വിക്ടര്‍ ജോര്‍ജ് സ്മാരകപുരസ്‌കാരം ബിബിന്‍ സേവ്യറിന് 

Web Desk
Posted on July 07, 2019, 6:52 pm

കോട്ടയം: അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെ യു ഡബ്ല്യൂ ജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ  ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യര്‍ അര്‍ഹനായി. അടിമാലി എട്ടുമുറി പാലവളവില്‍  ഉരുള്‍പൊട്ടലിനിടെ മണ്ണിനടിയില്‍പ്പെട്ട കുരുന്നിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് അഗ്‌നിശമന സേനാംഗം ഓടുന്ന ചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

പ്രളയജലം വിഴുങ്ങും മുമ്പ് ചെറുതോണി പാലത്തിലൂടെ ദുരന്തനിവാരണ സേനാംഗം  കുട്ടിയുമായി പായുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ ജി ശിവപ്രസാദ്, റിജോ ജോസഫ്, ഷിയാമി എന്നിവര്‍  ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് വിക്ടര്‍ ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനമായ നാളെ കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍  സമ്മാനിക്കും.