ആടിയുലയാന്‍ തുടങ്ങുമ്പോള്‍ നീചനടപടികളും അപഹാസ്യനാടകങ്ങളും

Web Desk
Posted on November 15, 2019, 10:49 pm

വിപി ഉണ്ണികൃഷ്ണൻ

‘നാടകമേ ഉലകം’ എന്നാണല്ലോ നാം കേട്ടുകേട്ടു കാതുകള്‍ തഴമ്പിച്ചതും കണ്ടു കണ്ടു കണ്ണുകള്‍ മഞ്ഞളിച്ചതും. ജനാധിപത്യം എന്ന മഹനീയ നാടകത്തട്ടില്‍ ഇരുപത് ദിവസങ്ങളോളമായി മലീമസവും അധമത്വം നിറഞ്ഞതുമായ കോമാളി നാടകങ്ങള്‍ ആരെയും നാണംകെടുത്തുന്ന നിലയില്‍ അനവരതം അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഈ നാടകങ്ങളില്‍ നായകന്മാരില്ല. പ്രതിനായകന്മാരും വിദൂഷകന്മാരും മാത്രമാണ് തിരശീലയ്ക്കു മുന്നിലും തിമിര്‍ത്താടുന്നത്. വിദൂഷകന്മാരുടെയും പ്രതിനായകരുടെയും പട്ടികയില്‍ നിസാര നടനപ്രതിഭകളൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ഭഗത്‌സിംഗ് കോഷിയായി മുഖ്യമന്ത്രിയായിരുന്ന ഫഡ്നാവസ്, നാരായണ്‍ റാണെ എന്നിവരൊക്കെ ആടിത്തിമിര്‍ക്കുന്നവരുടെ മുന്‍നിരയിലുണ്ട്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ, ഇന്ത്യന്‍ സാമ്പത്തിക ശ്രേണിയുടെ ഗതിവിഗതികളും ഉയര്‍ച്ചതാഴ്ചകളും നിര്‍ണയിക്കുന്ന മഹാരാഷ്ട്രയാണ് ജനാധിപത്യ ചൂതുകളിക്കായി ഇവര്‍ തിരഞ്ഞെടുത്തത് എന്നത് ഇവരുടെ രാഷ്ട്രീയ വീക്ഷണമില്ലായ്മയും ദേശീയ താല്‍പര്യത്തിലെ പാപ്പരത്തവും വിളിച്ചറിയിക്കുന്നു. ഒരു കക്ഷിക്കോ ഏത് മുന്നണിക്കോ വോട്ടുചെയ്തോ അവരെയാകെ നോക്കുകുത്തികളാക്കി നിര്‍ത്തി നിന്ദിക്കുകയും അവഹേളിക്കുകയും പരമപുച്ഛത്തോടെ പല്ലിളിച്ചുകാട്ടുകയുമാണ് രാഷ്ട്രീയ ഗോദയിലെ അപഹാസ്യ നാടക രചയിതാക്കളും വിദൂഷക വേഷങ്ങളും. ഇവര്‍ ഇന്ത്യന്‍ ജനാധിപത്യം മുന്നോട്ടുവയ്ക്കുന്ന മഹനീയ മൂല്യങ്ങളെയും തത്വസംഹിതകളെയും കീഴ്‌വഴക്കങ്ങളെയും ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉള്‍പ്പെടെ നടത്തിയിട്ടുള്ള വിധിപ്രസ്താവങ്ങളെയും ഗര്‍വോടെ നീചത്വമാര്‍ന്ന കാലുകളാല്‍ ചവിട്ടിമെതിക്കുന്നുവെന്നത് അത്യന്തം ആപത്ക്കരമാണ്. 2019 ഒക്ടോബര്‍ 21ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമായും രണ്ടു മുന്നണികളാണ് പരസ്പരം മാറ്റുരച്ചത്. ബിജെപി — ശിവസേന സഖ്യവും എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും. 2014 ല്‍ ബിജെപിയും ശിവസേനയും പരസ്പരം മത്സരിച്ച കൂട്ടരാണ്.

