തേരിറങ്ങിവരും സ്വയംവര കാമുകന്‍

Web Desk
Posted on June 16, 2019, 7:21 am

എം ഡി മനോജ്

പാട്ടില്‍ കാലത്തെയും സ്ഥലത്തെയും കാവ്യബോധത്തെയും ചേര്‍ത്തുവച്ച് ഭാവഗീതാത്മകതയുടെ ഒരു ലാവണ്യലോകം ചമച്ച കവിയായിരുന്നു ഒഎന്‍വി. ഇതൊരു പ്രപഞ്ചാരാധനയുടെ വായന കൂടിയായിരുന്നു കവിക്ക്. കവിതയിലെന്ന പോലെ പാട്ടിലെ ബിംബലോകത്തിന്റെ സാമഗ്രിയായി ഭൂമിയെ മാറ്റുന്നതില്‍ ഒഎന്‍വി എക്കാലവും വിജയിക്കുകയുണ്ടായി. ജീവിതത്തിന്റെ പലവിതാനങ്ങള്‍ വഹിക്കുന്നഒരു ഭാഷാസ്ഥലമെന്ന രീതിയില്‍ ഒഎന്‍വിപ്പാട്ടില്‍ ഭൂമിയുടെ സൗന്ദര്യം വളരുകയായിരുന്നു. ഭൂമിയെ വാഴ്ത്തുന്ന എത്രയോ ഗാനങ്ങള്‍ക്ക് ജന്‍മം നല്‍കിയ കവി കൂടിയാണദ്ദേഹം. ‘എത്ര മനോഹരമീ ഭൂമി ചിത്രത്തിലെഴുതിയപോലെ’ എന്നിങ്ങനെ സ്വപ്നങ്ങളുടെ ഋതുകാന്തി നിറഞ്ഞ പാട്ടുകളുണ്ട് ഒഎന്‍വിയുടേതായി.

https://youtu.be/IAmjIJlVF8I

‘ഭൂമിതന്‍ സംഗീതം നീ’ എന്ന് പ്രണയിനിയെ വിശേഷിപ്പിക്കുവാനും കവിയിഷ്ടപ്പെട്ടു. ഭൂമിയുടെ സൗന്ദര്യത്തെ അടിമുടി വാഴ്ത്തിപ്പാടുന്ന ഒരു ഗാനം ഒഎന്‍വി-ജെറി അമല്‍ ദേവ് സമാഗമത്തില്‍ നിത്യപ്രകാശം ചൊരിഞ്ഞു നിലകൊള്ളുകയാണ്. റിലീസാകാതെ പോയ ‘മമത’ എന്ന സിനിമയിലെ ‘പൂക്കളും പുടവയും പൂത്താലിമാലയുമായ്’ എന്ന ഗാനമാണിവിടെ പ്രതിപാദ്യം. ഭൂമീദേവിക്ക് പൂക്കളും പുടവയും പൂത്താലിയുമായ് തേരിറങ്ങിവരുന്ന സ്വയംവരകാമുകന്‍ കവി തന്നെയാണെന്ന് ഈ പാട്ട് പറഞ്ഞുവയ്ക്കുന്നു. പാട്ടിന്റെ ധാര്‍മികതയില്‍ നിലീനമായിരിക്കുന്ന വാഗ്‌സംഗീതം, സ്വരവൈവിധ്യം എന്നിവയ്ക്കപ്പുറം വികാരാവിഷ്ടവും പ്രചോദിതവുമായ പ്രകൃതിബോധവും ഋതുസങ്കല്‍പ്പവുമെല്ലാം കവിയില്‍ പക്വമായ ഒരാന്തരിക സംസ്‌കാരമായി വളരുന്നു. പ്രണയമടക്കമുള്ള സകല ജീവിത വിചാരങ്ങളുടെയും സംഗീതശ്രുതികളെ ഭൂമിയെയും പ്രകൃതിയെയും ഒന്നിപ്പിക്കുന്ന ഒരു മാണിക്യ വീണയിലേക്ക് സ്വരപ്പെടുത്തിവയ്ക്കുക എന്ന മഹാദൗത്യമാണ് ഈ പാട്ടില്‍ ഒഎന്‍വി നിര്‍വഹിച്ചത്. മഹാ ഭൂമാതൃബിംബത്തിന്റെ പരികല്‍പനകള്‍ സജീവമായിരിക്കുന്ന പാട്ടുകൂടിയാണിത്. ഭൂമിയിലെ ജീവിതത്തെ ചൈതന്യവത്താക്കുന്നത് മനുഷ്യനും മനുഷ്യബന്ധവും കൂടിയാണെന്ന അഗാധമായൊരവബോധം പാട്ടിലൊരുക്കിവയ്ക്കുന്നുണ്ട്, കവി.
