Thursday
23 May 2019

തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-മുസ്ലീം ലീഗ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു

By: Web Desk | Friday 1 March 2019 10:05 PM IST


കെ കെ ജയേഷ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന കോണ്‍ഗ്രസ്-മുസ്ലീം ലീഗ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ലഭിക്കില്ലെന്ന് വ്യക്തമാണെങ്കിലും വിവിധ സംഘടനകളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനും അണികളെയും പ്രാദേശിക നേതാക്കളെയും തൃപ്തിപ്പെടുത്താനുമായി മൂന്നാം സീറ്റ് ആവശ്യം യോഗത്തിലും സജീവമായി ഉന്നയിക്കുകയായിരുന്നു മുസ്ലീം ലീഗ്. മൂന്നാം സീറ്റില്‍ തട്ടി ചര്‍ച്ചകള്‍ വഴിമുടങ്ങിയതോടെയാണ് തീരുമാനങ്ങളൊന്നുമാവാതെ ചര്‍ച്ച പിരിഞ്ഞത്.

എന്നാല്‍ സീറ്റ് സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇക്കാര്യം ഔദ്യോഗികമായി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് നാലിന് നടക്കുന്ന കെ പി സി സി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനും ആറിന് നടക്കുന്ന ലീഗ് ഹൈപര്‍ കമ്മിറ്റി യോഗത്തിനും ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രതികരണം ഉണ്ടാവുകയുള്ളുവെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതേ സമയം ഇപ്രാവശ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാമതൊരു സീറ്റ് ഉണ്ടാകില്ലെന്ന് ഏറെക്കുറേ വ്യക്തമായിരിക്കുകയാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഇരുകക്ഷികളും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലാണ് കെ പി സി സിയുടെയും ലീഗ് ഹൈപവര്‍ കമ്മിറ്റിയുടെയും അംഗീകാരം ഇരുപാര്‍ട്ടികളും വാങ്ങുക. ഇതിന് ശേഷം യു ഡി എഫ് നേതൃത്വം ഔദ്യോഗികമായി ഇക്കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്.

മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യത്തിന് പകരം കോണ്‍ഗ്രസ് യോഗത്തില്‍ ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ നേതൃത്വത്തിന് മുന്നില്‍ വെക്കുകയായിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമാണ് ലീഗ് നേതൃത്വത്തിന് മുന്നിലുള്ള വഴിയെങ്കിലും പരമാവധി സീറ്റിനായി പരിശ്രമിച്ചുവെന്ന് അണികളെ ബോധ്യപ്പെടുത്താനാണ് നേതൃത്വത്തിന്റെ ശ്രമം. സീറ്റ് ചര്‍ച്ചയുടെ ആദ്യഘട്ടം മുതല്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച നിലപാടായിരുന്നു ലീഗ് നേതൃത്വത്തിന്. ഇത് ലഭിക്കില്ലെന്ന് വ്യക്തമായപ്പോഴും നിലപാടില്‍ നിന്ന് മാറാത്ത രീതിയില്‍ നേതൃത്വം ആവശ്യം തുടര്‍ന്നുകൊണ്ടിരുന്നു. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ ആവശ്യം ശക്തമായ ഉന്നയിച്ച സാഹചര്യത്തില്‍ ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ലീഗിന് സാധിക്കുമായിരുന്നില്ല. പ്രധാനവോട്ട് ബാങ്കായ സമസ്തയെ ഉള്‍പ്പെടെ പിണക്കിക്കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് മൂന്നാം സീറ്റ് ആവശ്യം നേതൃത്വം സജീവമായി ഉയര്‍ത്തിക്കൊണ്ടിരുന്നത്. ആവശ്യം പരസ്യമായി ഉന്നയിച്ചില്ലെങ്കില്‍ അണികളിലും യൂത്ത് ലീഗിലും ഉള്‍പ്പെടെ അമര്‍ഷം ശക്തമായുമെന്നും ലീഗ് നേതൃത്വത്തിന് ഉറപ്പായിരുന്നു. ഇതിന് മുമ്പും മൂന്നാം സീറ്റിനായി ലീഗ് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഒന്നും പരിഗണിക്കപ്പെട്ടിരുന്നില്ല. കോഴിക്കോട്,വടകര, വയനാട്, കാസര്‍ക്കോട് സീറ്റുകള്‍ തരണമെന്നായിരുന്നു നേരത്തെ ലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച് വോട്ടിംഗ് ശതമാനം ഉയര്‍ത്താനും ജയിക്കാനും ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് ലീഗിന്റെ ആവശ്യത്തോട് ഇത്തവണയും മുഖം തിരിച്ചിരിക്കുകയാണ്. എന്നിരുന്നാലും പരമാവധി ഈ ആവശ്യത്തിന് വേണ്ടി വാദിച്ചുവെന്ന് വരുത്തി അണികള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനും മറ്റെന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്നുമാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. നാളെ കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ഉഭയ കക്ഷി ചര്‍ച്ച നടക്കുമെന്നും കോണ്‍ഗ്രസ് മുസ്ലീം ലീഗ് ബന്ധം ഉലച്ചില്‍ തട്ടാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ വ്യക്തമാക്കി.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍ എന്നിവരും മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, എം കെ മുനീര്‍, പി വി അബ്ദുള്‍ വഹാബ് തുടങ്ങിയവരും പങ്കെടുത്തു.

Related News