20 September 2024, Friday
KSFE Galaxy Chits Banner 2

ഹനിയയുടെ കൊലപാതകം വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ബാധിക്കുമെന്ന് ബെെ‍ഡന്‍

Janayugom Webdesk
വാഷിങ്ടണ്‍
August 2, 2024 8:57 pm

ഹമാസ് നേതാവ് ഇസ്‍മെയില്‍ ഹനിയയുടെ കൊലപാതകം ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ബാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബെെ‍ഡന്‍. ഇത് സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഹമാസും ഹിസ്‍ബുള്ളയും ഉള്‍പ്പെടെയുള്ള ഇറാന്റെ സഖ്യകക്ഷികള്‍ക്ക് പ്രഹരമേല്പിച്ചിട്ടുണ്ടെന്നും ഏത് പ്രത്യാക്രമണത്തെ നേരിടാന്‍ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞതായി ബെെ‍ഡന്‍ വ്യക്തമാക്കി. ഹനിയയുടെ മരണത്തില്‍ യുഎസിന് പങ്കില്ലെന്നും ബെെഡന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ അധീനതയിലുള്ള പലസ്തീന്‍ പ്രദേശങ്ങളെ ഇറാന്‍ ലക്ഷ്യം വയ്ക്കാനുള്ള സാധ്യത തള്ളിക്കളയനാവില്ലെന്ന് വെെറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെതിരെ വലിയ ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്ന് ഇറാന്‍ ഇതിനകം തെളിയിച്ചതാണെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 13ന് അധിനിവേശ പ്രദേശങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തിയ ഓപ്പറേഷന്‍ ട്രൂ പ്രോമിസിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇറാന്‍ പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തെ യുഎസ് ഗൗരവമായി കാണുമെന്നും സഖ്യകക്ഷികളുടെയും തങ്ങളുടെയും പ്രതിരോധം ഉറപ്പ് വരുത്തുമെന്നും കിര്‍ബി വ്യക്തമാക്കി. 

ഇറാന് പുറമേ, ലെബനനിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്‍ബുള്ളയുടെ മുതിര്‍ന്ന മിലിട്ടറി കമാന്‍‍ഡറായ ഫുഅദ് ഷുക‍‍്റിന്റെ മരണത്തിന് പകരം വീട്ടുമെന്ന് ഹിസ്‍ബുള്ളയും അറിയിച്ചു. ഇസ്രയേല്‍ എല്ലാ നിയന്ത്രണ രേഖകളും ലംഘിച്ചെന്നും ഇനി പ്രതികാര നടപടികളിലേക്ക് കടക്കുകയാണെന്നും ഹിസ‍്ബുള്ള സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന്‍ നസ‍്‍റുല്ല പറഞ്ഞു. 

Eng­lish Sum­ma­ry: Biden says Haniye­h’s killing will affect cease­fire talks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.