1984 ഡിസംബര്‍ രണ്ടാം തീയതി രാത്രി ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേത് പോലെത്തന്നെ ഭോപ്പാല്‍ നഗരത്തിലെ ജനങ്ങളും ഉറങ്ങുകയായിരുന്നു. ആ സമയത്ത് അന്താരാഷ്ട്ര വ്യവസായ ഭീമനായ അമേരിക്കന്‍ കമ്പനി യൂണിയന്‍ കാര്‍ബെെഡിന്റെ കാര്‍ബാറില്‍ എന്ന കീടനാശിനി ഉല്പാദിപ്പിക്കുന്ന വലിയ ഫാക്ടറിയില്‍ മീഥൈല്‍ ഐസോസയനേറ്റ് എന്ന രാസവസ്തു ശേഖരിച്ച ടാങ്കില്‍ രാത്രി ഒമ്പത് മണിയോടെ വെള്ളം കയറിത്തുടങ്ങിയിരുന്നു. അതൊന്നും അറിയാതെ ജനം ഉറക്കത്തിലായിരുന്നു. അമേരിക്കയില്‍ വെസ്റ്റ് വെര്‍ജീനിയയിലുള്ള യൂണിയന്‍ കാര്‍ബൈഡിന്റെ ഇതേതരം വ്യവസായശാലയില്‍ നിന്ന് 1980 — 84 കാലത്ത് 67 തവണ ഇതേ വിഷവാതകം ചോര്‍ന്നിട്ടുണ്ടെന്ന് ആരും പറഞ്ഞിരുന്നില്ല. ഡിസംബര്‍ രണ്ട് രാത്രി 12.30ഓടെ ഫോഡ്ജിന്‍, ഹൈഡ്രജന്‍ സയനയ്ഡ്, കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, മിഥൈല്‍ ഐസോസയനേറ്റ് എന്നീ വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചു. ഇനി ജനിക്കാനിരിക്കുന്ന ഒരു ഹിറ്റ്ലര്‍ക്കുപോലും സങ്കല്പിക്കാനാവാത്തവിധം, അന്ന് എട്ട് ലക്ഷത്തിലധികം ജനങ്ങള്‍ ജീവിച്ചിരുന്ന ഭോപ്പാല്‍ നഗരം 84 ഡിസംബര്‍ മൂന്ന് പുലര്‍ച്ചെ ഒന്നരയോടെ ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ചേംബറായി മാറി. 30,000ത്തോളം ആളുകള്‍ മരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. പക്ഷെ ഔദ്യോഗിക ഭാഷ്യം 2,259 പേര്‍ ഉടനെ മരിച്ചു എന്നും ആഴ്ചകള്‍ക്കുള്ളില്‍ 8,000 പേര്‍ മരിച്ചു എന്നുമാണ്. എന്നാല്‍ രണ്ട് ലക്ഷത്തിലധികം പേര്‍ നിത്യരോഗികളായി നരകിച്ചു മരിച്ചുവെന്ന വസ്തുത ആരും നിഷേധിക്കുന്നുമില്ല.
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബിനിരയായത് 1,40,000 പേരായിരുന്നു. ഇത്തരത്തില്‍ നമ്മുടെ രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് ശേഷം യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ കമ്പനിയുടെ ചെയര്‍മാന്‍ വാറന്‍ ആന്റേഴ്സണ്‍ എന്ന അമേരിക്കക്കാരന്‍ അറസ്റ്റിലായ അന്നുതന്നെ 25,000 രൂപ കെട്ടിവച്ച് പുറത്തിറങ്ങി ഇന്ത്യ വിട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആന്റേഴ്സണ്‍ ഒന്നാം പ്രതിയായി കമ്പനിക്കതിരെ ഇവിടെ കേസ് ഫയല്‍ ചെയ്യപ്പെട്ടു. സമന്‍സുകള്‍ അയച്ചു. ഒരു മറുപടിയും ലഭിച്ചില്ല. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വാറന്‍ ആന്റേഴ്സണ്‍ നീണ്ട 30 വര്‍ഷക്കാലം സന്തോഷത്തോടെ സ്വന്തം നാട്ടില്‍, സ്വന്തം വീട്ടില്‍ ജീവിച്ച് 2014 ഒക്ടോബറില്‍ അന്തരിച്ചു. 1985ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാരകമായ രാസവസ്തുക്കള്‍ വലിയ തോതില്‍ സംഭരിച്ചതും 1980ല്‍ ഉല്പാദനം നിര്‍ത്തിയ കമ്പനിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതും സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും ജനസാന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ അപകടകരമായ രാസവ്യവസായശാല സ്ഥാപിച്ചതുമെല്ലാം ഈ ദുരന്തത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു. ദുരന്തത്തിന്റെ ഇരകളായി മരിച്ചുവീണ മനുഷ്യരുടെ ശേഷിപ്പുകാരും മരിച്ചുജീവിച്ചവരും എല്ലാം തന്നെ നീതികിട്ടാതെ വളരെക്കാലം കോടതികള്‍ കയറിയിറങ്ങി. അവസാനം 2010 ജൂണ്‍ ഏഴിന് ഏഴു പേര്‍ക്ക് ഏഴ് ലക്ഷം രൂപയും രണ്ട് വര്‍ഷം തടവും കമ്പനിക്ക് അഞ്ച് ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡ് ഇന്ന് ഡൗ കെമിക്കല്‍സെന്ന പേരില്‍ കീടനാശിനികള്‍ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. 1984 ഡിസംബര്‍ രണ്ട് രാത്രിയില്‍ പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ച മനുഷ്യരുടെ നിലവിളികള്‍ ഇന്നാരുടേയും സ്മരണയിലില്ല.
