6 November 2025, Thursday

Related news

November 6, 2025
November 6, 2025
November 6, 2025
November 6, 2025
November 5, 2025
November 5, 2025
November 5, 2025
November 4, 2025
November 3, 2025
November 2, 2025

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്:എന്‍ഡിഎയില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2025 10:26 am

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭരണക്ഷിയായ എന്‍ഡിഎയില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. ബിജെപിയും, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയും പരസ്പരം സീറ്റിന്റെ കാര്യത്തില്‍ പോരടിക്കുകയാണ്.എത്ര സീറ്റില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.ബീഹാറില്‍ ഭരണവിരുദ്ധ തരംഗം ശക്തമാണ്. എങ്ങനെയും അധികാരത്തിലെത്താന്‍ ബിജെപി തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് വോട്ടേഴ്ലിസറ്റില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു. 

2020ല്‍ ജെഡിയു 115 സീറ്റിലും ബിജെപി 110 സീറ്റിലും മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആരും വല്യേട്ടനാകേണ്ട എന്നാണ് ബിജെപി പറയുന്നത്. ഇരുപാർടിയും തുല്യം സീറ്റിൽ മത്സരിക്കണമെന്നാണ് നിലപാട്. ഇതിൽ കടുത്ത അതൃപ്‌തിയാണ്‌ ജെഡിയു. നിതീഷ്‌ കുമാറിനെ ഒതുക്കാനുള്ള രാഷ്ട്രീയപദ്ധതിയാണിതെന്ന് ജെഡിയു സംശയിക്കുന്നു. 205 സീറ്റ്‌ ഏറെക്കുറെ തുല്യമായി പങ്കിടാമെന്നും ബാക്കിയുള്ള 38 സീറ്റ്‌ മറ്റ്‌ ഘടകകക്ഷികൾക്ക്‌ നൽകാമെന്നുമാണ്‌ ബിജെപി നിർദേശം.

കഴിഞ്ഞതവണ ജെഡിയു 115 സീറ്റിൽ മത്സരിച്ചെങ്കിലും 43 സീറ്റ്‌ മാത്രമാണ്‌ നേടിയത്‌. 110 സീറ്റിൽ മത്സരിച്ച ബിജെപി 74 ഇടത്ത്‌ ജയിച്ചു. 2020ന്‌ സമാനമായി ഇക്കുറിയും ജെഡിയുവിനെ ഒപ്പംകൂട്ടി ദുർബലപ്പെടുത്താനാണ് ബിജെപി നീക്കം. ജെഡിയുവിനെയും നിതീഷിനെയും ഒറ്റയടിക്ക്‌ തള്ളാൻ തൽക്കാലം ബിജെപിക്കാകില്ല. പകരം, ഘട്ടംഘട്ടമായി സഖ്യകക്ഷിയെ ക്ഷീണിപ്പിച്ച്‌ ഒടുവിൽ പൂർണമായും വിഴുങ്ങുകയെന്ന പതിവുതന്ത്രമാണ്‌ ബിഹാറിലും ബിജെപി ചെയ്യാന്‍ പോകുന്നത് ബിജെപിയും ജെഡിയുവും പരമാവധി സീറ്റിൽ മത്സരിച്ചതിനുശേഷം ബാക്കിയുള്ള സീറ്റ്‌ വീതിച്ചുനൽകാമെന്ന നിർദേശത്തിൽ ഘടകകക്ഷികൾക്കും അമർഷമുണ്ട്‌. 

40ലധികം സീറ്റ്‌ വേണമെന്ന നിലപാടിൽ എൽജെപിയുടെ ചിരാഗ്‌ പസ്വാൻ ഉറച്ചുനിൽക്കുന്നു. 20 സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ എച്ച്‌എഎമ്മിന്റെ രാഷ്ട്രീയപ്രസക്തിതന്നെ നഷ്ടപ്പെടുമെന്നാണ്‌ ജിതൻറാം മാഞ്ചിയുടെ വാദം. എൽജെപിയും എച്ച്‌എഎമ്മും കൂടുതൽ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ജെഡിയുവിന് തലവേദനയാകും.ഇതിനിടെ ‌ ചിരാഗ്‌ പസ്വാനും ജൻസൂരജ്‌ പാർടി നേതാവ്‌ പ്രശാന്ത്‌ കിഷോറും ചർച്ചനടത്തിയതായി റിപ്പോർട്ട്‌. 

എൻഡിഎയിൽ സീറ്റ്‌ ചർച്ചകൾ നടക്കുന്നതിന്‌ സമാന്തരമായാണ്‌ ചിരാഗ്‌ ജൻസൂരജ്‌ പാർടിയുമായുള്ള രഹസ്യചർച്ച. ഇക്കുറി 40 സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ്‌ ചിരാഗ്‌. പരമാവധി 25 സീറ്റ്‌ മാത്രമേ നൽകൂവെന്നാണ്‌ ബിജെപി നിലപാട്‌. ഇ‍ൗ സാഹചര്യത്തിലാണ്‌, ചിരാഗ്‌ പ്രശാന്ത്‌ കിഷോറുമായി അടുക്കാൻ നീക്കംതുടങ്ങിയത്‌. ഇരുപാർടിയും സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന്‌ ‘രാഷ്ട്രീയത്തിൽ എന്തും നടക്കാമെന്നായിരുന്നു ചിരാഗിനോട്‌ അടുത്ത വൃത്തങ്ങളുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച്‌ സീറ്റിലും ജയിച്ച എൽജെപിക്ക്‌ ന്യായമായും 40 സീറ്റിന്‌ അവകാശമുണ്ടെന്നാണ്‌ ചിരാഗിന്റെ വാദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.