
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ബിഹാറിലെ 25 ലക്ഷം വനിതകൾക്ക് മുഖ്യമന്ത്രി നിതീഷ്‌കുമാർ ഇന്നലെ 10,000 രൂപവീതം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി നൽകി. ‘മുഖ്യമന്ത്രി മഹിളാ റോജ്ഗാർ യോജന’ (മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽ പദ്ധതി) എന്ന പേരിലാണ് 2,500 കോടി രൂപ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെ വിതരണം നടത്തിയിരിക്കുന്നത്. പട്നയിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പണം കൈമാറിയത്. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയകുമാർ സിൻഹ എന്നിവരുടെ സാന്നിധ്യത്തിലാണ് പണം കൈമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. സെപ്റ്റംബർ 26ന്, സമാനരീതിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിഹാറിലെ 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപവീതം 7,500 കോടി രൂപ വിതരണം ചെയ്തിരുന്നു. സംസ്ഥാനത്തെ തൊഴിൽരഹിതരായ വനിതകൾക്ക് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള പ്രാഥമിക സഹായധനം എന്നപേരിലാണ് ഇത്തരത്തിൽ മൊത്തം പതിനായിരം കോടി രൂപ ഒരുകോടി വനിതാ വോട്ടർമാർക്കിടയിൽ വിതരണം ചെയ്തത്. ഒക്ടോബർ എട്ടിന് കൂടുതൽ വനിതകൾക്കിടയിൽ പണവിതരണം നടത്തുമെന്നും നിതീഷ്‌കുമാർ വാഗ്ദാനം ചെതിട്ടുമുണ്ട്. ഇത് ആദ്യഗഡു പണവിതരണമാണെന്നും ബിസിനസ് പുരോഗതി വിലയിരുത്തി ആറുമാസത്തിനുശേഷം അർഹരായവർക്ക് രണ്ടുലക്ഷം രൂപ തുടർസഹായമായി നൽകുമെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബിഹാറിലെ വനിതകൾക്ക് ഉറപ്പുനല്കിയിട്ടുമുണ്ട്. ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ പരിശീലനമോ അവർക്കാവശ്യമായ മാർഗനിർദേശം നൽകാൻ പര്യാപ്തമായ സംവിധാനങ്ങളോ കൂടാതെ വൻതോതിൽ പണം വനിതാവോട്ടർമാർക്കിടയിൽ വ്യാപകമായി വിതരണം ചെയ്യുന്നതിന്റെ ലക്ഷ്യം പകൽപോലെ വ്യക്തമാണ്. ഐ എസ്ആർ അഥവാ തീവ്ര വോട്ടർപട്ടിക പരിശോധനയിലൂടെ നടന്ന വോട്ടർമാരെ വെട്ടിനിരത്തിയതുകൊണ്ടും മറ്റുപലയിടത്തും പരീക്ഷിച്ചുവിജയിച്ച ‘വോട്ട് ചോരി’ കൊണ്ടും മാത്രം ബിഹാറിൽ എൻഡിഎ മുന്നണിക്ക് അധികാരം നിലനിർത്താൻ കഴിയില്ലെന്ന തിരിച്ചറിവാണ് വനിതാ തൊഴിൽ പദ്ധതിയുടെ പേരിൽ പണംനല്കി വോട്ടുപിടിക്കാനുള്ള കുടിലതന്ത്രം.