ഫലം വന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിലയുണ്ടായി. ഉടന്‍തന്നെ ശത്രുപക്ഷത്തായിരുന്ന ബിജെപിയും ശിവസേനയും ദിവസങ്ങള്‍ നീണ്ടുനിന്ന വിലപേശലുകള്‍ക്കൊടുവില്‍ ഉറ്റമിത്രങ്ങളായി. സര്‍ക്കാരില്‍ കൊണ്ടും കൊടുത്തും പരസ്പരം പഴിചാരിയും പുലഭ്യം പറഞ്ഞും അഞ്ചുകൊല്ലം പൂര്‍ത്തീകരിച്ചു. 2019 ല്‍ ഒരുമിച്ച് മത്സരിച്ചു. ആ മുന്നണിക്ക് കേവല ഭൂരിപക്ഷവും ലഭിച്ചു. തെരഞ്ഞെടുപ്പ് പൂര്‍വകാലത്ത് ഉണ്ടാക്കിയ ഉടമ്പടികളില്‍ നിന്ന് ബിജെപി പിന്നോട്ടുപോയി എന്ന് ആക്ഷേപിച്ച് ഉദ്ധവ് താക്കറെ ഇടഞ്ഞു. രണ്ടരവര്‍ഷക്കാലം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവി, സുപ്രധാന വകുപ്പുകള്‍ എന്നീ വാഗ്ദാനങ്ങള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ശിവസേനയുടെ വാദം. ഒരു വാഗ്ദാനവുമില്ലെന്ന് ബിജെപി നേതാക്കള്‍. അമിത്ഷായാവട്ടെ മൗനകുടീരത്തില്‍ ഉറങ്ങുകയും ചെയ്തപ്പോള്‍ ശിവസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ഒരേയൊരു കേന്ദ്രമന്ത്രി പദവി രാജിവച്ചു. അപ്പോഴാണ് ബിജെപിക്കാര്‍ക്ക് രാഷ്ട്രീയ ധാര്‍മ്മികതയുടെ വെളിപാടുണ്ടായത്. ഒരുമിച്ച് മത്സരിച്ചശേഷം ശിവസേന കുതികാല്‍‍ വെട്ടി എന്നാണ് ആക്ഷേപം. പരസ്പരം ചെളിവാരിയെറിഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ചശേഷം അധികാരത്തിന്റെ ശര്‍ക്കരക്കുടത്തില്‍ കൈയ്യിടാന്‍ 2014 ല്‍ കൈകോര്‍ത്തപ്പോള്‍ എവിടെയായിരുന്നു ബിജെപിയുടെ രാഷ്ട്രീയ ധാര്‍മ്മികത? ഒക്ടോബര്‍ 24ന് വിധിനിര്‍ണയം വ്യക്തമായതിനുശേഷം മന്ത്രിസഭ രൂപീകരിക്കുവാന്‍ ഏറ്റവും കൂടുതല്‍ സീറ്റുനേടിയ കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാന്‍ ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ടതില്ല.

പക്ഷേ, 18 ദിവസം ഗവര്‍ണര്‍ കാണാമറയത്തായിരുന്നു. 18 ദിവസത്തെ കാണാമറയത്തിരുപ്പ് വെറുമൊരു വിനോദത്തിനായിരുന്നില്ല. സഖ്യം തെറ്റിപ്പിരിഞ്ഞ് കേവല ഭൂരിപക്ഷത്തിന് ഏറെ അകലെയായിപ്പോയ ബിജെപിക്ക് കുതികാല്‍ വെട്ടിനും കുതിരക്കച്ചവടത്തിനും ആവശ്യമുള്ള സമയവും സൗകര്യവും സജ്ജമാക്കി നല്‍കുകയായിരുന്നു ഭഗത്‌സിംഗ് കോഷിയാരി എന്ന സംഘകുടുംബാംഗമായ ഗവര്‍ണര്‍. കര്‍ണാടകയിലും ഗോവയിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വിധി മാനിക്കാതെ കോടികള്‍ വാരിയെറിഞ്ഞും വാഗ്ദാന പെരുമഴയാല്‍ പ്രലോഭിപ്പിച്ചും ജനാധിപത്യ വ്യവസ്ഥിതിയെ കളങ്കപൂരിതമാക്കിയ നീചവൃത്തി അരങ്ങേറാനുള്ള തന്ത്ര കുതന്ത്രങ്ങള്‍ക്കായുള്ള സമയം നല്‍കല്‍. പക്ഷെ, അമിത് ഷായെ പോലുള്ള ‘കൂറ്റന്‍ നായ്ക്കളുടെ’ പല്ലിന് പണ്ടേപോലെയുള്ള ശൗര്യവും ക്രൗര്യവും മഹാരാഷ്ട്രയില്‍ പ്രകടമാക്കാനായില്ല. അവര്‍ വിടര്‍ത്തിവച്ച ചാക്കിനുള്ളില്‍ കയറാനും പണത്തിന്റെ കാന്തിയില്‍ കണ്ണു മഞ്ഞളിക്കുവാനും ആളെ കിട്ടിയില്ല. അതുകൊണ്ടാണ് ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം 18 ദിവസത്തിനുശേഷം ഗവര്‍ണറെ കണ്ടപ്പോള്‍ അധികാരാരോഹണത്തിനായി അവകാശവാദം ഉന്നയിക്കാതെ മടങ്ങിപ്പോയത്. എന്നിട്ടും കോഷിയാരി അടങ്ങിയില്ല. അവകാശവാദമുന്നയിക്കാത്ത ബിജെപിയെ തന്നെ ക്ഷണിച്ചു. 