എന്നാല്‍ ഭോപ്പാല്‍ ദുരന്തം സൃഷ്ടിച്ച യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ 1984ലെ രാസമാലിന്യങ്ങള്‍ ഇന്നും ബാക്കിയിരിപ്പുണ്ട്. 40 വര്‍ഷങ്ങള്‍ക്കിപ്പുറം ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി വീണ്ടും മാധ്യമങ്ങളിലെ ചെറിയ വാര്‍ത്തകളില്‍ വരുന്നത് നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകരുത്. ഫാക്ടറി പരിസരത്ത് 1984 മുതല്‍ സൂക്ഷിച്ചിരിക്കുന്ന 337 ടണ്‍ അപകടകരമായ രാസ അവശിഷ്ടങ്ങള്‍ ഇന്‍ഡോറിനടുത്തുള്ള പിതംപുര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെത്തിച്ച് കത്തിച്ചുകളയുവാനുള്ള നീക്കത്തിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഇന്‍ഡോറിലെ രണ്ട് ഡോക്ടര്‍മാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നു. ഇത്തരത്തില്‍ രാസാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാവുമെന്നും യശ്വന്ത് സാഗര്‍ ഡാമിലേക്ക് വെള്ളമെത്തുന്ന ഗംഭീര്‍ നദിയുടെ അടുത്തായാണ് ഈ മാലിന്യ പ്ലാന്റുള്ളതെന്നും ഇൗ ഡാമില്‍ നിന്നാണ് ഇന്‍ഡോറിലേക്കുള്ള ജലവിതരണം നടക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ സമീപ ഗ്രാമങ്ങളിലെ മണ്ണും ജലവും വിഷമയമാക്കും.
ഈ മാസം 18ന് മധ്യപ്രദേശ് ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കും. പക്ഷെ അതിനു മുമ്പുതന്നെ 12 ട്രക്കുകളിലായി 358 ടണ്‍ രാസമാലിന്യം പിതംപുരിലെ സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്റിലെത്തിച്ചുകഴിഞ്ഞു. സുരക്ഷാ നടപടികള്‍ പാലിച്ചാണ് കണ്ടെയ്‌നറുകള്‍ ഇറക്കിയിരിക്കുന്നതെന്നും മാലിന്യ നിര്‍മ്മാര്‍ജനം ശാസ്ത്രീയമായി നടത്തുമെന്നുമൊക്ക സര്‍ക്കാരും കമ്പനിയും പറയുന്നു. ഈ സന്ദര്‍ഭത്തില്‍ മനസിലാക്കേണ്ടത് 42 ടണ്‍ രാസവസ്തുക്കള്‍ രണ്ട് ലക്ഷം പേരുടെ ജീവിതം ഒരൊറ്റ രാത്രികൊണ്ട് തകര്‍ത്തുവെങ്കില്‍ 358 ടണ്‍ രാസമാലിന്യം എത്രപേരുടെ ജീവനപഹരിക്കാന്‍ കഴിവുള്ളതാണ് എന്ന ലളിതമായ സത്യമാണ്. കോടതി വ്യവഹാരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. നിയമ പുസ്തകങ്ങള്‍ ഇഴകീറിയുളള വാദങ്ങളും തുടരും. ആന്റേഴ്സണ്‍മാര്‍ എല്ലാ നിയമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് മരണം വരെ സുഖമായി ജീവിക്കും. ജീവിതം മുഴുവന്‍ അശരണര്‍ക്കായി നീക്കിവയ്ക്കുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവര്‍ അവരുടെ ജീവിതത്തിന്റെ അവസാന ദിനങ്ങളില്‍ ജയിലില്‍ കിടന്ന് വെള്ളം കുടിക്കാന്‍ ഒരു സ്ട്രോ പോലും ലഭിക്കാതെ മരണത്തിന് കീഴടങ്ങും. അപ്പോഴും കോടതികളില്‍ നിയമങ്ങള്‍ ഇഴകീറി പരിശോധിച്ചുകൊണ്ടേയിരിക്കും. പുതിയ വ്യാപാരക്കരാറുകള്‍, പുതിയ തീരുവ ഭീഷണികള്‍, ബോംബിട്ട് കൊന്ന മനുഷ്യക്കുഞ്ഞുങ്ങളുടെ തകര്‍ക്കപ്പെട്ട തലയോട്ടികള്‍ക്ക് മുകളില്‍ കടല്‍ത്തീര സുഖവാസ കേന്ദ്രം പടുത്തുയര്‍ത്തുമെന്ന് ലജ്ജയില്ലാതെ പുലമ്പുന്ന ഭരണാധികാരികള്‍, ഭോപ്പാലിലെ മാലിന്യം നീക്കം ചെയ്ത യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ സ്ഥലത്ത് ഉയരാന്‍ പോകുന്ന അടുത്ത രാസവ്യവസായശാല, ലോകവും രാജ്യവും അനുദിനം പുതിയ വിപത്തുകള്‍ക്ക് അരങ്ങായി മാറുമ്പോള്‍ ഗംഭീര്‍ നദിക്കരയിലെ 358 ടണ്‍ രാസമാലിന്യത്തെക്കുറിച്ച് ആര്‍ക്കാണ് ആശങ്ക. വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ നിലച്ചുപോയ ഇടങ്ങളില്‍ ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്നത് അശരണരുടെ നിലയ്ക്കാത്ത നിലവിളികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.