ഭാവഗീതഭംഗിയും ഭൂമിയുടെ സ്വപ്നവും സമം ചേര്‍ന്നൊരുക്കുന്ന കാല്‍പനികത വേണ്ടുവോളമുണ്ട്, ഈ ഗാനത്തില്‍. പാട്ടില്‍ ഭൂമിയെ ലാവണ്യാത്മകമായി വിന്യസിക്കുകയാണ്. അലങ്കാരങ്ങള്‍ അണിയുന്നൊരു ഭൂമിയെ കാണാം സൗന്ദര്യാരാധനയുടെ ഈ പാട്ടില്‍. ഭൂമീകേന്ദ്രിതമായ ഒരാഖ്യാനത്തിന്റെ ആത്മഭാവങ്ങള്‍ മുഴുവനും നിറഞ്ഞ പാട്ടെന്ന പ്രതേ്യകതയും ഇതിനുണ്ട്. കേവലമായ ഒരു സ്ഥലിക പ്രകൃതിക്കപ്പുറം പ്രമേയബന്ധിതമായിത്തീരുന്ന ഭൂമിയെ കാണാം ഈ പാട്ടില്‍. ഭൂമിയെ മാനവീകരിക്കുകയായിരുന്നു കവി. അപാരമായ സൗന്ദര്യമുള്ള ഒരു ജൈവധാരയായി ഭൂമി പാട്ടില്‍ അടയാളപ്പെടുന്നു.
അനുപല്ലവിയില്‍ ഭൂമിയില്‍ വിരിയുന്ന ഭാവുകത്വത്തെ സൗന്ദര്യമെന്നും സംഗീതമെന്നുമൊക്കെ വിളിക്കാന്‍ തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ പാട്ടിന്റെ ഘടന. ദൃശ്യഭംഗിയും അര്‍ഥഭംഗിയും ഒരുപോലെ കൊണ്ടുവരാന്‍ ഈ വരികള്‍ ശ്രമിക്കുന്നു.
‘ഉദയശ്രീകുങ്കുമം കവിള്‍ത്തടത്തില്‍
ഹൃദയശ്രീരാഗം നിന്‍ കിളിക്കൊഞ്ചലില്‍’
എന്നിങ്ങനെ ഭൂമി കാല്‍പനികമായ വിസ്തൃതിയാകുകയാണ് നമ്മുടെ മനസില്‍. പുതുതാകലിന്റെ നിത്യസന്നദ്ധമായ ഭൂമിഗീതമാണിതെന്ന് ഈ വരികള്‍ പറയുന്നു. കാവ്യനിനവുകളുടെ കതിരുകള്‍ വര്‍ണാഭമാകുകയാണ് അടുത്തവരിയില്‍.
