക്ക് ജീവനോടെ ഇരിക്കാന്‍ അര്‍ഹതയില്ല. ഇനി ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകാതിരിക്കുവാന്‍ തക്കതായ നടപടി പോലീസ് എടുക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രതികളെ തെരുവില്‍ പരസ്യമായി തൂക്കിലേറ്റണമെന്നും പീഡനത്തിനരയായ പെണ്‍കുട്ടി എ.എന്‍.ഐയോട് പറഞ്ഞു.

യുപിഎസ്സി പരീക്ഷക്കു പരിശീലിക്കുന്ന 19 കാരിയാണ് ക്രൂരതക്കിരയായത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് കുട്ടി. പെണ്‍കുട്ടിക്കുനേരെയുണ്ടായ പീഡനം സംബന്ധിച്ച് പരാതി അവഗണിച്ച എസ്‌ഐയെ സസ്‌പെന്‍ഡു ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് ബലാല്‍സംഗത്തിന് വധശിക്ഷ നടപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംങ് ചൗഹാനും പറഞ്ഞിരുന്നു.

നഗരഹൃദയത്തില്‍ ആര്‍പിഎഫ് ഔട്ട് പോസ്റ്റിനു വിളിപ്പാടകലെയാണ് പീഡനം നടന്നത്. മൂന്നുമണിക്കൂറോളം പീഡിപ്പിച്ചതായാണ് പൊലീസ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ട് പെണ്‍കുട്ടി കോച്ചിങ് ക്‌ളാസിനുപോയി മടങ്ങി ഹബീബ് ഗഞ്ച് സ്റ്റേഷനിലേക്ക് ട്രയിന്‍ കയറാനായി പോകുമ്പോഴായിരുന്നു അക്രമം.