Wednesday
21 Aug 2019

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍കുറവ്

By: Web Desk | Sunday 21 October 2018 10:34 PM IST


foreign investors

മുംബൈ:

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍കുറവ് രേഖപ്പെടുത്തി. 2011 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍ക്കുന്നതിനെത്തുടര്‍ന്നാണ് തുടര്‍ച്ചയായി ശേഖരത്തില്‍ കുറവു വന്നത്.

വിദേശ നാണ്യ ശേഖരത്തില്‍ 5.14 ബില്ല്യന്‍ ഡോളറിന്റെ കുറവാണ് ഒക്‌ടോബര്‍ 12 ന് ശേഷം സംഭവിച്ചിരിക്കുന്നത്. ഇതോടെ ആകെ കരുതല്‍ ശേഖരം 394.46 ബില്ല്യന്‍ ഡോളറായിക്കുറഞ്ഞു. ഏപ്രില്‍ 13 ന് 426.08 ബില്ല്യന്‍ ഡോളര്‍ ഉണ്ടായിരുന്ന ശേഖരത്തില്‍ ഇപ്പോള്‍ 7.5 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. ഒരുവര്‍ഷത്തിനിടെ ആദ്യമായാണു ശേഖരം 40,000 കോടി ഡോളറിനു താഴെവരുന്നത്.

വിദേശനാണ്യ കരുതല്‍ ശേഖരം ഇതിനുമുമ്പ് ആഴ്ചയില്‍ 40010.1 കോടി ഡോളറായിരുന്നു.
ഇടിയുന്ന രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും ആ ഇടപെടലും ഉണ്ടായില്ല. റോയിട്ടേഴ്‌സിന്റെ പുതിയ പോള്‍ പ്രവചിക്കുന്നത് ഒരു ഡോളറിനെതിരെ രൂപയുടെ മൂല്യം 78 വരെ എത്തിയേക്കാമെന്നാണ്. കഴിഞ്ഞ മാസം സമാനമായ പോള്‍ പ്രവചനം 75.6 ആയിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതിനോടൊപ്പം ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിക്കുന്നു. ഇത് സകല മേഖലയിലും കനത്ത വിലകയറ്റത്തിനും ഇടയാക്കുന്നു. ഘടനാപരമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.