‘നിത്യനവവധു നിനക്കെന്നും പതിനേഴിനഴക്
നിന്‍ ചാരുപുളകം പോല്‍ വിടര്‍ന്നു സൂര്യകാന്തികള്‍’
പ്രപഞ്ചാനുരാഗത്തിന്റെ ഒരാത്മീയത പങ്കുവയ്ക്കുന്നുണ്ട്, ഈ വരികള്‍. കൂടാതെ ഭൂമി സ്‌നേഹത്തിന്റെ അപാരോത്സുക്യം. സംഗീതത്തിന്റെ സൗന്ദര്യത്തെക്കൂടി പാട്ടുവരികളില്‍ നിക്ഷേപിക്കുന്നു കവി. ശ്രുതിലയ നിബന്ധിയായ ഒരു ജൈവികത വിടര്‍ന്നു വിലസുന്നുണ്ട് ഈ പാട്ടില്‍. ‘പൂവ് ചൂടി നില്‍ക്കുന്ന’ ഭൂമിയുടെ ഇമേജറികള്‍ ഒഎന്‍വിയുടെ മറ്റു പാട്ടുകളിലെന്നപോലെ ഇതിലുമുണ്ടെന്നു കാണാം. ദൃശ്യാത്മകഭാവത്തിന്റെ ഒരു എക്സ്റ്റന്‍ഷന്‍ എങ്ങനെയോ പാട്ടിന് കൈവരുന്നു. ജീവിതാനുരാഗത്തിന്റെ അനിര്‍വചനീയമായ ആത്മസൗരഭമൊക്കെയും വരികളില്‍ നിന്ന് പൂവിന്‍ ദളങ്ങളിലേക്ക് ചേക്കേറി നമ്മുടെ ഹൃദയങ്ങളെ സുവാസിതമാക്കുന്നു.
ചരണത്തിലെത്തുമ്പോള്‍ പാട്ട് സൗന്ദര്യാരാധനയുടെ ആത്മീയതലത്തിലേക്ക് കയറിപ്പോകുന്നു.
‘നളിനങ്ങള്‍ കൈകൂപ്പും കഴലിണയില്‍
നവസര്‍ഗപുളകത്തിന്‍ ചിലമ്പൊലികള്‍’
ഭൂമിയുടെ വഴികള്‍ നിറയെ മലര്‍കന്യകകള്‍ മധുപാത്രമേന്തി നില്‍ക്കുന്നുവെന്ന കല്‍പനയാണ് കവി അടുത്തവരിയില്‍ അടുക്കിവയ്ക്കുന്നത്. അതുപോലെ സ്വര്‍ണച്ചാമരങ്ങള്‍ വീശിനില്‍ക്കുന്ന ചെമ്പകാംഗികളും പാട്ടില്‍ നിരന്നുനില്‍ക്കുന്നു. ഇങ്ങനെ തേരിറങ്ങിവരുന്ന കാമുകനെ കാണാനൊരുങ്ങി നില്‍ക്കുന്ന പതിനേഴഴകുള്ള നിത്യനവവധുവിനെപോലെ ഭൂമീദേവിയെ സങ്കല്‍പത്തില്‍ കൊണ്ടുവരുന്ന ഈ ഗാനം ഒരേസമയം കാല്‍പനികവും ക്ലാസിക്കലുമാകുന്ന ഗീതമാന്ത്രികത്വത്തിന്റെ നിറദീപ്തിയിലാകുന്നു. ഉദാത്തവും ഉത്കൃഷ്ടവുമായ ഒരു കാവ്യഭാഷണമായി ഈ ഗാനം മാറുന്നതും ഇതൊക്കെക്കൊണ്ടാണ്. ആരാധന, സമര്‍പ്പണം, ആഹ്ലാദം, വിസ്തൃതി എന്നിങ്ങനെ വിടര്‍ന്നുവരുന്ന പ്രപഞ്ച പ്രണയത്തെ ഒഎന്‍വി ഭൂമിയെന്ന തൂലികകൊണ്ട് എഴുതുകയായിരുന്നു.
മലയാള സിനിമയില്‍ പാട്ടിന്റെ മദനോത്സവങ്ങള്‍ തീര്‍ത്ത സംവിധായകനായിരുന്ന ശങ്കരന്‍ നായരുടെ ആദ്യകാലസൃഷ്ടിയായിരുന്നു ‘മമത’. ഇറങ്ങാതെ പോയ ഈ സിനിമയിലെ പാട്ട് ഈണത്തിന്റെ അഭിരാമമായ ഉള്‍ത്തടങ്ങള്‍ പൂക്കുന്നത് ജെറി അമല്‍ദേവ് എന്ന അനുഗ്രഹീത സംഗീതജ്ഞന്റെ ഭാവനയിലൂടെയാണ്. എഴുപതുകളുടെ അവസാനത്തില്‍ മലയാള ചലച്ചിത്രസംഗീതത്തിന് പാശ്ചാത്യ സംഗീതഭംഗികള്‍ പകര്‍ന്നുതന്ന കാല്‍പനികതയുടെ ഒരു കാലഘട്ടം ജെറി അമല്‍ദേവിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നു. തികച്ചും സാധാരണമായ കോമ്പസിഷനുകളില്‍ പോലും അതിസാധാരണമായ വ്യതിരിക്ത ഹാര്‍മണികള്‍ ജെറി സംഗീതത്തിലുണ്ടായിരുന്നു. ആധുനിക ഇലക്‌ട്രോണിക് സംഗീതോപകരണങ്ങള്‍ പാട്ടില്‍ അദ്ദേഹം ചേര്‍ത്തുവയ്ക്കുമ്പോള്‍ത്തന്നെ കാല്‍പനികവും ഗൃഹാതുരവുമായ മിത്തുകളെ പുനഃസൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്. അത് ഈ പാട്ടിലും കാണാനാവും. പാശ്ചാത്യ ജനപ്രിയ സംഗീതത്തെ നമുക്ക് പരിചിതമായ സംഗീതശൈലിയായി അദ്ദേഹം പാട്ടില്‍ പ്രയോഗവത്കരിച്ചു. പാട്ടിലെ മെലഡിക്ക് സമാന്തരമായി വന്നുവീഴുന്ന താളലയങ്ങള്‍ ജെറിയുടെ ഗാനങ്ങളില്‍ അതിന്റെ സകല വൈവിധ്യത്തിലും മാറ്റുകൂട്ടുന്നു. പാശ്ചാത്യ സംഗീതസ്വരങ്ങള്‍ ഉപയോഗിച്ച് ഹൃദ്യമായൊരു താളക്രമമൊരുക്കി ലളിതമായ അലങ്കാരങ്ങളില്‍ മധുരമാക്കുകയായിരുന്നു പാട്ടിനെ, ജെറി അമല്‍ദേവ്. നിശ്ചിതകോഡുകളെ പ്രവചനാതീതമായ കോഡുകളിലേക്ക് സ്ഥാനാന്തരം ചെയ്താണ് ജെറിയുടെ പാട്ടുകളുണ്ടാകുന്നത്. ഈ പാട്ടില്‍ പല്ലവിയില്‍ നിന്ന് അനുപല്ലവിയിലേക്കും ചരണത്തിലേക്കുമെല്ലാം ഇത്തരം ‘സ്‌കെയില്‍ ഷിഫ്റ്റുകള്‍’ കാണുവാന്‍ കഴിയും. പ്രോഗ്രഷനുകളെ സമര്‍ഥമായി മോഡുലേറ്റ് ചെയ്തുണ്ടാക്കുന്ന സൗഖ്യം ഈ പാട്ടിലുണ്ട്. അഗാധമായ ക്ലാസിസത്തിന്റെ ഈ സംഗീതലോകത്തില്‍ ജനപ്രിയതയുടെയും അനായാസതയുടെയും കേള്‍വിതലം ഉറപ്പായുമുണ്ടെന്നത് ശ്രദ്ധേയമാണ്. ലളിതമായ മെലഡിയിലും ഓര്‍ക്കസ്‌ട്രേഷനിലും നിര്‍മിക്കപ്പെടുന്ന ഭാവമാണ് ഈ പാട്ടില്‍ പ്രധാനം. ലിറിക്‌സിന്റെ അര്‍ഥഭംഗികള്‍, സംഗീതപരമായ ഉള്ളടക്കം എന്നിങ്ങനെ പാട്ടിന്റെ പ്രാഥമിക ഘടനയ്ക്ക് അനുബന്ധമായി വികസിക്കുന്ന ഒരു ക്രമം ഈ പാട്ടിലുണ്ടായിരുന്നു. വരികളുടെ അന്തരംഗം തുറക്കുന്ന ഈണത്തിന്റെ മന്ദ്രതരമായ മൗനം പാട്ടില്‍ ഇതള്‍ വിടര്‍ത്തുന്നു.

