Web Desk

ന്യൂഡൽഹി

October 04, 2020, 11:06 pm

ബിഹാർ: എൻഡിഎയിൽ ഭിന്നത മറനീക്കി

Janayugom Online

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലെ ഭിന്നത മറനീക്കി. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി തനിച്ച് മത്സരിക്കും. പ്രതിപക്ഷ മഹാസഖ്യത്തിലും സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ ധാരണയായിട്ടുണ്ട്. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡുമായി ചേർന്ന് മത്സരിക്കില്ലെന്ന് പാർട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ജെഡിയു സ്ഥാനാർത്ഥികൾക്കെതിരെ തങ്ങളുടെ പ്രതിനിധികളെ മത്സരിപ്പിക്കും.

അതേസമയം ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ബിഹാറിനെ ഒന്നാമതെത്തിക്കാനുള്ള എൽജെപിയുടെ ശ്രമത്തിന് ജനങ്ങൾ പിന്തുണ നൽകുമെന്നും ചിരാഗ് പറഞ്ഞു. എന്‍ഡിഎയില്‍ സീറ്റ് ധാരണയായതിന് പിന്നാലെയാണ് പ്രഖ്യാപനം. 243 സീറ്റുകളില്‍ ജെഡിയു 122 ഇടത്തും 121 ഇടത്ത് ബിജെപിയും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എല്‍ജെപിക്കുള്ള സീറ്റുകള്‍ ബിജെപിയുടെ അക്കൗണ്ടില്‍ നിന്ന് നല്‍കാനുമായിരുന്നു തീരുമാനം.

ജിതന്‍റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ജെഡിയുവിന്റെ അക്കൗണ്ടിൽനിന്നും സീറ്റുകൾ നൽകാനും തീരുമാനിച്ചിരുന്നു. 143 സീറ്റുകളാണ് എൽജെപി ആവശ്യപ്പെട്ടിരുന്നത്. ജെഡിയുവുമായുള്ള ആശയപരമായ തർക്കം കാരണമാണ് തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതെന്ന് എൽജെപിയുടെ മുതിർന്ന നേതാവ് അബ്ദുൽ ഖാലിഖ് പറഞ്ഞു. ബിഹാർ ആദ്യം, ബിഹാരി ആദ്യം എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം.

വോട്ടർമാർ അവർക്ക് ആവശ്യമുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കട്ടെയെന്നും എൽജെപി നേതാവ് പറഞ്ഞു. ശനിയാഴ്ച തീരുമാനിച്ചിരുന്ന യോഗം രാം വിലാസ് പാസ്വാൻ ആശുപത്രിയിലായതിനെ തുടർന്ന് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് രാംവിലാസ് പാസ്വാന് ഡൽഹിയിൽ ഹൃദയ ശസ്ത്രക്രിയ നടന്നത്. സീറ്റ് വിഭജനത്തിന് മുമ്പുതന്നെ കലാപക്കൊടി ഉയർത്തിയ എൽജെപിക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടായിരുന്നു നിതീഷ് കുമാർ സ്വീകരിച്ചത്. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

Eng­lish sum­ma­ry: Bihar elec­tion followup

You may also like this video: