19 April 2024, Friday

Related news

April 19, 2024
April 18, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024

ബിഹാറില്‍ പ്രസിഡന്റ് പദവി നോട്ടമിട്ട് ഡസന്‍കണക്കിന് മുതിര്‍ന്ന നേതാക്കള്‍

Janayugom Webdesk
April 27, 2022 8:25 pm

 

എന്‍ഡിഎയ്ക്കതിരെ മുന്നണി രാഷ്ട്രീയത്തിലൂടെ മറുപടി നല്‍കാമായിരുന്ന ബിഹാറില്‍ തീര്‍ത്തും ഗതികെട്ട അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പ്രസ്ഥാനം. ബിഹാര്‍ ബൊച്ചഹാന്‍ മണ്ഡലത്തില്‍ ഈയിടെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കും പിറകിലായതോടെ ബിഹാര്‍ കോണ്‍ഗ്രസ് എരിതീയിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി ബേബികുമാരിക്കെതിരെ ആര്‍ജെഡിയിലെ അമല്‍കുമാര്‍ പാസ്വാനാണ് ഇവിടെ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്. കോണ്‍ഗ്രസുള്‍പ്പെടെ 10 പാര്‍ട്ടികള്‍ വോട്ടിങ് നിലയില്‍ നോട്ടയ്ക്ക് പിറകിലെത്തിയെന്നതില്‍ അതിശയമൊന്നുമില്ല. കോണ്‍ഗ്രസ്, മജ്‌ലിസ്, യുവ ക്രാന്തികാരി പാര്‍ട്ടി, സമതാ പാര്‍ട്ടി, ബജ്ജികാഞ്ചല്‍ വികാസ് പാര്‍ട്ടി, രാഷ്ട്രീയ ജനസംഭാവനാ പാര്‍ട്ടി തുടങ്ങിയവയുടെ സ്ഥാനാര്‍ത്ഥികളാണ് നോട്ടയ്ക്കും പിറകില്‍ പോയത്.

2020ല്‍ ആര്‍ജെഡിയിലെ രാമൈ റാമിനെ തോല്‍പ്പിച്ച് സഭയിലെത്തിയ വികാസ്ശീല്‍ ഇന്‍സാഫ് പാര്‍ട്ടി (വിഐപി) നേതാവ് മുസാഫിര്‍ പാസ്വാന്റെ മരണത്തെ തുടര്‍ന്നായിരുന്നു ബൊച്ചഹാന്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആര്‍ജെഡി സീറ്റ് തിരിച്ചുപിടിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അത് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. മുസാഫിറിന്റെ മകനാണ് ഇവിടെ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച അമര്‍ കുമാര്‍ പാസ്വാന്‍ എന്നതും ശ്രദ്ധേയമാണ്. വിഐപി നേതാവായിരുന്ന അമല്‍കുമാര്‍, നേരത്തെ പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് തേജസ്വി യാദവിന്റെ ആര്‍ജെഡിയില്‍ ചേരുകയായിരുന്നു. എങ്കിലും ആര്‍ജെഡിയുടെ രാഷ്ട്രീയ പ്രസക്തിയാണ് ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നത്.

ശക്തമായൊരു മതനിരപേക്ഷ മുന്നണി ഉടലെടുക്കുമെന്ന് കരുതിയ ബിഹാറില്‍ നിന്ന് പക്ഷെ, കഴി‍‍ഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നിരാശയുടെ ഫലമാണ് സമ്മാനിച്ചത്. പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി അധികാരക്കൊതിയുടെ രാഷ്ട്രീയം കളിച്ചത് ബിജെപി മുന്നണിക്ക് ഗുണവും ചെയ്തു. ആ പതനത്തില്‍ നിന്നും കോണ്‍ഗ്രസ് ഇനിയും പാഠം പഠിച്ചിട്ടില്ലെന്നതാണ് പുതിയ വാര്‍ത്തകളുടെയും അന്തഃസത്ത. തുടര്‍ച്ചയായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ രാജിവച്ചതുമാത്രമാണ് പുതുമയായി പറയാവുന്നത്. നാല് വര്‍ഷത്തോളമായി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു ഝാ. തോല്‍വിയുടെ കോലാഹലങ്ങള്‍ക്കൊപ്പം ആരോപണങ്ങളേറെയും ഏറ്റുവാങ്ങേണ്ടിവന്നു, 65കാരനായ മദന്‍ മോഹന്‍ ഝായ്ക്ക്. കൗകാബ് ഖാദ്രിയുടെ പിന്‍ഗാമിയായാണ് 2018 സെപ്റ്റംബറില്‍ മദന്‍ മോഹന്‍ ഝാ ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ പ്രസിഡന്റാവുന്നത്.

ഇന്നിപ്പോള്‍ ബിഹാറിന്റെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകുമെന്നതിലേക്കാണ് രാഷ്ട്രീയ മണ്ഡലം ഉറ്റുനോക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ പേരുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ദേശീയതലത്തില്‍ ശ്രദ്ധേയനായ ഒരാളെന്ന നിലയില്‍ വരുന്ന അത്തരം വാര്‍ത്തകളല്ല ബിഹാറിലെ കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് എന്നതാണ് വാസ്തവം. അവിടം കലുഷിതമാണ്. മദന്‍ മോഹന്‍ ഝായുടെ പിന്‍‍ഗാമിയായി താന്‍ താനെന്ന അവകാശവാദങ്ങളോടെ നിരവധി നേതാക്കള്‍ രംഗത്തുണ്ട്. ദേശീയമാധ്യമങ്ങളുടെ താല്പര്യത്തെ നിഷ്പ്രഭമാക്കുന്നതാണ് ബിഹാര്‍ കോണ്‍ഗ്രസിലെ പാരമ്പര്യം അവകാശപ്പെടുന്നവരുടെ നീക്കം.

ബിഹാര്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് ദേശീയ നേതൃത്വത്തിന് തലവേദനയാണ്. പുതിയ പിസിസി പ്രസിഡന്റിനെ നിയമിക്കുന്നതോടെ തീരുന്നതല്ല അവിടത്തെ പാര്‍ട്ടി പ്രതിസന്ധികള്‍. രാജിവച്ച മദന്‍ മോഹന്‍ ഝാ, രാജ്യസഭാംഗമായ അഖിലേഷ് പ്രസാദ് സിങ്, മുതിര്‍ന്ന നേതാവ് സദാനന്ദ് സിങ്, എംഎല്‍സി കൂടിയായ പ്രേംചന്ദ് മിശ്ര തുടങ്ങിയവരെല്ലാം ഒരര്‍ത്ഥത്തില്‍ ഇടഞ്ഞുനില്‍ക്കുകയാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം കിട്ടിയില്ലെങ്കില്‍ മറ്റ് പദവികളും അംഗീകാരങ്ങളും വേണമെന്ന വാശിയില്‍ നിരവധി നേതാക്കളാണ് ബിഹാറിലുള്ളത്. അധികാരമില്ലെന്നത് ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്. അതിനിടെ മാധ്യമ വാര്‍ത്തകളുടെയും ബാഹ്യസമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ കനയ്യ കുമാറിനെ പ്രസിഡന്റാക്കി നിയമിക്കാനുള്ള തന്ത്രങ്ങള്‍ ഒരുഭാഗത്ത് നടക്കുന്നുമുണ്ട്. ഗുജറാത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മേവാനിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് സംസ്ഥാന കോണ്‍ഗ്രസ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാരണത്താലാണ് ഒരേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ബിഹാറിലെ പാര്‍ട്ടി അധ്യക്ഷപദവിയിലേക്ക് നോട്ടമിട്ടതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന സ്വീകാര്യത ഇപ്പോള്‍ കനയ്യയ്ക്ക് ഇല്ലെന്ന വസ്തുതയും ബിഹാറിലെ കോണ്‍ഗ്രസില്‍ ചര്‍ച്ചയാണ്. ഗുജറാത്തില്‍ മേവാനിക്കുള്ള ജനസമ്മിതിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയെയും ബിഹാറില്‍ കനയ്യയുടെ കാര്യത്തില്‍ കൂട്ടിക്കുഴയ്ക്കരുതെന്നാണ് മുതിര്‍ന്ന നേതാക്കളടക്കം പറയുന്നത്.

