19 April 2024, Friday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024

സെമി കേഡര്‍ സുധാകരന്റെ ഗുണ്ടാസംവിധാനം, ലീഗില്‍ നാലാം ഖലീഫ; വമ്പന്‍ വിവാദങ്ങള്‍ യുഡിഎഫിന്റെ അടിത്തറയിളക്കും

ഷിബു ടി ജോസഫ്
കോഴിക്കോട്
September 15, 2021 10:06 pm

ജനാധിപത്യ‑സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ അടിയുറച്ച കോണ്‍ഗ്രസിനെ സെമി കേഡറാക്കാന്‍ ഇറങ്ങിത്തിരിച്ച കെ സുധാകരന്‍-വി ഡി സതീശന്‍ നേതൃത്വം കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറയിളക്കുമെന്നും പാര്‍ട്ടിയെ പൊതുമധ്യത്തില്‍ പരിഹാസ്യമാക്കുകയാണെന്നും മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുടെ വിമര്‍ശനം. നൂറ്റാണ്ടുകളുടെ പാരമ്പര്യവും ദേശീയ‑സംസ്ഥാന‑ജില്ലാതലങ്ങളിലും അതിന് താഴെ മണ്ഡലം-വാര്‍ഡ് തലങ്ങളിലും രാജ്യമൊട്ടാകെ കോണ്‍ഗ്രസ് പിന്തുടരുന്ന നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും നേതൃത്വ സംവിധാനങ്ങളിലും നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് ആരാണ് അനുമതി നല്‍കിയതെന്ന കാര്യത്തില്‍ നേതാക്കള്‍ക്കോ അണികള്‍ക്കോ വ്യക്തതയില്ല. കെ സുധാകരനും വി ഡി സതീശനുമല്ലാത്ത ഒരു നേതാവിനും സെമി കേഡര്‍ സംവിധാനത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും പാര്‍ട്ടി നേതാക്കളും അണികളും ഒരേസ്വരത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ ദേശീയതലത്തിലുള്ള നയത്തിനും പ്രവര്‍ത്തനത്തിനും വിരുദ്ധമായി ഒരു സംസ്ഥാനത്ത് മാത്രം വ്യത്യസ്തമായ ശൈലി സ്വീകരിക്കാന്‍ പുതിയ നേതാക്കള്‍ക്ക് ആര് അനുമതി നല്‍കിയെന്നതിനും ഉത്തരമില്ല. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ കെ സുധാകരന്റെ ഗുണ്ടായിസം തന്നെയാണെന്നാണ് പാര്‍ട്ടി എംപിമാരും എംഎല്‍എമാരും അടക്കമുള്ളവര്‍ പറയുന്നത്. പാര്‍ട്ടി വലിയൊരു പൊട്ടിത്തറിയുടെയും തകര്‍ച്ചയുടെയും കൂട്ടക്കൊഴിഞ്ഞുപോക്കലിന്റെയും വക്കിലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 


ഇതുകൂടി വായിക്കൂ: കെ സുധാകരന്റെ സെമികേഡര്‍ നിര്‍ദ്ദേശം; കേരളത്തില്‍ പ്രായോഗികമാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


 

കെ സുധാകരന്‍ കണ്ണൂരില്‍ നടപ്പിലാക്കിയ ഗൂണ്ടാസംവിധാനം അതേപടി കേരളത്തിലെമ്പാടും നടപ്പിലാക്കാനുള്ള നീക്കമാണ് സെമി കേഡര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കേരളത്തിലെ ഭൂരിപക്ഷം എംഎല്‍എമാരുടെയും അഭിപ്രായം മറികടന്ന് പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ വി ഡി സതീശന് സ്ഥാനം സംരക്ഷിക്കാന്‍ വേണ്ടി കെ സുധാകരന്റെ കങ്കാണിയായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നതെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന എം പിമാരിലൊരാള്‍ വ്യക്തമാക്കി. സുധാകരന്റെ ഗുണ്ടായിസം ഇപ്പോള്‍ പാര്‍ട്ടി എതിരാളികളോടല്ലെന്നും പാര്‍ട്ടിക്ക് അകത്താണ് നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കുകയും എതിര്‍പ്പ് ഉന്നയിക്കുന്നവരെ പുറത്താക്കാനും ഉത്സാഹിക്കുന്ന കെ സുധാകരനും പിന്തുണക്കാരനായ കെ മുരളീധരനും നടത്തിയ അച്ചടക്ക ലംഘനങ്ങള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തന്നെ ആരും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 


