24 April 2024, Wednesday

ഒരു മിനിറ്റില്‍ 25,000 ബുക്കിങ്ങുമായി എസ്‌യുവികളുടെ ബിഗ് ഡാഡി സ്‌കോര്‍പിയോ എന്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2022 12:47 pm

ബുക്കിങ്ങില്‍ നിര്‍മാതാക്കളെ പോലും ഞെട്ടിച്ച് എസ്‌യുവികളുടെ ബിഗ് ഡാഡി സ്‌കോര്‍പിയോ എന്‍. ജൂലായ് 30‑ന് രാവിലെ 11 മണിക്കാണ് സ്‌കോര്‍പിയോ എന്നിന്റെ ബുക്കിങ്ങ് മഹീന്ദ്ര തുറന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 യൂണിറ്റുകള്‍ പ്രത്യേക വിലയില്‍ ലഭ്യമാക്കുമെന്നായിരുന്നു മഹീന്ദ്രയുടെ വാഗ്ദാനം. ബുക്കിങ്ങ് തുറന്ന് ഒരു മിനിറ്റ് തികയും മുമ്പ് 25,000 ബുക്കിങ്ങുകള്‍ പൂര്‍ത്തിയായി. 30 മിനിറ്റ് പിന്നിടും മുമ്പ് ബുക്കിങ്ങ് ഒരു ലക്ഷവും കടന്നു. വാഹനത്തിന്റെ എക്സ്ഷോറൂം വില വെച്ച് കണക്കാക്കിയാല്‍ 18,000 കോടി രൂപയുടെ ബുക്കിങ്ങാണ് ഈ സമയം കൊണ്ട് ലഭിച്ചതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

ഏറ്റവും മികച്ച പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്നതെന്നും ബുക്കിങ്ങ് അവസാനിപ്പിക്കില്ലെന്നുമാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 21,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഓണ്‍ലൈനായും ഷോറൂമുകളിലും ബുക്കിങ്ങ് സ്വീകരിക്കും. വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ 100 ശതമാനവും വായ്പ ലഭ്യമാക്കുന്നതും 6.99 ശതമാനം പലിശ നിരക്കില്‍ 10 വര്‍ഷത്തെ കാലാവധിയിലുള്ള വായ്പയും നല്‍കുമെന്നാണ് മഹീന്ദ്ര ഉറപ്പുനല്‍കിയിട്ടുള്ളത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയാകും. വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

മഹീന്ദ്ര ഥാര്‍, എക്സ്.യു.വി. 700 എന്നിവയിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണുള്ളത്.
ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്.

Eng­lish sum­ma­ry; Big dad­dy of SUVs Scor­pio N with 25,000 book­ings per minute

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.