Janayugom Online
ummen

കോണ്‍ഗ്രസില്‍ കൂട്ടക്കുഴപ്പം

Web Desk
Posted on June 07, 2018, 10:50 pm

സ്വന്തം ലേഖകന്‍
കൊച്ചി: മുന്നണി വിട്ടുപോയശേഷം കോണ്‍ഗ്രസ് നേതാക്കളെയാകെ പരിഹസിച്ചു നടന്ന കെ എം മാണിക്ക് രാജ്യസഭാ സീറ്റ് ദാനം ചെയ്തതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ കൂട്ടക്കുഴപ്പം. ലീഗിന്റെ കോണി വഴി മാണി രാജ്യസഭാ സീറ്റ് തട്ടിയെടുത്തതിനെതിരെ ഉരുണ്ടുകൂടിയ ആപത്തില്‍ നിന്ന് കരകയറാന്‍ മാര്‍ഗമില്ലാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി അണിയറയില്‍ നടന്ന രഹസ്യനീക്കങ്ങള്‍ വി എം സുധീരന്‍ അടക്കമുള്ള തലമുതിര്‍ന്ന നേതാക്കള്‍ പോലും വൈകിയാണ് അറിഞ്ഞത്. അതുകൊണ്ടുതന്നെ മാണിക്കുള്ള സീറ്റ്ദാനം പ്രഖ്യാപനമായപ്പോള്‍ സുധീരന്റെ ക്ഷോഭവും കടുത്തതായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വലംകൈയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുപോലും ദഹിക്കാന്‍ പ്രയാസമുള്ള തീരുമാനമാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെക്കൊണ്ട് അംഗീകരിപ്പിച്ചതെന്ന് തിരുവഞ്ചൂരിന്റെ ആദ്യ പ്രതികരണങ്ങളില്‍ നിന്നു വ്യക്തം.
നിയമസഭയില്‍ 22 സീറ്റുള്ള കോണ്‍ഗ്രസിനെ 18 സീറ്റുള്ള മുസ്‌ലിംലീഗും ആറ് സീറ്റുള്ള മാണിയും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു. മൂന്ന് ഒഴിവുകളുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ വേണ്ടത് 36 വോട്ടാണ്. ലീഗ് മാത്രം വിട്ടു നിന്നാല്‍പോലും കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും പരാജയപ്പെടുമെന്നുറപ്പാണ്. സ്ഥാനാര്‍ത്ഥികളുടെ എണ്ണം മൂന്നില്‍ കൂടുതലുണ്ടാവുകയും തെരഞ്ഞെടുപ്പ് വേണ്ടിവരുകയും ചെയ്താല്‍ യുഡിഎഫിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാവും. ലീഗും മാണി ഗ്രൂപ്പും ബദല്‍ സാധ്യത ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായാണ് സൂചന. എന്നാല്‍ എല്ലാം ഉമ്മന്‍ചാണ്ടി സംവിധാനം ചെയ്ത നാടകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏറെയും.
പതിറ്റാണ്ടുകളായി പാര്‍ലമെന്റിലാണെങ്കിലും ആഗ്രഹം പൂര്‍ത്തിയാവാത്ത പിജെ കുര്യന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇന്നലെ പൊട്ടിത്തെറിക്കുകയായിരുന്നു. യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പോരിനിറങ്ങിയതും ഹൈക്കമാന്‍ഡിന് കത്തയച്ചതുമൊക്കെ ഗൂഢാലോചനയാണെന്നാണ് കുര്യന്‍ പറയുന്നത്.
യുഡിഎഫിന് ബാധ്യതയായി മാറിയ കെ എം മാണിയെ ചെങ്ങന്നൂരില്‍ എഴുന്നള്ളിച്ചുകൊണ്ടുവന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രണ്ടാംനിരയിലുള്ള നേതാക്കളാകെ രംഗത്തിറങ്ങിക്കഴിഞ്ഞു. തീരുമാനം ആത്മഹത്യാപരമാണെന്നാണ് പി ടി തോമസ് എംഎല്‍എ തുറന്നടിച്ചത്. ചെങ്ങന്നൂരില്‍ മാണിഗ്രൂപ്പിന് സ്വാധീനമുണ്ടെന്ന് മേനി പറയാവുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ പോലും യുഡിഎഫിന് പിടിച്ചുനില്‍ക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടുന്ന രണ്ടാംനിര അടുത്ത പടയ്ക്കുള്ള പുറപ്പാടിലാണ്.