ONV
മന്ദ്രസ്ഥായിയില്‍ യേശുദാസിന്റെ ഘനഗാംഭീര്യം അതിന്റെ സ്വാഭാവികതയില്‍ മുഴങ്ങുന്നുണ്ട്, ഈ പാട്ടില്‍. ലയവും ഹാര്‍മണിയും സമന്വയിക്കുന്ന പാട്ടിന്റെ നിര്‍മിതിയില്‍ മന്ദ്രസ്ഥായിയിലെ സ്വരവിന്യാസങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. ഗമകണ്ടന്‍ കുറച്ച് പാട്ടില്‍ മധുരതരമായ ഇടങ്ങള്‍ സ്ഥാപിക്കുന്ന രീതിയാണിത്. ഈ പാട്ടിന്റെ അനുപല്ലവിയില്‍ ചെറിയ ധൈവതത്തിലേക്ക് ശ്രുതിഭേദം ചെയ്തും പൂര്‍വസ്ഥിതിയിലേക്ക് പാട്ടിനെ കൊണ്ടുവരുന്നത് മാന്‍ഡലിന്റെ പ്രയോഗങ്ങളാണ്. വാക്കുകളുടെ ആവര്‍ത്തനംകൊണ്ടുണ്ടാകുന്ന ഭാവപരിണതികള്‍ (നിത്യനവവധു, നിന്റെ വഴികളില്‍), മേജര്‍-മൈനര്‍ഷിഫ്റ്റുകള്‍ എന്നിവ ഈ പാട്ടിന്റെ ധന്യതകള്‍ കൂടിയാവുന്നു. പാശ്ചാത്യസംഗീതവും നോര്‍ത്ത് ഇന്ത്യന്‍ രാഗാധിഷ്ഠിതവും ജെറിപ്പാട്ടിന്റെ അടിയാളവാക്യങ്ങളാണെന്ന് ഈ പാട്ട് കാണിച്ചുതരുന്നുണ്ട്. ഓര്‍ക്കസ്‌ട്രേഷന്റെ ഭാവാത്മകതയില്‍ പാട്ട് വേറിട്ടു നില്‍ക്കുകയാണ്. എഴുപതോളം സിനിമകളില്‍ സംഗീതം ചെയ്തുവെങ്കിലും ജെറി അമല്‍ദേവിന്റെ പകുതിയിലേറെ സിനിമകള്‍ ഇനിയും റിലീസ് ചെയ്യാതെയിരിക്കുന്നു. അനുഭൂതി, നിര്‍വൃതി, ലയം, വിശ്രാന്തി എന്നിവയെ ചുറ്റിനില്‍ക്കുന്ന ഒരു ഗാനധാരയാണിത്. ജെറി സംഗീതത്തിന്റെ മുഴുവന്‍ മുദ്രകളും പേറുന്ന ഈ ഗാനത്തിന് എക്കാലവും ആസ്വാദകരുണ്ടാകുമെന്നുറപ്പാണ്.