ലോക റെക്കോര്‍ഡിന്റെ നെറുകയില്‍ തൊടുപുഴയിലെ ‘ബിഗ് സല്യൂട്ട്’

Web Desk
Posted on September 29, 2018, 9:45 pm

തൊടുപുഴ: പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും കേരളത്തിന് കൈത്താങ്ങായ ലോകത്തിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ബിഗ് സല്യൂട്ട് പരിപാടി ശ്രദ്ധേയമായി. ലോകജനതക്ക് നല്‍കിയ ബിഗ് സല്യൂട്ട് കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള  യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യൂ ആര്‍ എഫ് ) ലോക റെക്കോര്‍ഡ് പട്ടികയിലും ഇടം നേടി.

ലോകത്തിലെ ഏറ്റവും വലിയ നന്ദി രേഖപ്പെടുത്തലായാണ് ബിഗ് സല്യൂട്ട് പരിപാടി ലോക റെക്കോര്‍ഡ് നേടിയത്. ഏഴായിരത്തി അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ ബിഗ് സല്യൂട്ട് വേദിയായ തൊടുപുഴ  തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയം ലോകജനത സാക്ഷ്യം വഹിക്കെ ആയിരത്തോളം കുട്ടികള്‍ ബിഗ് സല്യൂട്ട് ടു ദി എന്റയര്‍ വേള്‍ഡ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുടെ മാതൃകയില്‍ അണിനിരന്നു. അയ്യായിരത്തിനാനൂറോളം ആളുകളാണ് ബിഗ് സല്യൂട്ട് കേരള എന്ന മൊബൈല്‍ അപ്ലിക്കേഷനില്‍ ഇന്ന് ഉച്ചവരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും തഫീസ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രശസ്ത സിനിമ താരങ്ങളായ ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും എത്തിയപ്പോള്‍ പ്രതികൂല കാലാവസ്ഥയിലും ആവേശം
ഇരട്ടിച്ചു.

യൂണിവേഴ്‌സല്‍ റക്കോര്‍ഡ് ഫോറത്തിന്റെ ലോകത്തെ ഏറ്റവും വലിയ നന്ദി രേഖപ്പെടുത്തലിനു ലഭിച്ച ലോക റെക്കോര്‍ഡ് കളക്ടര്‍ ജീവന്‍ ബാബുവിന് കൈമാറുന്നു

പ്രളയകേരളത്തിനു സഹായഹസ്തം നല്‍കിയ ലോകത്തിനു ആദരവ് പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ബിഗ് സല്യൂട്ട് പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തൊടുപുഴ മങ്ങാട്ടുകവലയില്‍ പി ജെ ജോസഫ് എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടനടത്തത്തില്‍ ജോയ്‌സ് ജോര്‍ജ് എം പി, ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു എന്നിവരും ആളുകളെ അനുഗമിച്ചു. തുടര്‍ന്ന് നാലരയോടെ തെക്കുംഭാഗം ക്രിക്കറ്റ് മൈതാനത്തു എത്തിയ ജനക്കൂട്ടവും ബിഗ് സല്യൂട്ട് മാതൃകയില്‍ നിന്ന കുട്ടികളുടെ കൂടെ ചേര്‍ന്നപ്പോള്‍ ക്രിക്കറ്റ് മൈതാനം നിറയുന്ന കാഴ്ചയായിരുന്നു.

ജോയ്‌സ് ജോര്‍ജ് എം പി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണര്‍ എ ഷറഫ്, സ്വച്ഛ് ഭാരത് മിഷന്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസറും ഖാന്‍സ് മീഡിയ സിറ്റി പ്രസിഡന്റുമായ ഡോ. മുഹമ്മദ് ഖാന്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു, ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ്, ആര്‍ഡിഒ എം പി വിനോദ്, ഡിവൈ എസ്പി കെ പി ജോസ്,തൊടുപുഴ തഹസില്‍ദാര്‍ വിനോദ് രാജ്, ബിസിസിഐ മുന്‍ സെക്രട്ടറി ടി സി മാത്യു,തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു,തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ്,വെള്ളിയാമറ്റം ബ്ലോക്ക് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ പ്രമുഖരും വേദി പങ്കിട്ടു.

മഴയെ തരണം ചെയ്തും ബിഗ് സല്യൂട്ടില്‍ അഥിതികളായി എത്തിയ ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാ ആശംസകളും നല്‍കി. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുതല നേതാക്കളെയും ഉദ്യോഗസ്ഥരെയും പരിപാടിയില്‍ അഭിനന്ദിച്ചു. എസ്
ജി എസ് ടി വകുപ്പ് 29 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചടങ്ങില്‍ കൈമാറി. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സംഭാവന നല്‍കി.