ഇതുകൂടി വായിക്കൂ: പുതിയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന ഐഡിയോളജിയും പാര്‍ട്ടിയും


 

അതേസമയം ‘ഹരിത’ വിപ്ലവം യുഡിഎഫിലെ രണ്ടാം കക്ഷിയെയും വന്‍ പ്രതിസന്ധിയിലാക്കി. എംഎസ്എഫിലെ പെണ്‍കുട്ടികളുടെ സംഘം അഴിച്ചുവിട്ട കൊടുങ്കാറ്റില്‍പ്പെട്ട് ഉലഞ്ഞ മുസ്‌ലിം ലീഗില്‍ പ്രമുഖ നേതാക്കള്‍ക്കാര്‍ക്കും പകല്‍വെട്ടത്ത് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഹരിത നേതാക്കള്‍ അഴിച്ചുവിട്ട നാലാം ഖലീഫ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗിന്റെ പരമാധ്യക്ഷ സ്ഥാനത്തുള്ള പാണക്കാട് തങ്ങള്‍മാരെയും വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. മുസ്‌ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ട് ആരോഗ്യസ്ഥിതി വഷളായ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയിലായിട്ട് നാളുകളായി. പാണക്കാട് കുടുംബത്തിലെ നാലാമനായ സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടിയുടെ പരമോന്നത നേതൃത്വം സ്വയമേവ ഏറ്റെടുത്ത വിവരമാണ് ഹരിത നേതാക്കള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്.

 


ഇതുകൂടി വായിക്കൂ: അനില്‍കുമാറിന്റെ രാജി ; സംസ്ഥാനകോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍


 

സാദിഖലി തങ്ങളെയാണ് നാലാം ഖലീഫ എന്ന വിശേഷണത്തോടെ ഹരിത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാമര്‍ശിക്കുന്നത്. ഹരിത നേതാക്കള്‍ക്ക് എതിരെ ലൈംഗികചുവയോടെയുള്ള പ്രസ്താവനകള്‍ നടത്തിയ എംഎസ്എഫ് നേതാക്കളെ സംരക്ഷിക്കുന്നത് പാണക്കാട്ടെ നാലാം ഖലീഫയാണെന്നും അനീതിയുടെ പക്ഷത്ത് നിലകൊള്ളുന്ന ഒരാള്‍ക്ക് എങ്ങനെ ഈ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നുമാണ് ഹരിത നേതാക്കള്‍ ചോദ്യമുയര്‍ത്തുന്നത്. നീതി തേടിയെത്തുന്ന അനേകായിരങ്ങള്‍ക്ക് സംതൃപ്തിയോടെ മടങ്ങാന്‍ സാധിച്ചിരുന്ന പാണക്കാട് തറവാട്ടില്‍ നിന്നാണ് കുറ്റവാളിക്കൊപ്പം നിന്ന് നിരപരാധികളെ പുറത്താക്കാന്‍ നേതാക്കളെ ചട്ടംകെട്ടുന്ന അനീതിയുടെ കൊടുവാള്‍ ഉയര്‍ന്ന് താഴുന്നതെന്ന് ഹരിത നേതാക്കളിലൊരാളായ എം ഷിഫ സമൂഹമാധ്യമത്തില്‍ എഴുതിയത് ലീഗിലെ അധികാര വടംവലിയെയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

 

Eng­lish Sum­ma­ry: Big con­tro­ver­sies will shake the foun­da­tions of the UDF

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.