ബൈസിക്കിൾ പരേഡ് കൊച്ചിയിൽ ജനുവരി 26 ന്

Web Desk
Posted on December 04, 2019, 4:11 pm

കൊച്ചി: ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ബൈസിക്കിൾ പരേഡ് 2020 റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കൊച്ചിയിൽ നടക്കും. കഴിഞ്ഞ ജൂണിൽ 1995 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ച് തുർക്ക്‌മെനിസ്‌ഥാൻ നേടിയ റെക്കോഡ് മറികടക്കുകയാണ് ലക്ഷ്യം. 3500 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ച് ലോകത്തെ ഏറ്റവും നീളം കൂടിയ സിംഗിൾ ലൈൻ ബൈസിക്കിൾ പരേഡിനാണ് അടുത്തമാസം കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് ഈവന്റ് ഡയറക്റ്റർ നിഥിൻ പലാൽ പറഞ്ഞു.

ഇതിനകം തന്നെ 2000  പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അഞ്ച് കിലോമീറ്റർ ദൂരമാണ് വരിവരിയായി ഒന്നിന് പിന്നാലെ ഒന്നായി സൈക്കിളിസ്റ്റുകൾ പരേഡിൽ അണിനിരക്കുക. ചണ്ഡീഗഡ്, ജമ്മു, ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത, അഗർത്തല, പൂനെ എന്നിവിടങ്ങളിൽ നിന്ന് ഇതിനോടകം നിരവധിപേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പരേഡിൽ പങ്കെടുക്കൻ താത്പര്യം ഉള്ളവർക്ക് http:// bicycleparade.com എന്ന വെബ്‌സൈറ്റിൽ ജനുവരി അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. സൈക്കിൾ വിത്ത് പ്രൈഡ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

മുംബൈയിൽ നിന്ന് സൈക്കിൾ ചവുട്ടി കൊച്ചിയിലെത്തുന്ന ഒരു കൈ മാത്രമുള്ള മയൂർ ധൂമസ്യ ആയിരിക്കും ബൈസിക്കിൾ പരേഡിലെ മുഖ്യ താരം. ബൈസിക്കിൾ പരേഡിൽ പങ്കെടുക്കുന്നവർക്ക് സൈക്ക്ലിസ്റ്റ്‌ ഓഫ് ദി ഇയർ, യങ് സൈക്ക്ലിസ്റ്റ് ഓഫ് ദി ഇയർ (18 വയസിൽ താഴെ), മാസ്റ്റർ സൈക്ക്ലിസ്റ്റ് ഓഫ് ദി ഇയർ (40 വയസിന് മുകളിൽ) അവാർഡുകളും ലഭിക്കും. ഇതുൾപ്പെടെ സൈക്കിളിസ്റ്റുകൾക്ക്  18 വിഭാഗങ്ങളിലായി ഗോൾഡ് മെഡൽ നൽകും.കൂടാതെ മത്സരിക്കുന്നവർക്കെല്ലാം മെഡലും സർട്ടിഫിക്കറ്റും നൽകും.

പരേഡിൽ പങ്കെടുക്കുന്നവർ നിർബന്ധമായും തലേ ദിവസം രാവിലെ എട്ട് മണിക്ക് റിപ്പോർട്ട് ചെയ്യണം. തുടർന്ന് സൈക്കിൾ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് മോക്ക് റൈഡും ഉണ്ടാകും.  അതിനാൽ പരേഡിൽ പങ്കെടുക്കുന്നവർ 25 ന് രാവിലെ എട്ട് മണിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ജനുവരി 26 ന് രാവിലെ ആറ് മണിക്ക് ലൈൻ അപ്പ് ആരംഭിക്കും. വില്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ നിന്നായിരിക്കും പരേഡ് ആരംഭിക്കുക. പരേഡിനോട് അനുബന്ധിച്ച് 25, 26 തീയതികളിൽ എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ സൈക്കിൾ ബ്രാൻഡുകളും ആക്‌സസറീസ് കമ്പനികളും എക്സ്പോയിൽ പങ്കെടുക്കും.

മണിക്കൂറിൽ എട്ട് കിലോമീറ്റർ വേഗതയിലാണ് സൈക്കിൾ ചവുട്ടേണ്ടത്. ഇതിനായി സൈക്ളോ മീറ്റർ ഘടിപ്പിച്ച സൈക്കിൾ ഉപയോഗിക്കാൻ സംഘാടകർ നിർദേശിച്ചിട്ടുണ്ട്. പരേഡിൽ പങ്കെടുക്കുന്നവർക്ക് ഹെൽമെറ്റും ഔദ്യോഗിക ജേഴ്‌സിയും നിർബന്ധമാണ്. ഹൈഡ്രേഷൻ പായ്ക്കുകൾ, ലഘുഭക്ഷണങ്ങൾ എന്നിവ പരേഡിനിടയിൽ ഉപയോഗിക്കാൻ പാടില്ല. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഹൈബ്രിഡ്, റോഡ്, എം.ടി.ബി സൈക്കിളുകൾ പരേഡിന് ഉപയോഗിക്കാം. എന്നാൽ, എക്സ്റ്റൻഷൻ ബാറുകളോ ട്രയാത്ലൺ ബാറുകളോ ഉള്ള സൈക്കിളുകൾ ഇലക്ട്രിക് സൈക്കിൾ, വൈദ്യുത പെഡൽ ഉള്ള സൈക്കിൾ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല.