ട്രംപിനെ ഇംപീച്ചു ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രമേയം

Web Desk
Posted on July 19, 2019, 4:21 pm

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ചു ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍. സഭ പ്രമേയം വോട്ടിനിട്ട് തള്ളി.
ടെക്‌സസില്‍ നിന്നുള്ള പ്രതിനിധി സഭാംഗം അല്‍ ഗ്രീന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുപാകുന്ന ട്രംപ് പ്രസിഡന്റായിരിക്കാന്‍ യോഗ്യനല്ലെന്ന് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

വെള്ളക്കാരല്ലാത്ത നാല് വനിതാ ഡെമോക്രാറ്റ് അംഗങ്ങള്‍ക്ക് എതിരേ ട്രംപ് വംശീയച്ചുവയുള്ള ട്വീറ്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അല്‍ഗ്രീന്‍ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ പ്രതിനിധി സഭ ട്രംപിനെ കുറ്റപ്പെടുത്തുന്ന പ്രമേയം പാസാക്കിയിരുന്നു. അമേരിക്കയോട് വിദ്വേഷമുള്ളവര്‍ക്ക് സ്വന്തം ജന്മനാടുകളിലേക്ക് മടങ്ങാം എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ട്വീറ്റിന്റെ പേരില്‍ ട്രംപിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തെ ഡെമോക്രാറ്റുകള്‍ക്കു പുറമേ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുകൂലിച്ചു.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ പ്രമേയത്തെ എതിര്‍ത്ത് 332 പേരും അനുകൂലിച്ച് 95 പേരുമാണ് വോട്ടു ചെയ്തത്. പ്രമേയം ജനപ്രതിനിധി സഭ വോട്ടിനിട്ട് തള്ളി.