വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന പ്രവചനങ്ങളെപോലും തള്ളി അധികാരം പിടിക്കുമെന്ന അവകാശവാദം ആവർത്തിച്ച ബിജെപിക്ക് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. വന്‍ ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. മുഖ്യമന്ത്രി പദത്തിലേക്ക് മൂന്നാം തവണയും കെജ്രിവാള്. നില അല്പം മെച്ചപ്പെടുത്തിയെങ്കിലും ബിജെപിക്ക് രണ്ടക്കം തികയ്ക്കാനായില്ല. കോണ്‍ഗ്രസിനെ ജനം കൈവിട്ടു. ആകെയുള്ള 70 സീറ്റുകളില്‍ 62 എണ്ണം എഎപി നേടിയപ്പോള്‍ ബിജെപിക്ക് എട്ടു സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2015ലെ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളുണ്ടായിരുന്ന എഎപിക്ക് ഇക്കുറി അഞ്ച് സീറ്റുകള്‍ നഷ്ടമായി.
കഴിഞ്ഞ വട്ടം മൂന്നു സീറ്റുകളിലൊതുങ്ങിയ ബിജെപി അഞ്ചു സീറ്റുകള്‍ കൂടി പിടിച്ചാണ് നില മെച്ചപ്പെടുത്തിയത്. കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണത്തെ പൂജ്യത്തില്‍നിന്നും ഇക്കുറിയും കരകയറിയില്ല. മോഡിയും അമിത് ഷായും ഉള്‍പ്പെടെയുള്ള വന്‍കിട നേതാക്കള്‍ ബിജെപി ക്കായി രംഗത്തിറങ്ങിയപ്പോള്‍ അവര്‍ക്കെതിരെ ഏകാംഗ പോരാളിയായി കെജ്രിവാള് നിലയുറപ്പിക്കുകയായിരുന്നു. ബിജെപി ദേശീയ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തിയപ്പോള്‍ തന്റെ ഭരണ നേട്ടങ്ങളാണ് കെജ്രിവാള് ഉയര്‍ത്തിക്കാട്ടിയത്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമൊപ്പം ഇടത്തരക്കാരുടെ പിന്തുണയും കെജ്രിവാളിന് ഉറപ്പിക്കാനായെന്ന് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.
എക്സിറ്റ് ഫലങ്ങള്‍ പലതും എഎപിയുടെ ഭരണ തുടര്‍ച്ച പറഞ്ഞപ്പോള്‍ അവര്‍ മുന്നോട്ടുവച്ച ഭൂരിപക്ഷം കുറയുമെന്നും ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നുമുള്ള നിഗമനങ്ങളെല്ലാം തെറ്റെന്നു തെളിയിച്ചാണ് എഎപി അറുപത്തി രണ്ടു സീറ്റുകളില്‍ വിജയിച്ചു കയറിയത്. ഹൈന്ദവ ദേശീയതയെന്ന ബിജെപിയുടെ പ്രചരണായുധം ജനങ്ങള്‍ തിരസ്കരിക്കുകയാണുണ്ടായത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നും വന്‍ ഭൂരിപക്ഷം നേടിയാണ് അരവിന്ദ് കെജ്രിവാള് തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നത്.
മണ്ഡലത്തില്‍ പോള്‍ചെയ്ത 76,089 ല്‍ 46,526 വോട്ടുകളാണ് അദ്ദേഹം നേടിയത്. എതിര് സ്ഥാനാര്‍ത്ഥി ബിജെപിയുടെ സുനില്‍ കുമാര്‍ യാദവിനെതിരെ 21,650 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്രിവാളിന്റെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രെമേഷ് സബര്‍വാളിന് 3,206 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2015ല്‍ കെജ്രിവാള് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നു വിജയിച്ചത് 31,583 വോട്ടുകള്‍ക്കാണ്. ഇക്കുറി ആ ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പട്പട്ഗഞ്ച് മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. ഏറെ നേരം പിന്നില്‍ നിന്ന ശേഷമാണ് സിസോദിയ വിജയം നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിസോദിയ ഇത്തവണ 2,073 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ കടന്നുകൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.