48 മണിക്കൂര്‍ സമയവും അനുവദിച്ചു. എന്നിട്ടും കാലുമാറ്റക്കാരെ കിട്ടാതെ ഫഡ്നാവിസ് പത്തിമടക്കി. രണ്ടാമത്തെ ഒറ്റക്കക്ഷിയായ ശിവസേനയെ ക്ഷണിച്ചെങ്കിലും 48 ണിക്കൂര്‍ ബിജെപിക്ക് നല്‍കിയ വിദ്വാന്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രമേ നല്‍കിയുള്ളു. സമയം നീട്ടി ചോദിച്ചപ്പോള്‍ നിഷ്കരുണം തള്ളിയ ഗവര്‍ണര്‍ എന്‍സിപിയെ ക്ഷണിച്ചു. അവര്‍ക്കും 24 മണിക്കൂര്‍ സമയം. അതായത് രാത്രി 8.30വരെ. പക്ഷെ, ഉച്ചയ്ക്ക് 12 മണിക്കുതന്നെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്യുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ ബ്രസീലിനു പറക്കാനിരുന്ന പ്രധാനമന്ത്രി യാത്ര ഒരു മണിക്കൂര്‍ നീട്ടുകയും അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. പഞ്ചാബിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിയില്‍ പറന്നിറങ്ങി ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന കക്ഷികളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നവേളയില്‍ തങ്ങളുടെ കളി കൈവിട്ടുപോകുന്നുവെന്നും കടിഞ്ഞാണ്‍ കൈമോശം വരുന്നുവെന്ന തിരിച്ചറിവുമാണ് കുത്സിതമാര്‍ഗങ്ങളിലൂടെയുള്ള രാഷ്ട്രപതി ഭരണം. രാഷ്ട്രപതി ഭരണ പ്രഖ്യാപനത്തിനു പിന്നാലെ ഫഡ്നാവിസും നാരായണ്‍ റാണെയും പറയുന്നു; തങ്ങള്‍ ഉറച്ച സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്. സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ശേഷിയില്ലെന്ന് പറഞ്ഞവര്‍ക്ക് ഈ ഊര്‍ജ്ജം പൊടുന്നനെ എവിടെ നിന്ന് ലഭിച്ചു. കാലുമാറ്റത്തിനും കുതികാല്‍ വെട്ടിനും കുതിരക്കച്ചവടത്തിനും വീണ്ടും ആവശ്യമായ സമയം താലത്തില്‍ വച്ചുനീട്ടപ്പെട്ടതുതന്നെ കാരണം. ഈ നാടകങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ കോമാളി നാടകവും ഇന്ത്യന്‍ ജനത കണ്ടു. തെരഞ്ഞെടുപ്പുകാലത്ത് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തരിമ്പും പ്രതീക്ഷയില്ലാതിരുന്നതുകൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരിഞ്ഞുനോക്കിയതേയില്ല. കോണ്‍ഗ്രസ് — എന്‍സിപി സഖ്യം മഹാരാഷ്ട്രയിലെ വിവിധ പ്രവിശ്യകളിലായി 76 റാലികള്‍ സംഘടിപ്പിച്ചു. രാഹുല്‍ഗാന്ധി പങ്കെടുത്തത് കേവലം ഏഴ് റാലികളില്.