ബിഹാറിന്റെ ചുമതലയുള്ള ഭക്തചരണ്‍ദാസ് സംസ്ഥാനത്തെ നേതാക്കളുമായി കനയ്യയുടെ പേര് ചര്‍ച്ചചെയ്യാന്‍ തുടങ്ങിയതുമുതല്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുന്നു എന്നതാണ് വസ്തുത. കനയ്യകുമാറിനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്നാണ് വലിയൊരുവിഭാഗം നേതാക്കളും നല്‍കിയ മറുപടി. മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മീരാകുമാറിനെ പാര്‍ട്ടി അധ്യക്ഷയാക്കണമെന്ന താല്പര്യമാണ് അധികം പേരും മുന്നോട്ടുവച്ചത്. താരിഖ് അന്‍വര്‍, രഞ്ജീത് രഞ്ജന്‍ തുടങ്ങിയവരെയും ബിഹാര്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിജെപി മുന്നണിയെ നേരിടാന്‍ ബിഹാറില്‍ ജാതി രാഷ്ട്രീയമെന്ന തന്ത്രമാണ് കോണ്‍ഗ്രസ് മെനയുന്നത്.

പിസിസിയില്‍ വരുത്തുന്ന നേതൃമാറ്റം തന്നെ സമുദായബലാബലത്തെ പരിശോധിച്ചാവുമെന്ന സൂചനയാണ് ഡല്‍ഹി നല്‍കുന്നത്. ഭൂമിഹാര്‍ ജാതിയില്‍പ്പെട്ട ആളാണ് കനയ്യ കുമാര്‍. എന്നാല്‍ അത്തരമൊരു നീക്കമാണ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യമെങ്കില്‍ ദളിത് മുഖമെന്ന നിലയില്‍ വനിതയെന്ന പരിഗണന മുന്‍നിര്‍ത്തിയും മീരാ കുമാറിനെ പ്രസിഡന്റാക്കണമെന്ന ശക്തമായ അവകാശവാദത്തിനായിരിക്കും സംസ്ഥാന നേതാക്കള്‍ സമ്മര്‍ദം ചെലുത്തുക. മീരയെ അധ്യക്ഷയാക്കിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രംതന്നെ മാറുമെന്ന നിരീക്ഷണമാണ് രാഷ്ട്രതന്ത്രജ്ഞരായ നേതാക്കള്‍പ്പോലും നടത്തുന്നത്. അതല്ല, ഭൂമിഹാര്‍ വിഭാഗത്തില്‍നിന്നുതന്നെ വേണമെന്നുണ്ടെങ്കില്‍ നിലവിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ശ്യാം സുന്ദര്‍ സിങ് ധീരജിനെ പരിഗണിച്ചാല്‍ മതിയെന്നും ആവശ്യപ്പെടാനാണ് ഇവരുടെ തീരുമാനം.

ദളിത് വിഭാഗത്തില്‍പ്പെട്ട രാജേഷ് കുമാര്‍ എംഎല്‍എ, മുന്‍ നിയമസഭാ കക്ഷി നേതാവ് അശോക് റാം എന്നിവരുടെ പേരുകളും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കായി ഉന്നയിക്കുന്നുണ്ട്. നിലവിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവാണ് പട്ടികയിലുള്ള അജീത് ശര്‍മ്മ. ബ്രാഹ്മണ നേതാവുകൂടിയായ കോണ്‍ഗ്രസ് നിയമസഭാംഗം വിജയ് ശങ്കര്‍ ദുബെയെ പാര്‍‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യം ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ സംഘവും ആവശ്യപ്പെടുന്നുണ്ട്. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള എഐസിസി സെക്രട്ടറി അഹമ്മദ് ഖാന്‍ എംഎല്‍എയെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

         

 

Eng­lish Sum­ma­ry: bihar con­gress pres­i­dent nom­i­na­tion issues

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.