തീവ്ര വോട്ടർപട്ടിക പരിശോധന ഉയർത്തിയ വൻവിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിന്റെ സാധുതയും തെരഞ്ഞെടുപ്പ് കമ്മിഷൻ അതിനായി അവലംബിച്ച രീതിയും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഐഎസ്ആർ ഇടക്കാല ഉത്തരവിലൂടെ നിർത്തിവയ്ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയിൽ കോടതി പൂർണ സംതൃപ്തിയിലല്ല എന്നത് വ്യക്തമാണ്. വോട്ടർപട്ടികയിൽ നിന്നും നീക്കംചെയ്യപ്പെട്ട ഏതാണ്ട് 69 ലക്ഷം പേരുടെ കാര്യത്തിൽ പുനഃപരിശോധനയ്ക്ക് കോടതി നിർദേശിക്കുകയും വോട്ടറുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആധാർ തെളിവായി സ്വീകരിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. എന്നിട്ടും വോട്ടർപട്ടിക സംബന്ധിച്ച അവ്യക്തകളും ദുരൂഹതകളും തുടർന്നും നിലനിൽക്കുന്നു. മുസ്ലിം ന്യുനപക്ഷങ്ങളും ദളിതർ, ആദിവാസികൾ തുടങ്ങി അധഃസ്ഥിത ജനവിഭാഗങ്ങളും ഇപ്പോഴും കൂട്ടത്തോടെ പട്ടികയ്ക്ക് പുറത്താണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടന വിഭവനംചെയ്യും പോലെയോ ജനങ്ങൾ പ്രതീക്ഷിക്കുന്നതുപോലെയോ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത്. കമ്മിഷൻ നരേന്ദ്ര മോഡി സർക്കാരിന്റെ വിശ്വസ്ത വിധേയത്വത്തിലാണെന്നത് അങ്ങാടിപ്പാട്ടാണ്. ഐ എസ് ആറിന് എതിരായ കേസിൽ സുപ്രീം കോടതിയുടെ അന്തിമവിധി എന്തായിരിക്കുമെന്ന ആശങ്ക ബിജെപി, എൻഡിഎ വൃത്തങ്ങളെ സ്വാഭാവികമായും അലട്ടുന്നുണ്ടാവണം. ബിജെപിയുടെയും അതിന്റെ ഇപ്പോഴത്തെ സർവാധിപതി നരേന്ദ്ര മോഡിയുടെയും അപ്രതിരോധ്യത കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽത്തന്നെ പഴങ്കഥയായി മാറിയിരുന്നു. സഖ്യകക്ഷികളുടെ ഔദാര്യത്തിലാണ് ഇപ്പോൾ മോഡി അധികാരം നിലനിർത്തുന്നത്. ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ്‌കുമാറിനെയും എൻഡിഎയെയും അധികാരത്തിൽ നിലനിർത്തുകയെന്നത് കനത്ത വെല്ലുവിളിയാണ്. അതിന് ഐഎസ്ആറും വോട്ടുചോരിയും മാത്രം പോര. അതിനുള്ള പുതിയ തന്ത്രമാണ് മുഖ്യമന്ത്രി മഹിളാ റോജ്ഗാർ യോജനയുടെ പേരിൽ ഖജനാവിലെ പണമൊഴുക്കി വോട്ട് വിലയ്ക്കെടുക്കാനുള്ള പുതിയ നീക്കം. ഇതിലൂടെ ഒരിക്കൽക്കൂടി മോഡിയും പ്രഭൃതികളും അഴിമതിയുടെ ദേശസാൽക്കരണമാണ് നടത്തിയിരിക്കുന്നത്.
രാജ്യംകണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായ വയനാട്ടിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും അവരുടെ തകർന്നുപോയ ജീവിതങ്ങളെ ചേർത്തുപിടിക്കാനും കേരളം ആവശ്യപ്പെട്ട സഹായത്തിന് പകരം, ഒരു വർഷത്തിനുശേഷം, നക്കാപ്പിച്ച നൽകിയ അതെ കേന്ദ്രസർക്കാരാണ് വോട്ട് വിലയ്ക്കെടുക്കാൻ പൊതുഖജനാവിൽനിന്ന് പണമൊഴുക്കുന്നത്. ഒരുകോടിയിലധികം പാവപ്പെട്ട സ്ത്രീകൾക്ക് പണം നൽകുന്നതിനെ പരസ്യമായി എതിർക്കാൻ ബിഹാറിലെ പ്രതിപക്ഷപാർട്ടികൾക്ക് കഴിഞ്ഞേക്കില്ല. എന്നാൽ അതിന്റെ പിന്നിലെ അധാർമ്മികതയും സ്പഷ്ടമായ അഴിമതി മനോഭാവവും തുറന്നുകാട്ടപ്പെടണം. വരാൻപോകുന്ന സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ നികുതിദായകരുടെ പണം ചെലവഴിച്ച് വോട്ട് വിലയ്ക്കെടുക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയമായും നിയമപരമായും എന്തുചെയ്യാൻ കഴിയുമെന്നത് പ്രതിപക്ഷ പാർട്ടികളും പൗരസമൂഹവും ഗൗരവമായി ചിന്തിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.