‍ മറ്റൊരു ദേശീയ നേതാവിനെയും മഹാരാഷ്ട്രയില്‍ കണ്ടില്ല. വാര്‍ധക്യകാലത്തും മറാഠാ രാഷ്ട്രീയത്തിലെ അതികായനും കുതിരയും താന്‍തന്നെയാണെന്ന് തെളിയിച്ചുകൊണ്ട് ശരത്പവാര്‍ 69 റാലികളില്‍ പ്രസംഗിച്ചു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കിട്ടിയ സീറ്റുകളുടെ ക്രഡിറ്റും ഫലത്തില്‍ പവാറിനുതന്നെ. ബിജെപിയെ ഏതുവിധേനയും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാനുള്ള കനകാവസരമാണിതെന്നും അതിന് ശിവസേനയെ ഒപ്പം നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നും മഹാരാഷ്ട്രയിലെ പിസിസി ഘടകവും എന്‍സിപിയും ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ മഹാഭൂരിപക്ഷവും അതിനെ പിന്തുണച്ചു. എന്നാല്‍ എ കെ ആന്റണിയെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെയും കെ സി വേണുഗോപാലിനെയും പോലുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂടില്ലാത്താളികള്‍ക്ക് പെട്ടെന്ന് മതേതരത്വ ഉള്‍വിളിയുണ്ടായി. ശിവസേനയെന്നു കേട്ടാല്‍ ച്ഛര്‍ദ്ദിക്കണം, കണ്ടാ­ല്‍ ഓടിമറയണം എന്നൊക്കെയായി വാദങ്ങള്‍. ചരിത്രത്തെ നോക്കി കൊ‍ഞ്ഞനം കുത്തുകയാണ് ഇക്കൂട്ടര്‍. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം രൂപപ്പെടുന്നതുവരെ ശിവസേന കോണ്‍ഗ്രസിനൊപ്പമായിരുന്നു. ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘത്തിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശിവസേന ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ നല്‍കി. 1975 ലെ അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയും ബാല്‍താക്കറെ ഇന്ദിരാഗാന്ധിയെ വാഴ്ത്തിപ്പാടുകയും ചെയ്തു. ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതിനുശേഷവും ശിവസേന കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രതിഭാ പാട്ടീലിന് വോട്ടുചെയ്തു.

മണ്ണിന്റെ മക്കള്‍ വാദവുമായി സേന മറാഠാ മണ്ണില്‍ അഴിഞ്ഞാടുമ്പോഴും അവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. കാലം എ­ല്ലാം മറക്കാനുള്ളതല്ലെന്ന് ഈ കോണ്‍ഗ്രസ് കാപട്യക്കാര്‍ തിരിച്ചറിയണം. ബിജെപി നയിക്കുന്ന എന്‍ഡിഎ ഇന്ന് ആടിയുലയുന്ന കപ്പലാണ്. ആ കപ്പലിന്റെ കപ്പിത്താന്‍ പരിഭ്രാന്തനും അഞ്ചുമാസം മുമ്പു നടന്ന ലോക്‌സഭാ തെര‍ഞ്ഞെടുപ്പില്‍ മഹാവിജയം നേടിയ എന്‍ഡിഎ തകര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലാണ്. അഞ്ചു മാസം മുമ്പു നടന്ന ലോക്‌സഭാ തെര‍ഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ എന്‍ഡിഎ തൊട്ടുപിന്നാലെ നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 51 പാര്‍ലമെന്റ് — നിയമസഭാ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കനത്ത തിരിച്ചടി നേരിട്ടു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 23 ഉം ശിവസേനയ്ക്ക് 18 ഉം സീറ്റുകള്‍ ലഭിച്ചു. എന്‍സിപിക്ക് നാലും കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ ലഭിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഫലം ഏതാണ്ട് ഇതുതന്നെയായിരുന്നു. ബിജെപി 23, ശിവസേന 18, എന്‍സിപി 4, കോണ്‍ഗ്രസ് 1. എന്നാല്‍ 2014 ലെയും 2019 ലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യത്യസ്തമാണ്. 2014 ല്‍ ബിജെപിയും ശിവസേനയും വെവ്വേറെ മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 122 ഉം ശിവസേനയ്ക്ക് 63 ഉം സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 42 ഉം എന്‍സിപിക്ക് 41 സീറ്റുകളും. എന്നാല്‍ 2019 ല്‍ സ്ഥിതി വിഭിന്നമായിരുന്നു. ബിജെപിയും ശിവസേനയും ഒരുമിച്ചു മത്സരിച്ചു. ബിജെപിക്ക് ഒറ്റയ്ക്കു മത്സരിച്ചപ്പോള്‍ ലഭിച്ച സീറ്റുകളേക്കാള്‍ എണ്ണം കുറച്ചു. 122 ല്‍ നിന്ന് 105ലേക്ക് താണു. ശിവസേനയ്ക്ക് 56 ഉം എന്‍സിപിക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റുകളാണ് ലഭിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായും 2014ലെ നിയമസഭാ തെരഞ്ഞെടുപ്പുമായും താരതമ്യം ചെയ്യുമ്പോഴും കനത്ത തിരിച്ചടിതന്നെ. മഹാരാഷ്ട്രയിലേതുപോലെ സര്‍വെ റിപ്പോര്‍ട്ടുകള്‍ മഹാവിജയം പ്രവചിച്ച സംസ്ഥാനമാണ് ഹരിയാന. കോണ്‍ഗ്രസ് പച്ച തൊടില്ലെന്ന് അവര്‍ പ്രവചിച്ചു. കോണ്‍ഗ്രസും അത് വിശ്വസിച്ചു. കോണ്‍ഗ്രസിനോടുള്ള സ്നേഹം കൊണ്ടല്ല, ബിജെപിയോടുള്ള എതിര്‍പ്പുകൊണ്ട് ഹരിയാനയിലും ബിജെപിക്ക് പ്രഹരമേറ്റു.

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഏഴു സീറ്റും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് രണ്ടു സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചതെങ്കില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 10 ല്‍ 10 ഉം ബിജെപി തൂത്തുവാരി. അഞ്ച് മാസങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 40 സീറ്റിലൊതുങ്ങി. കേവല ഭൂരിപക്ഷമില്ല. തൂത്തെറിയപ്പെടുമെന്ന് കരുതിയ കോണ്‍ഗ്രസിന് 31 സീറ്റ് ലഭിച്ചു. ജെജെപിക്ക് പത്തും ഐഎല്‍ഡിക്ക് ഒരു സീറ്റും ലഭിച്ചു. 2014 നിയമസഭയില്‍ ബിജെപിക്ക് 47 ഉം കോണ്‍ഗ്രസിന് 15 ഉം ഐഎല്‍ഡിക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷം കിട്ടാത്ത ബിജെപി രാഷ്ട്രീയ ക്രിമിനലുകളായി‍ കാരാഗൃഹത്തില്‍ കഴിയുന്ന ചൗത്താല കുടുംബത്തിലെ ചെറുമകന് ഉപമുഖ്യമന്ത്രി പദം നല്‍കി വല്ലാതെ കഷ്ടപ്പെട്ട് അധികാരത്തിലെത്തി. ആടിയുലയുവാന്‍ തുടങ്ങിയിരിക്കുകയാണ് എന്‍­ഡിഎ കപ്പൽ.‍ വന്‍ കാറ്റുകള്‍ വരാനിരിക്കുന്നു. ഒരൊറ്റ കേന്ദ്രമന്ത്രി എന്ന് മോഡി പറഞ്ഞവേളയില്‍ തന്നെ എന്‍ഡിഎയിലെ മുഖ്യകക്ഷികളിലൊന്നായ ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാര്‍ നീരസത്തോടെ തള്ളിക്കളഞ്ഞു. ഇപ്പോള്‍ ശിവസേന എന്‍ഡിഎ വിട്ടു. ഇനി എത്രയെത്രപേര്‍ മോഡിയുടെയും അമിത് ഷായുടെയും ധാര്‍ഷ്ട്യം മടുത്ത് പുറത്തുവരുമെന്നത് കാത്തിരുന്ന് കാണണം. നാടകങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. നാടകാന്തം കവിത്വം!